3 ഇന്ത്യക്കാർ ബഹിരാകാശത്തേക്ക്, ചെലവ് 10,000 കോടി; ഗഗൻയാൻ പദ്ധതിക്ക് അനുമതി

ജിഎസ്എൽവി മാർക്ക് 3 (ഫയൽ ചിത്രം).

ന്യൂഡൽഹി∙ 10,000 കോടി രൂപ ചെലവിൽ മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭാ അനുമതി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. 2022നകം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ ബഹിരാകാശത്തേക്ക് സ്വന്തമായി മനുഷ്യരെ അയയ്ക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. 

യുഎസ്എ, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ഇതിനു മുൻപു ബഹിരാകാശത്തേക്ക് മനുഷ്യരെ അയച്ചിട്ടുള്ള മറ്റു രാജ്യങ്ങൾ. കേന്ദ്ര ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല. ഇന്ത്യൻ വ്യോമസേന പൈലറ്റായിരുന്ന രാകേഷ് ശർമയെ സോവിയറ്റ് യൂണിയന്റെ പങ്കാളിത്തത്തോടെയാണ് ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ചത്. ഗഗൻയാൻ പദ്ധതി പ്രകാരം ഐഎസ്ആർഒ തനിച്ചാണ് ഇന്ത്യക്കാരെ ബഹിരാകാശത്തേക്കു വിടുന്നത്. ഐഎസ്ആർഒയുടെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എൽവി മാർക്ക് 3 ഉപയോഗിച്ചായിരിക്കും വിക്ഷേപണം.

ഏഴു ദിവസം ബഹിരാകാശത്തു തങ്ങാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 72–ാം സ്വതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ബഹിരാകാശത്തേക്ക് മനുഷ്യരെ കയറ്റി അയയ്ക്കുന്ന സ്വപ്ന പദ്ധതി പ്രഖ്യാപിച്ചത്. മന്ത്രിസഭാ തിരുമാനങ്ങൾ വിശദീകരിച്ചു കൊണ്ടു കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് നടത്തിയ വാർത്തസമ്മേളനത്തിലാണു പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നൽകിയ കാര്യം അറിയിച്ചത്.

മറ്റു മന്ത്രിസഭാ തീരുമാനങ്ങൾ:

∙ തീരദേശ പരിപാലന, നിയന്ത്രണ നിയമം ഇളവു ചെയ്തു. ഭവനിർമാണത്തിനും താൽക്കാലിക ടൂറിസം പദ്ധതികൾക്കും പ്രയോജനം. ദ്വീപുകൾക്ക് 20 മീറ്റർ നിർമാണ നിരോധന മേഖല.
∙ കൊപ്രയ്ക്കു താങ്ങുവില 2000 രൂപ കൂട്ടി: മിൽ കൊപ്ര ക്വിന്റലിന് 9,521 രൂപ, ഉണ്ട കൊപ്ര 9,920 രൂപ.
∙ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോക്സോ നിയമം കൂടുതൽ കർക്കശമാക്കും.
∙ നാഷനൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ (ആയുർവേദ, സിദ്ധ, യുനാനി) ബില്ലിനും നാഷനൽ കമ്മിഷൻ ഫോർ ഹോമിയോപ്പതി ബില്ലിനും അംഗീകാരം
∙ ഓഹരിവിപണിയിലേക്ക് ഏഴു കേന്ദ്ര ഏഴു പൊതുമേഖലാ സ്ഥാപനങ്ങൾ: റെയിൽ ടെൽ കോർപറേഷൻ, നാഷനൽ സീഡ് കോർപറേഷൻ, ടെലികോം കൺസൽറ്റൻസ്, തെഹ്‌രി ഹൈഡ്രോ കോർപറേഷൻ, വാട്ടർ ആൻഡ് പവർ കൺസൽറ്റൻസി, എഫ്സിഐ ആരവല്ലി, കുതിരമുഖ് അയൺ ഓർ കമ്പനി.