Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടാലികൊണ്ട് വെട്ടി, തല്ലി; തലയിൽ വെടി വച്ചു: ബുലന്ദ്ശഹറിലെ കൊടുംക്രൂരത പുറത്ത്

Subodh Kumar Singh | Bulandshahr mob violence ബുലന്ദ്ശഹറിലെ ആള്‍കൂട്ട അതിക്രമത്തിൽ കൊല്ലപ്പെട്ട സുബോധ്കുമാർ സിങ്.

ബുലന്ദ്ശഹർ∙ ഗോവധവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ പുറത്ത്. വെടിയേൽക്കുന്നതിനു മുന്‍പ് പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് കല്ല്, വടി, കോടാലി എന്നിവ കൊണ്ട് ആക്രമിക്കപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ജീപ്പ് കത്തിക്കാനും ശ്രമമുണ്ടായി.

സുബോധ് കുമാർ വെടിയേറ്റു മരിച്ച സംഭവത്തിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു നിർണായക വിവരങ്ങൾ പൊലീസ് പുറത്തുവിട്ടത്. ആറുമാസം മുൻപു വരെ ഡൽഹിയിൽ ഒല ടാക്സി ഡ്രൈവറായിരുന്ന പ്രശാന്ത് നട്ട് ആണ് കേസിലെ പ്രധാന പ്രതി. വ്യാഴാഴ്ച ഗ്രേറ്റർ നോയ്ഡയിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. സുബോധ് കുമാറിനെ വെടിവച്ചതായി ഇയാൾ സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു.

വനത്തിനുസമീപം പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നുണ്ടായ സംഘർഷം ശമിപ്പിക്കുന്നതിനായാണു പൊലീസ് സംഘം ബുലന്ദ്ശഹറിൽ എത്തുന്നത്. എന്നാൽ സുബോധ് കുമാറിനെതിരെ അവിടെയുണ്ടായിരുന്ന ആൾക്കൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നു. നാനൂറോളം പേർ കല്ലും വടിയുമുപയോഗിച്ചു പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് 20 മീറ്റർ മാത്രം അകലെയുണ്ടായ സംഘർഷത്തിനുശേഷം ബജ്‍റംഗ്ദൾ നേതാവായ യോഗേഷ് രാജ് ഒളിവിൽപ്പോയിരിക്കുകയാണ്. ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിച്ച സംഭവത്തിൽ കലുവ എന്നയാളെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കോടാലി ഉപയോഗിച്ച് വെട്ടി, പോയിന്റ് ബ്ലാങ്കിൽ വെടിയുതിർത്തു

ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചപ്പോൾ കോടാലി ഉപയോഗിച്ച് കലുവ ആക്രമിക്കുകയായിരുന്നു. വിരൽ മുറിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അക്രമികൾ ഇയാളെ അടുത്തുള്ള വയലിലേക്കു വലിച്ചിഴച്ചു. ശേഷം പ്രശാന്ത് നട്ട് സർവീസ് റിവോൾവർ ഉപയോഗിച്ച് സുബോധ് കുമാർ സിങ്ങിനു നേരെ വെടിയുതിർക്കുകയായിരുന്നു. എന്നാൽ അപ്പോഴും ക്രൂരത അവസാനിച്ചിരുന്നില്ല.

മറ്റു പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആൾക്കൂട്ടം വടിയുപയോഗിച്ച് ഇൻസ്പെക്ടറെ അടിക്കുന്നതു തുടർന്നു. സുബോധ് കുമാറിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി ജീപ്പിൽ കയറ്റിയെങ്കിലും വാഹനത്തിനു നേരെയും കല്ലേറുണ്ടായി. ഇതേതുടർന്നു മറ്റു പൊലീസ് ഉദ്യോഗസ്ഥർ ഇവിടെനിന്നു രക്ഷപ്പെട്ടു. ആൾക്കൂട്ടം വാഹനത്തിനു തീ വയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം തിരികെയെത്തി സുബോധ് കുമാറിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സുബോധ് കുമാറിന്റെ ഇടത്തേ പുരികത്തിനു മുകളിലാണു വെടിയേറ്റതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കയ്യിലും കാലിലുമായി നിരവധി പരുക്കുകളും കണ്ടെത്തി. 27 പേരെ പ്രതികളാക്കിയാണു പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയതത്. സംഭവത്തിൽ പിടിയിലായ സൈനികോദ്യോഗസ്ഥനുൾപ്പെടെ ഇതിൽപെടുമെങ്കിലും പ്രശാന്ത് നട്ടിന്റെ പേര് എഫ്ഐആറില്‍ ഉണ്ടായിരുന്നില്ല. എന്നാൽ പ്രശാന്ത് കേസിലെ മുഖ്യപ്രതിയാണെന്നു വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾതന്നെ വ്യക്തമായെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

related stories