ലഹോർ∙ ആകാശത്തോളം വലിയ സ്വപ്നം കാണണം, ഉന്നത വിദ്യാഭ്യാസം നേടണം, പരീക്ഷകളിൽ മിടുക്ക് പ്രകടിപ്പിക്കണം... അങ്ങനെ പല കടമ്പകൾ കടന്നാലെ പൊതുവെ ആകാശയാനങ്ങൾ പറത്താനുള്ള അവസരം കിട്ടൂ. എന്നാൽ പാക്കിസ്ഥാനിൽ ഇത്തരം ‘തടസ്സങ്ങൾ’ ഒന്നുമില്ല. പത്താം ക്ലാസ് പാസാകാത്തവരാണു പാക്കിസ്ഥാനിൽ പൈലറ്റുമാരായി ജോലി നോക്കുന്നത്!
രാജ്യത്തെ ദേശീയ വിമാനക്കമ്പനി പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് (പിഐഎ) സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. പിഐഎയിലെ ഏഴ് ഉദ്യോഗസ്ഥരുടെ അക്കാദമിക് രേഖകൾ വ്യാജമായിരുന്നു. അഞ്ച് പൈലറ്റുമാർ 10ാം തരം പോലും പാസായിട്ടില്ല. രേഖകൾ ഹാജരാക്കാതിരുന്ന 50 ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി പിഐഎ കോടതിയെ അറിയിച്ചു.
മെട്രിക്കുലേഷൻ ജയിച്ചിട്ടില്ലാത്ത, ബസ് പോലും ഓടിക്കാൻ വശമില്ലാത്തവരാണ് ആയിരക്കണക്കിനു യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി വിമാനം പറത്തുന്നത്– ജസ്റ്റിസ് ജസുൽ അഹ്സൻ ആശ്ചര്യപ്പെട്ടതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. ജൂൺ അവസാനത്തോടെ നഷ്ടം 36,000 കോടിയിലെത്തിയ പിഐഎയെ രക്ഷിക്കാൻ മാറിവരുന്ന സർക്കാരുകൾക്കു സാധിച്ചിട്ടില്ല.