മുത്തലാഖ് ബിൽ വോട്ടെടുപ്പ്: കുഞ്ഞാലിക്കുട്ടി വിട്ടുനിന്നത് പാർ‌ട്ടി ചർച്ച ചെയ്യുമെന്ന് ഹൈദരലി തങ്ങൾ

hyderali-shihab-thangal
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.

മലപ്പുറം∙ മുത്തലാഖ് ബിൽ വോട്ടെടുപ്പിൽനിന്നു പി.കെ. കുഞ്ഞാലിക്കുട്ടി എംപി വിട്ടുനിന്നതു പാർ‌ട്ടി ചർച്ചചെയ്യുമെന്നു മുസ്‌ലിം ലീഗ് ദേശീയ രാഷ്‌ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ലഭിച്ചിട്ടില്ല. അദ്ദേഹവുമായി സംസാരിച്ചിട്ടില്ലെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.

വിഷയത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടിയോടു വിശദീകരണം തേടിയിരുന്നതായി ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നത് എന്തുകൊണ്ടാണെന്നു വിശദമാക്കണമെന്നു ഹൈദരലി തങ്ങൾ നിർദേശിച്ചുവെന്നാണു സാദിഖലി തങ്ങൾ വ്യക്തമാക്കിയത്. ഇതാണ് ഇപ്പോൾ ഹൈദരാലി തങ്ങൾ നിഷേധിച്ചത്.

മുത്തലാഖ് ബിൽ ചർച്ചയും വോട്ടെടുപ്പും നടന്നപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിൽ ഇല്ലാതിരുന്നതിനെച്ചൊല്ലി വിവാദമയുർന്നിരുന്നു. നിർണായകഘട്ടത്തിൽ ലീഗ് എംപി മുങ്ങിയെന്നും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടമെമെന്ന വാഗ്ദാനം പാഴായെന്നുമാണ് ഇടതുപക്ഷ വിമർശനം.