തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയില്‍ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് അന്വേഷണ കമ്മിഷന്റെ ക്ലീൻചിറ്റ്. പദ്ധതിയിൽ ആരും അഴിമതി നടത്തിയിട്ടില്ലെന്ന് കമ്മിഷൻ അറിയിച്ചു. രാഷ്ട്രീയ ദുരുപയോഗവും നടന്നിട്ടില്ല. പദ്ധതിയുമായി മുന്നോട്ടു പോകാം. ഇക്കാര്യങ്ങൾ പരാമർശിച്ച് ജസ്റ്റിസ് പി.എൻ. രാമചന്ദ്രൻ കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറി.
വൈകിട്ട് 4നാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. മുൻ തുറമുഖ വകുപ്പ് സെക്രട്ടറി കെ. മോഹന്‍ദാസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സര്‍വീസിൽനിന്നു വിരമിച്ച പി.ജെ. മാത്യു എന്നിവരാണു കമ്മീഷൻ അംഗങ്ങൾ. വിഴിഞ്ഞം തുറമുഖ നിർമാണ കരാർ സംസ്ഥാനത്തിനു കനത്ത നഷ്ടം വരുത്തി വച്ചതായുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടാണ് കമ്മിഷൻ പ്രധാനമായും പരിശോധിച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ തുറമുഖ വകുപ്പ് സെക്രട്ടറി ജയിംസ് വർഗീസ്, വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതർ, പി.സി. ജോർജ് എംഎൽഎ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ എന്നിവരും കമ്മിഷനു മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്.