‘അന്നു സഹായിച്ച ആളാണ്’; രണ്ട് മണിക്കൂറിൽ ചന്ദ്രനെ കോടീശ്വരനാക്കിയ സ്മിജയുടെ വാക്ക്
കൊച്ചി ∙ ‘ആറു കോടി രൂപയുടെ സമ്മാനമടിച്ച ലോട്ടറി ചന്ദ്രൻ ചേട്ടന്റെ വീട്ടിൽ കൊടുത്ത് തിരിച്ചു വരുമ്പോൾ സ്വന്തം ബാഗിലുണ്ടായിരുന്നത് 30 രൂപ മാത്രമാണ്..’ – ഇതു.. Kerala Lottery Results
കൊച്ചി ∙ ‘ആറു കോടി രൂപയുടെ സമ്മാനമടിച്ച ലോട്ടറി ചന്ദ്രൻ ചേട്ടന്റെ വീട്ടിൽ കൊടുത്ത് തിരിച്ചു വരുമ്പോൾ സ്വന്തം ബാഗിലുണ്ടായിരുന്നത് 30 രൂപ മാത്രമാണ്..’ – ഇതു.. Kerala Lottery Results
കൊച്ചി ∙ ‘ആറു കോടി രൂപയുടെ സമ്മാനമടിച്ച ലോട്ടറി ചന്ദ്രൻ ചേട്ടന്റെ വീട്ടിൽ കൊടുത്ത് തിരിച്ചു വരുമ്പോൾ സ്വന്തം ബാഗിലുണ്ടായിരുന്നത് 30 രൂപ മാത്രമാണ്..’ – ഇതു.. Kerala Lottery Results
കൊച്ചി ∙ ‘ആറു കോടി രൂപയുടെ സമ്മാനമടിച്ച ലോട്ടറി ചന്ദ്രൻ ചേട്ടന്റെ വീട്ടിൽ കൊടുത്ത് തിരിച്ചു വരുമ്പോൾ സ്വന്തം ബാഗിലുണ്ടായിരുന്നത് 30 രൂപ മാത്രമാണ്..’ – ഇതു പറയുമ്പോൾ ചുണങ്ങംവേലിയിൽ വഴിയോരത്ത് ലോട്ടറി ടിക്കറ്റ് വിൽപന നടത്തുന്ന സ്മിജയുടെ വാക്കുകളിൽ നഷ്ടബോധം ഒട്ടുമില്ല. സത്യസന്ധത തെളിയിക്കാൻ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്തെന്ന തോന്നലുമില്ല.
ചെറിയ സമ്മാനങ്ങൾ അടിക്കുമ്പോൾ സാധാരണ ചെയ്യുന്ന കാര്യം മാത്രമായിരുന്നു ഇതെന്നും ചിരിച്ചുകൊണ്ട് അവർ പറയുന്നു. നേരത്തെ പലപ്രാവശ്യം ഒരു ലക്ഷം രൂപയൊക്കെ ലോട്ടറിയടിച്ചിട്ടുണ്ട് സ്മിജ വിറ്റ ടിക്കറ്റുകൾക്ക്. സീരിയൽ നമ്പർ മാറിപ്പോയതുകൊണ്ടു മാത്രം ഒരു കോടിയുടെ ഒന്നാം സമ്മാനം നഷ്ടപ്പെട്ട അനുഭവവുമുണ്ട്.
ചോദിച്ചു വാങ്ങിയ നമ്പർ
‘സാധാരണ ഉച്ചയാകുമ്പോഴേക്ക് കയ്യിലുള്ള ടിക്കറ്റുകൾ വിറ്റുതീരേണ്ടതാണ്. അന്ന് ഉച്ചയ്ക്ക് 12.50 ആയിട്ടും ടിക്കറ്റുകൾ തീർന്നിട്ടില്ല. സാധാരണ അങ്ങനെ വന്നാൽ ചെയ്യാറുള്ളതുപോലെ പലരെയും വിളിച്ചിരുന്നു. ചന്ദ്രൻ ചേട്ടനെയും വിളിച്ചു ടിക്കറ്റ് വേണോ എന്നു ചോദിച്ചു. 6142 മതി, എടുത്തു വച്ചോളാൻ പറഞ്ഞു.
അതിന്റെ പടമെടുത്ത് വാട്സാപ്പിൽ അയച്ചു കൊടുക്കുകയും ചെയ്തു. സാധാരണ തിങ്കളാഴ്ചകളിൽ കമ്പനിയിൽ ചെല്ലുമ്പോഴാണ് കാണാറുള്ളത്. അന്ന് ടിക്കറ്റ് തീർത്ത് കളമശേരിയിൽ പോകണമായിരുന്നു. അവിടെ നിൽക്കുമ്പോഴാണ് ലോട്ടറി ഏജൻസിയിലെ ചേട്ടൻ വിളിച്ചിട്ട് ചേച്ചിക്കാണ് ഫസ്റ്റ് പ്രൈസ് എന്നു പറയുന്നത്.
ആദ്യം വിശ്വസിക്കാതെ കോള്‍ കട്ടു ചെയ്തു. വീണ്ടും വിളിച്ച് പറഞ്ഞപ്പോഴാണ് വിശ്വസിച്ചത്. വണ്ടിയിൽ നോക്കിയപ്പോൾ കയ്യിൽ ടിക്കറ്റുണ്ട്. എല്ലാം വിറ്റതായതിനാൽ ആരുടേതാണെന്നറിയാനാണ് വാട്സാപ് നോക്കിയത്. ചന്ദ്രൻ ചേട്ടൻ പറഞ്ഞ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.
ചേട്ടനെ വിളിച്ചു പറഞ്ഞപ്പോൾ ചേട്ടനത് വിശ്വസിച്ചില്ല. സത്യമാണോ സത്യമാണോ എന്ന് ചോദിച്ചു. കളമശേരിയിൽനിന്നു തിരികെ വരുമ്പോൾ ചേട്ടന്റെ വീട്ടിലെത്തി ടിക്കറ്റ് കൊടുക്കുകയായിരുന്നു. അവിടെ ചെല്ലുമ്പോൾ എല്ലാവരും കരയുകയായിരുന്നു. ചേട്ടനും കണ്ണൊക്കെ നിറഞ്ഞാണു സംസാരിച്ചത്...’
‘എത്ര കിട്ടും?’ എല്ലാവർക്കും അറിയേണ്ടത്!
ലോട്ടറി അടിച്ചപ്പോൾ മുതൽ എല്ലാവർക്കും അറിയേണ്ടത് എനിക്കെത്ര കമ്മിഷൻ കിട്ടുമെന്നായിരുന്നു. വാർത്ത പുറത്തു വന്നപ്പോൾ മുതൽ ഫോൺ വിളികളുടെ ബഹളമാണ്. സാധാരണ ഉപയോഗിക്കുന്ന ഫോൺ അതുകൊണ്ട് ഓഫാക്കി വച്ചിരിക്കുകയാണ്.
അടുപ്പമുള്ളളവരൊക്കെ ചെലവ് ചോദിച്ചിട്ടുണ്ട്. ലോട്ടറി അടിച്ചതോടെ പുതിയ കുറേ പേർ ലോട്ടറിയെടുക്കാനും വരുന്നുണ്ട്. എല്ലാവരും വന്ന് എന്നെക്കൂടി വാട്സാപ് ഗ്രൂപ്പിൽ ആഡ് ചെയ്യാമോ എന്നാണ് ചോദിക്കുന്നത്. ഇപ്പോൾ ഫോൺ തുറക്കാൻ പറ്റാത്തത്ര മെസേജുകളാണ്. ലോട്ടറി എന്തിനാണ് നീ കൊടുത്തേ എന്നു ചോദിച്ച ഒരുപാടു പേരുണ്ട്.
ഇവിടെ കടയിൽ വന്നവരൊക്കെ അങ്ങനെ ചോദിച്ചിക്കുന്നുണ്ട്. ബന്ധുവായ ഒരു ചേട്ടൻ വിളിച്ചു ചെറുതായി വഴക്കും പറഞ്ഞു– ഇവിടെ ഇത്രയും സത്യസന്ധത പാടില്ലെന്നു പറഞ്ഞ്. അത് ആ ചേട്ടൻ വാങ്ങിയ ടിക്കറ്റായതുകൊണ്ടു കൊടുത്തു എന്നാണ് എല്ലാവരോടും പറഞ്ഞത്.
അദ്ദേഹത്തിന് അവകാശപ്പെട്ടത് അദ്ദേഹത്തിനുതന്നെ കൊടുക്കണ്ടേ? പിന്നെ എനിക്ക് ആ ചേട്ടനോട് അങ്ങനെ ചെയ്യാൻ പറ്റില്ല. ഒരു പ്രാവശ്യം 120 ടിക്കറ്റ് ബാക്കി വന്നപ്പോൾ ആ ചേട്ടനും കൂടെയുള്ളവരും കൂടിയാണ് 50 ടിക്കറ്റെടുത്തത്. രണ്ടു പ്രാവശ്യം അങ്ങനെ എടുത്തിട്ടുണ്ട്. കഴിഞ്ഞ ബംപർ ടിക്കറ്റ് പത്തെണ്ണം എടുത്തിട്ടുണ്ട്. പെട്ടു നിൽക്കുന്ന സമയത്ത് സഹായിച്ചിട്ടുള്ള മനുഷ്യരാണ്. അപ്പോൾ അങ്ങനെ കാണിക്കരുതല്ലോ.
ടിക്കറ്റ് കൊടുത്തതിൽ ഇതുവരെ നഷ്ടബോധം തോന്നിയിട്ടില്ല. സമ്മാനം അടിച്ച ടിക്കറ്റ് കൊടുത്തതിന് ഭർത്താവ് രാജേശ്വരൻ ഒരിക്കൽപോലും കുറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹം കൂടി ഉള്ളപ്പോഴാണ് ചന്ദ്രൻ ചേട്ടനെ ലോട്ടറി അടിച്ച വിവരം വിളിച്ചു പറഞ്ഞത്. സംഭവം അറിഞ്ഞ് നിരവധിപ്പേർ അഭിനന്ദിക്കാനെത്തിയിരുന്നതായും സ്മിജ പറയുന്നു.
വാട്‌സാപ്പിലെ ലോട്ടറിക്കച്ചവടം
2018 മുതൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കി ലോട്ടറി വിൽക്കുന്നുണ്ട്. ദിവസവും കയ്യിൽ വരുന്ന ടിക്കറ്റുകളുടെ നമ്പർ ഗ്രൂപ്പിലിടും. അതു നോക്കി ആവശ്യമുള്ളവർക്ക് ആദ്യം ബുക്കു ചെയ്യാം. അതിന്റെ പൈസ ഗൂഗിൾ പേ വഴി തരും. നാട്ടിലുള്ളവരുടെ കയ്യിൽനിന്നു നേരിട്ടു പോയി വാങ്ങും. ഒറിജിനൽ കയ്യിൽ തന്നെ വയ്ക്കും.
ആദ്യം കീഴ്മാടുള്ള ആളുകളായിരുന്നു ഗ്രൂപ്പിലുണ്ടായിരുന്നത്. പിന്നീട് ഗ്രൂപ്പിലുണ്ടായിരുന്നവർ ചേർത്ത് തമിഴ്നാട്ടിലും കർണാടകയിലും എല്ലാം കസ്റ്റമേഴ്സായി. കേരളത്തിലെ പല ജില്ലകളിലുള്ളവരും ഗ്രൂപ്പിലുണ്ട്. ചെറിയ തുകകൾ അടിച്ചാൽ അത് കലക്ട് ചെയ്ത് അടിച്ചവർക്കു കൊടുക്കും. ആർക്കു സമ്മാനം അടിച്ചാലും കൃത്യമായി കൊടുക്കും.
അതുകൊണ്ട് പതിവുപോലെ അടിച്ച സമ്മാനം കോടുത്തു എന്നതിൽ കവിഞ്ഞ തോന്നലില്ല. ലോട്ടറി വാങ്ങി പണം തരാത്തവർ ഇഷ്ടം പോലെയുണ്ട്. ഇപ്പോൾ തന്നെ 17,000 രൂപ കിട്ടാനുണ്ട്. ചോദിച്ചാൽ അച്ഛനും അമ്മയ്ക്കും ജോലിയുണ്ട് നീ എന്തിനാണ് ലോട്ടറി വിൽക്കാൻ പോകുന്നേ എന്നു ചോദിക്കും. ഇപ്പോൾ ചോദിക്കുമ്പോൾ നിനക്ക് ഇനി എന്തിനാ കാശെന്നു ചോദിക്കുന്നവരുണ്ട്.
കമ്മിഷൻ കാശൊക്കെ കയ്യിൽകിട്ടാൻ രണ്ടു മൂന്നു മാസമെങ്കിലും എടുക്കും. അത്രയും നാൾ ജീവിക്കണ്ടേ..? രണ്ട് ബുക്ക് ലോട്ടറികളുമായി 2011–12ൽ ഇടസമയങ്ങളിൽ തുടങ്ങിയതാണ് കച്ചവടം. കോവിഡ് കാലത്ത് നല്ല ബുദ്ധിമുട്ടിലായാരുന്നു. എല്ലാ പ്രശ്നങ്ങളും കൂടി വന്നത് ആ സമയത്താണ്.
മകനുമായി ആശുപത്രിയിലായിരുന്നു കുറേ ദിവസം. വീടിന്റെ പണി, ജോലി ഇല്ല, അമ്മയുടെ അസുഖം തുടങ്ങി കുറേ കഷ്ടപ്പെട്ടു. കോവിഡ് സമയത്ത് മീൻകച്ചവടം വരെ നടത്തി. വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു അന്നും കച്ചവടം.
വൈറലായതിൽ സന്തോഷമില്ല
‘നിന്റെ സത്യസന്ധത കൊണ്ട് ഫോൺ തുറക്കാൻ വയ്യാതായല്ലോ’ എന്ന് കഴിഞ്ഞ ദിവസം ചേച്ചി വിളിച്ചപ്പോൾ പറഞ്ഞു. എല്ലാവരുടെയും സ്റ്റാറ്റസ് ഞാനായതു കാരണം വാട്സാപ്പിൽ എന്റെ നമ്പരേതാന്നു പോലും അറിയാൻ പറ്റിയില്ലെന്നു ചേച്ചി പറഞ്ഞു.
വൈറലായതിൽ എനിക്ക് ഒരു സന്തോഷവുമില്ല. ഞങ്ങൾക്ക് രണ്ടു പേർക്കും ഇപ്പോ ഒറ്റയ്ക്ക് എങ്ങും പോകാനാവാത്ത അവസ്ഥയായി. ഞങ്ങളുടെ സ്വകാര്യത നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ലോട്ടറി അടിച്ച ചേട്ടൻ വിളിച്ചപ്പോൾ ‘എന്നെക്കാളും വൈറലായില്ലേ നീ..’ എന്നു ചോദിച്ചു.
ജോലി തിരിച്ചു കിട്ടണമെന്നുണ്ട്
കാക്കനാട് കേരള ബുക്ക്സ് ആൻഡ് പബ്ലിഷേഴ്സ് സൊസൈറ്റിയിൽ ദിവസവേതനത്തിന് ലോട്ടറി പാക്കിങ് സെക്‌ഷനിൽ ജോലിയുണ്ടായിരുന്നു സ്മിജയ്ക്കും ഭർത്താവ് രാജേശ്വരനും. കുഞ്ഞിന് സുഖമില്ലാതായതോടെ ലീവെടുക്കേണ്ടി വന്നു. രണ്ടാമത്തെ പ്രസവ സമയത്തും ലീവെടുത്തു.
വീടുപണി തുടങ്ങിയപ്പോൾ ഭർത്താവിനും പലപ്പോഴും ലീവെടുക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ ഒരുതവണ ലീവെടുത്തു ചെന്നപ്പോൾ ജോലിയിൽ പ്രവേശിപ്പിച്ചില്ല. ഓഫിസിലെ സൂപ്പർവൈസർമാരായ രണ്ടു പേർ പരസ്പരം പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ചെറിയ പ്രശ്നങ്ങളുടെ പേരിൽ ജോലിയിൽനിന്ന് പറഞ്ഞു വിടുകയായിരുന്നു.
ഗർഭിണിയായിരിക്കെ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തു. പിന്നെ തിരിച്ചു കയറിയെങ്കിലും ലീവ് കൊടുത്തത് മാറിപ്പോയി എന്നു പറഞ്ഞു പിരിച്ചു വിടുകയായിരുന്നു. എങ്ങനെയെങ്കിലും ആ ജോലി തിരികെ കിട്ടിയാൽ കയറണമെന്നുണ്ടെന്ന് സ്മിജ പറയുന്നു. മകൻ ജഗന് 12 വയസായി തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖമാണ്. മൂന്നു വർഷം തുടർച്ചയായി മരുന്നു കഴിച്ചാൽ അസുഖം മാറുമെന്നാണ് പറഞ്ഞിരിക്കുന്നത്. ആ പ്രതീക്ഷയിലാണുള്ളതെന്നും സ്മിജ പറയുന്നു.
എന്തുകൊടുക്കുമെന്നു പറയാതെ ചന്ദ്രൻ
സംസ്ഥാന സർക്കാരിന്റെ ആറു കോടി രൂപയുടെ ബംപർ ലോട്ടറി അടിച്ച ചക്കംകുളങ്ങര പാലച്ചുവട്ടിൽ പി.കെ.ചന്ദ്രൻ ഇപ്പോഴും തന്റെ ചെടിച്ചട്ടി നിർമാണ കമ്പനിയിൽ പതിവു പോലെ പണിക്കു പോകുന്നുണ്ട്. പണിക്കാരന്റെ പതിവു വേഷത്തിൽനിന്നു യാതൊരു മാറ്റവുമില്ല.
കീഴ്മാടുള്ള ബോസ്കോ എന്ന കളിമൺ കമ്പനി ചന്ദ്രൻ ഉൾപ്പടെ സുഹൃത്തുകളായ ഏഴുപേരുടെ പങ്കാളിത്തത്തിലുള്ളതാണ്. കാണുമ്പോൾ വണ്ടിയിലേക്ക് ലോഡ് കയറ്റുന്ന സഹപ്രവർത്തകർക്കൊപ്പം ലോഡിങ് ജോലിയിലാണ് ചന്ദ്രൻ. രണ്ടു മണിക്കൂർ ഗ്യാപ്പിലാണ് താൻ കോടീശ്വരനായതെന്നു ചന്ദ്രൻ പറയുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് സ്മിജ വിളിച്ചു ലോട്ടറി വേണോ എന്നു ചോദിക്കുന്നു. രണ്ടു മണിക്കൂർ കഴിഞ്ഞ് തനിക്കു സമ്മാനമെന്നു പറഞ്ഞു വിളിക്കുന്നു.
ആദ്യം കളിപ്പിക്കാനാണെന്നു കരുതി. ടിക്കറ്റ് സുരക്ഷിതമായി കയ്യിലുണ്ട്, ചേട്ടൻ പേടിക്കേണ്ട എന്നു പറഞ്ഞു. എനിക്കു വിശ്വാസമാണെന്നു മറുപടി പറഞ്ഞു. വൈകിട്ട് ആ കുട്ടി അച്ഛനും ഭർത്താവിനുമൊപ്പം വീട്ടിൽ വന്നു ടിക്കറ്റ് തരികയായിരുന്നു. അതിന്റെ പൈസ കൊടുത്തു ടിക്കറ്റ് വാങ്ങി. ആ കുട്ടിയിലുള്ള ഒരു വിശ്വാസത്തിലാണ് ടിക്കറ്റ് വാങ്ങുന്നത്. അല്ലായിരുന്നെങ്കിൽ സമ്മാനം അറിഞ്ഞ ഉടൻതന്നെ ഓടിപ്പോയി ടിക്കറ്റ് വാങ്ങുമായിരുന്നല്ലോ.
ലോട്ടറി അടിച്ചതറിഞ്ഞിട്ട് ടെൻഷനുണ്ടോ എന്നു പലരും ചോദിക്കുന്നുണ്ട്, എനിക്ക് ഒരു ടെൻഷനുമില്ല. ആദ്യത്തെ മകളുടെ വിവാഹത്തിലെ കുറച്ചു ബാധ്യതകളുണ്ട്, അതു തീർക്കണം. മകന്റെ പഠനം പൂർത്തിയാക്കണം, രണ്ടാമത്തെ മകളെ വിവാഹം കഴിച്ചയയ്ക്കണം. ഇതൊക്കെയാണ് ചെയ്യാനുള്ളത്.
സ്മിജയെ സഹായിക്കുമോ എന്നു ചോദിക്കുന്നവരോട് ‘വരട്ടെ!’ എന്നാണ് മറുപടി. എങ്ങനെ സഹായിക്കണമെന്ന കാര്യം മനസ്സിലുണ്ട്. ആരോടും പറഞ്ഞിട്ടില്ല. അവരുടെ വീട്ടിലും പ്രശ്നങ്ങളുണ്ട്. കുഞ്ഞുങ്ങൾക്ക് സുഖമില്ല, വീട് പരിതാപകരമാണ്. എന്തു ചെയ്യണമെന്നത് മനസ്സിലുണ്ട്. നമ്മൾ ചെയ്യേണ്ടതാണല്ലോ. പുറത്താരോടും പറഞ്ഞ് ചെയ്യണ്ടതല്ലല്ലോ– ചന്ദ്രൻ ചിരിയോടെ പറയുന്നു.
English Summary: Behind the story of Ernakulam Lottery Seller Smija Who Sold Rs 6 Crore Bumper Ticket Over WhatsApp