പ്രധാനമന്ത്രി ‘കൊക്കയിൽ’ തള്ളിയിട്ട സമ്പദ് വ്യവസ്ഥ; രക്ഷയായി റാവു–മൻമോഹൻ മാജിക്
പുത്തൻ സാമ്പത്തികനയങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയതോടെ ഇന്ത്യ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി. ഉൽപന്നങ്ങളും സേവനങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി. ഇറക്കുമതിച്ചുങ്കങ്ങളും തീരുവകളും പൂർണമായും ഇല്ലാതാവുകയോ നാമമാത്രമാവുകയോ െചയ്തു....Manorama Online
പുത്തൻ സാമ്പത്തികനയങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയതോടെ ഇന്ത്യ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി. ഉൽപന്നങ്ങളും സേവനങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി. ഇറക്കുമതിച്ചുങ്കങ്ങളും തീരുവകളും പൂർണമായും ഇല്ലാതാവുകയോ നാമമാത്രമാവുകയോ െചയ്തു....Manorama Online
പുത്തൻ സാമ്പത്തികനയങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയതോടെ ഇന്ത്യ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി. ഉൽപന്നങ്ങളും സേവനങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി. ഇറക്കുമതിച്ചുങ്കങ്ങളും തീരുവകളും പൂർണമായും ഇല്ലാതാവുകയോ നാമമാത്രമാവുകയോ െചയ്തു....Manorama Online
പാർലമെന്റ് അംഗമല്ലാത്ത പ്രധാനമന്ത്രി, പാർലമെന്റ് അംഗമല്ലാത്ത ധനമന്ത്രി, ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷമില്ലാത്തതിനാൽ കൂട്ടുകക്ഷികളെ ആശ്രയിക്കേണ്ട അവസ്ഥ. രാജ്യമാകട്ടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലും. 1991ൽ പി.വി.നരസിംഹറാവുവിന്റെ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ വലിയ പ്രതീക്ഷകളൊന്നും ആരും വച്ചുപുലർത്തിയിരുന്നില്ല. പക്ഷേ ലൈസൻസ് രാജിലും എൺപതുകളുടെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലും കുടുങ്ങിക്കിടന്ന സമ്പദ്‌വ്യവസ്ഥയുടെ ജാലകങ്ങൾ മാത്രമല്ല, നിയന്ത്രിത–സംരക്ഷണ നയങ്ങളുടെ താഴിട്ടുപൂട്ടിയിരുന്ന വാതിലുകൾ വരെ ലോകത്തിനു മുന്നിലേക്കു തുറന്നിട്ടു ആ സർക്കാർ.
ഡങ്കൽ ഡ്രാഫ്റ്റും ഗാട്ട് കരാറും ഡബ്ല്യുടിഒയും ഒക്കെ സാധാരണക്കാരനു വരെ പരിചിതമായ വാക്കുകളായി. ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം തുടങ്ങിയവ സാധ്യമാക്കിയ പുത്തൻ സാമ്പത്തിക നയങ്ങൾ രാജ്യത്തു നടപ്പായിട്ട് മൂന്നു പതിറ്റാണ്ടായി. ലോകം ഇപ്പോൾ ഡീഗ്ലോബലൈസേഷനിലൂടെ കടന്നുപോകുകയാണോ എന്നു സംശയം തോന്നിപ്പിക്കും വിധം ഒട്ടേറെ സമ്പദ്‌വ്യവസ്ഥകൾ സുരക്ഷിതമായി കളിക്കുന്ന കാലമാണ് ഇത്. അപ്പോഴും കുടം തുറന്നുവിട്ട ഭൂതത്തെപ്പോലെ പൂർണമായും തിരിച്ചുവിളിക്കാനാകാത്ത വിധം ആഗോളവൽക്കരണം ഇവിടെത്തന്നെയുണ്ടാകും.
സോഷ്യലിസ്റ്റ് പ്രേമം
സോഷ്യലിസ്റ്റ് വികസനവഴിയേ ആയിരുന്നു സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ സഞ്ചാരം. നെഹ്‍റുവും പിന്നീട് ഇന്ദിരയുമെല്ലാം അത്തരമൊരു സാമൂഹികക്രമത്തിന്റെ വക്താക്കളായിരുന്നു. സർക്കാർ ആസൂത്രണം, എല്ലാ മേഖലളിലുംതന്നെ പൊതുമേഖലയുടെ ആധിപത്യം, ഇറക്കുമതിക്കു മേൽ ചുമത്തിയിരുന്ന കടുത്ത നിയന്ത്രണം, സംരംഭകത്വത്തെ നിരുൽസാഹപ്പെടുത്തുന്ന ലൈസൻസിങ്, ഭരണത്തിന്റെ ചുവപ്പുനാടകൾ, നികുതി വെട്ടിപ്പ്, അഴിമതി, ധനകമ്മി തുടങ്ങിയവയെല്ലാം കൂടി രാജ്യത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുകയായിരുന്നു.
വളർച്ചാ നിരക്കും വിദേശനാണ്യശേഖരവും തീരെക്കുറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നിർബന്ധിത ആത്മഹത്യയിലേക്കു തള്ളിവിടുകയായിരുന്നു എൺപതുകൾ. വലിയ തോതിൽ മൂലധനനിക്ഷേപം നടത്താൻ വിമുഖരായിരുന്നു വൻകിട കമ്പനികൾ. ഒട്ടും വ്യവസായസൗഹൃദമായിരുന്നില്ല ഇവിടുത്തെ അന്തരീക്ഷം. എന്നാൽ അതിനുമുൻപും കാതലായ സാമ്പത്തികപരിഷ്കരണത്തിന് ഭരണകൂടം ശ്രമിച്ചിരുന്നില്ല. അതീവ കാൽപ്പനികവൽക്കരിക്കപ്പെട്ട സോഷ്യലിസത്തിന്റെ വികസനമാതൃകയെ പിൻപറ്റുകയായിരുന്നു അവർ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നിഷ്ക്കരുണം കൊക്കയിലേക്കു തള്ളിയിട്ടാണ് എട്ടാമത് പ്രധാനമന്ത്രിയായിരുന്നു ചന്ദ്രശേഖർ അധികാരത്തിൽനിന്നു പടിയിറങ്ങിയത്.
റാവു–മൻമോഹൻ മാജിക്
1991ലെ ഗൾഫ് യുദ്ധം വിദേശനാണ്യത്തിന്റെ വരവിൽ വൻ ഇടിവുണ്ടാക്കി. ഭക്ഷ്യക്ഷാമം രൂക്ഷമായി. കയറ്റുമതിയിൽ കനത്ത ഇടിവുണ്ടായി. പണപ്പെരുപ്പം പിടിവിട്ടു കുതിച്ചു. റിസർവ് ബാങ്കിന്റെ കൈവശമുണ്ടായിരുന്ന സ്വർണശേഖരം വിദേശത്തു പണയം വയ്ക്കേണ്ട സ്ഥിതിയുണ്ടായി. മുട്ടിയ വാതിലുകളൊന്നും ഇന്ത്യയ്ക്കു മുന്നിൽ തുറന്നില്ല. പ്രതീക്ഷാനിർഭരമായ ഒന്നും ഇല്ലാതിരുന്ന അക്കാലത്താണ് പ്രധാനമന്ത്രി നരസിംഹ റാവുവും രാഷ്ട്രീയ പരിചയം തെല്ലുമില്ലാതെ ധനമന്ത്രിയായ ഡോ. മൻമോഹൻ സിങ്ങും ചേർന്ന് അദ്ഭുതങ്ങൾ പ്രവർത്തിച്ചത്.
രാജ്യം വലിയ സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നപ്പോൾ ഭരണകൂടം ചെന്നുമുട്ടാത്ത വാതിലുകളില്ലായിരുന്നു. എന്നാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ദുർബലാവസ്ഥ അറിയാമായിരുന്ന രാജ്യാന്തര സാമ്പത്തിക സ്ഥാപനങ്ങൾ ആദ്യമെല്ലാം മുഖം തിരിച്ചു. വലിയ പരിശ്രമങ്ങൾക്കു ശേഷമാണ് ഐഎംഎഫും വേൾഡ് ബാങ്കും സഹായം അനുവദിക്കാൻ തയാറായത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ലോകത്തിനു മുന്നിൽ തുറന്നിടണം എന്നതായിരുന്നു അവർ മുന്നോട്ടുവച്ച ഉപാധികളിലൊന്ന്. അതായതു നമ്മുടെ സാമ്പത്തികനയങ്ങളിൽ ഘടനാപരമായ ഒരു പൊളിച്ചെഴുത്തുതന്നെ ആവശ്യപ്പെട്ടിരുന്നു അത്.
സ്വകാര്യമേഖലയ്ക്കു മേലുണ്ടായിരുന്ന സർക്കാർ കടിഞ്ഞാൺ ദൂരെയെറിയണമെന്നും സ്വതന്ത്രമായ രാജ്യാന്തര വ്യാപാരം അനുവദിക്കണമെന്നുമുള്ള ഉപാധികളും മുന്നോട്ടുവച്ചു. ഈ ഉപാധികളെ പരിമിതിയായിക്കണ്ട് പിൻമാറുന്ന ഭരണാധികാരികളായിരുന്നില്ല റാവുവും മൻമോഹൻ സിങ്ങും എന്നതുകൊണ്ടാണ് കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകൾ കൊണ്ട് സാമ്പത്തികരംഗത്ത് വലിയ കുതിപ്പുകൾ നടത്താൻ ഇന്ത്യയ്ക്കായത്. അല്ലെങ്കിൽ ഇപ്പോൾ അതിദയനീയമായി ഏതെങ്കിലും പരമദരിദ്ര രാജ്യത്തിനു പഠിക്കുകയായിരുന്നേനെ നാം.
വിപ്ലവം കുറിച്ച ബജറ്റ്
1991 ജൂണിൽ കേന്ദ്ര വ്യവസായ സഹമന്ത്രി പി.ജെ.കുര്യൻ ലോക്സഭയിൽ വ്യവസായ നയം അവതരിപ്പിക്കുകയുണ്ടായി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വഴിമാറിനടത്തത്തിന്റെ സൂചനകൾ അതിലുണ്ടായിരുന്നു. മൻമോഹൻ സിങ് അവതരിപ്പിച്ച 91–92 കാലത്തെ ബജറ്റാകട്ടെ അതിനുമുൻപ് ഒരു ധനമന്ത്രിയും നടപ്പാക്കാൻ പോയിട്ട് ആലോചിക്കാൻ പോലും പറ്റാത്തത്ര വിപ്ലവകരമായ സാമ്പത്തിക നവീകരണമാണ് മുന്നോട്ടുവച്ചത്. ജൂലൈ 24നാണ് ചരിത്രം കുറിച്ച ആ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്.
പണപ്പെരുപ്പവും ധനക്കമ്മിയും പോലുള്ളവയെ നിയന്ത്രിക്കാനുള്ള താൽക്കാലിക ഒറ്റമൂലികൾ മാത്രമായിരുന്നില്ല അതിൽ. ഘടനാപരമായ പൊളിച്ചെഴുത്തിനുള്ള ടൂൾകിറ്റായിരുന്നു അത്. ലൈസൻസ് രാജിന്റെ അടിവേരിളക്കും വിധം സമൂലമായിരുന്നു സാമ്പത്തിക പരിഷ്കരണങ്ങൾ. വിദേശമൂലധന നിക്ഷേപവും സാങ്കേതികവിദ്യകളും സ്വാഗതം ചെയ്യുമെന്നും സാമ്പത്തികമേഖല പരിഷ്ക്കരിക്കുമെന്നും ഉൽപാദനം മത്സരാധിഷ്ഠിതമാക്കുമെന്നും ഐഎംഎഫിനു നൽകിയ മെമ്മോറാണ്ടത്തിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങ് പറഞ്ഞിരുന്നു.
രണ്ടാം സ്വാതന്ത്ര്യപ്രഖ്യാപനം
പുത്തൻ സാമ്പത്തികനയങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയതോടെ ഇന്ത്യ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി. ഉൽപന്നങ്ങളും സേവനങ്ങളും അതിർത്തികളെ കൂസാതെ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി. ഇറക്കുമതിച്ചുങ്കങ്ങളും തീരുവകളും പൂർണമായും ഇല്ലാതാവുകയോ നാമമാത്രമാവുകയോ െചയ്തു. ഡിജിറ്റൽ അടക്കമുള്ള സാങ്കേതികവിദ്യകളുടെ കൈമാറ്റവും പങ്കാളിത്തത്തോടെയുള്ള ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കപ്പെട്ടു. മൂലധനം സ്വതന്ത്രമായി പ്രവഹിക്കുന്ന സാഹചര്യമുണ്ടായി. തന്ത്രപ്രധാനമായ ചില മേഖലകളൊഴിച്ചാൽ വിദേശനിക്ഷേപത്തെ പൊതുവെ സ്വാഗതം ചെയ്യുന്ന സ്ഥിതിയുണ്ടായി.
വ്യാപാരനിയന്ത്രണങ്ങളിൽ ഉണ്ടായിരുന്ന കാർക്കശ്യം കുറച്ചു. പുതിയ വ്യവസായ നയം കാതലായ മാറ്റങ്ങൾ മുന്നോട്ടുവച്ചു. വ്യവസായികളുടെ മനംമടുപ്പിച്ചിരുന്ന ലൈസൻസ് വ്യവസ്ഥകൾ കൂടുതൽ ഉദാരമായി. പൊതുമേഖല അടക്കിവാണിരുന്ന ചില മേഖലകൾ സ്വകാര്യമേഖലയ്ക്കു കൂടി തുറന്നുകൊടുത്തതോടെ ആരോഗ്യകരമായ മത്സരങ്ങളുണ്ടായി. കുത്തകനിയമത്തിന്റെ കുത്തകവാഴ്ച അവസാനിച്ചു. ഒരുതരത്തിൽ വലിയൊരു സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു പുത്തൻ സാമ്പത്തിക നയം. പൊതുഖജനാവിലേക്ക് ഇത്തിൾക്കണ്ണികളെപ്പോലെ വേരാഴ്ത്തിയിരുന്ന ലാഭരഹിതങ്ങളായ ചില പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ചു. ചില സ്ഥാപനങ്ങളെ സംയുക്ത സംരംഭങ്ങളാക്കി. വിദേശനാണ്യ നിയമത്തിൽ ഭേദഗതി വരുത്തി.
കുറ്റങ്ങളുണ്ട്, കുറവുകളും
മുതലാളിത്തം നേരിട്ട പ്രതിസന്ധിക്കുള്ള പരിഹാരമായിരുന്നു ആഗോളവൽക്കരണം എന്ന വാദത്തിൽ തീർച്ചയായും കഴമ്പുണ്ട്. പുതിയ വിപണികൾ തുറന്നുകിട്ടേണ്ടത് അവരെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയായിരുന്നു. കടക്കെണിയിലും വളർച്ചാ മുരടിപ്പിലും തൊഴിലില്ലായ്മയിലും ദാരിദ്ര്യത്തിലും കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യ പോലൊരു രാജ്യം അതിനെ ഗുണപരമായി എങ്ങനെ വിനിയോഗിച്ചു എന്നാണു നോക്കേണ്ടത്. അതേസമയം ആഗോളവൽക്കരണം കുറ്റമോ കുറവുകളോ ഇല്ലാത്ത സാമൂഹികക്രമമല്ല മുന്നോട്ടുവയ്ക്കുന്നതെന്നു കാണേണ്ടതുണ്ട്. അതു പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാകണം.
പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ സാമൂഹിക സുരക്ഷിതത്വ പദ്ധതികളില്ലാത്ത ഇന്ത്യ പോലൊരു രാജ്യത്ത് ദരിദ്രരും ഓരങ്ങളിലേക്കു മാറ്റിനിർത്തപ്പെട്ടവരുമായ മനുഷ്യർ ആഗോളവൽക്കരണത്തിന്റെ തിക്തഫലങ്ങൾ തീർച്ചയായും അനുഭവിക്കുന്നുണ്ട്. അതു തിരിച്ചറിയാനും പരിഹരിക്കാനുമുള്ള സത്യസന്ധമായ ശ്രമങ്ങൾ രാജ്യത്തു മാറിമാറി വന്ന സർക്കാരുകളിൽനിന്നു കാര്യമായി ഉണ്ടായില്ല. ചില സൗജന്യങ്ങളും ഇളവുകളും പ്രഖ്യാപിച്ച് പൊടിമറ സൃഷ്ടിക്കാനായിരുന്നു ശ്രമം. സാമ്പത്തികവളർച്ചയുടെ ഗുണങ്ങൾ എല്ലാ ജനങ്ങളിലും എത്തണമെങ്കിൽ അവരെ ആ പ്രക്രിയയിൽ തീർച്ചയായും പങ്കാളികളാക്കേണ്ടതുണ്ട്.
സൗജന്യങ്ങൾ കൊണ്ട് ഒരിക്കലും സാമ്പത്തികാവസര തുല്യത സാധ്യമാക്കാനാവുകയില്ല. അടിസ്ഥാനസൗകര്യ വികസനത്തിന്റെ കാര്യത്തിലാകട്ടെ നാമിപ്പോഴും കാര്യമായി മുന്നേറിയിട്ടുമില്ല. സോഷ്യലിസ്റ്റ് കാൽപ്പനിക സ്വപ്നങ്ങളല്ല ആഗോളവൽക്കരണം ഉയർത്തുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം. അത്തരം സ്വപ്നങ്ങളുടെ പിറകേ പോയ സമ്പദ്‌വ്യവസ്ഥകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഓർമിക്കാൻ കൂടിയുള്ള അവസരമാണ് പുത്തൻ സാമ്പത്തിക നയങ്ങളുടെ ഈ മുപ്പതാം വാർഷികം. അതേപോലെ ഓർക്കേണ്ട മറ്റൊരു കാര്യമുണ്ട്. അവസരതുല്യതയാണ് ആഗോളവൽക്കരണത്തിലൂടെ മുന്നോട്ടുവയ്ക്കപ്പെടേണ്ടത്. ഇന്ത്യയിൽ അതുപക്ഷേ ചങ്ങാത്ത മുതലാളിത്തം മാത്രമായി പലപ്പോഴും ചുരുങ്ങുന്നു എന്നതും കാണാതിരുന്നുകൂടാ.
English Summary: 30 Years of Indian Economic Liberalisation by Manmohan Singh and PV Narasimha Rao