‘ദൃശ്യം മോഡൽ കൊലകള്, ലഹരിക്ക് മഹത്വം; ഇവ പ്രോത്സാഹിപ്പിക്കുന്നത് സിനിമകൾ’
രാജാ രവി വർമയുടെ ചിത്രത്തെപ്പോലെയോ മറ്റു ക്ലാസിക് കൃതികളിലെ പോലെയോ ഉള്ള ഭാവനയല്ല ഇത്തരം സിനിമകൾ പങ്കു വയ്ക്കുന്നത്. അവിടെയാണ് എന്റെ വിയോജിപ്പ്. ദൃശ്യം സിനിമയിലേക്കു തന്നെ വരാം. എന്താണതിലെ പ്രമേയം? ഒരു കുറ്റകൃത്യം നടക്കുന്നു. പിന്നീട് അതിന്റെ തെളിവുകൾ വിദഗ്ധമായി മറച്ചു പിടിക്കാനോ T.P. Senkumar
രാജാ രവി വർമയുടെ ചിത്രത്തെപ്പോലെയോ മറ്റു ക്ലാസിക് കൃതികളിലെ പോലെയോ ഉള്ള ഭാവനയല്ല ഇത്തരം സിനിമകൾ പങ്കു വയ്ക്കുന്നത്. അവിടെയാണ് എന്റെ വിയോജിപ്പ്. ദൃശ്യം സിനിമയിലേക്കു തന്നെ വരാം. എന്താണതിലെ പ്രമേയം? ഒരു കുറ്റകൃത്യം നടക്കുന്നു. പിന്നീട് അതിന്റെ തെളിവുകൾ വിദഗ്ധമായി മറച്ചു പിടിക്കാനോ T.P. Senkumar
രാജാ രവി വർമയുടെ ചിത്രത്തെപ്പോലെയോ മറ്റു ക്ലാസിക് കൃതികളിലെ പോലെയോ ഉള്ള ഭാവനയല്ല ഇത്തരം സിനിമകൾ പങ്കു വയ്ക്കുന്നത്. അവിടെയാണ് എന്റെ വിയോജിപ്പ്. ദൃശ്യം സിനിമയിലേക്കു തന്നെ വരാം. എന്താണതിലെ പ്രമേയം? ഒരു കുറ്റകൃത്യം നടക്കുന്നു. പിന്നീട് അതിന്റെ തെളിവുകൾ വിദഗ്ധമായി മറച്ചു പിടിക്കാനോ T.P. Senkumar
സമീപകാലത്ത് ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ ലഭിച്ച ഒരു പരാതി. ബിന്ദുകുമാർ എന്ന യുവാവിനെ കാണാനില്ലെന്നു കാണിച്ച് സഹോദരനാണു പൊലീസിനെ സമീപിച്ചത്. അതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഒരു ബൈക്ക് കോട്ടയം വാകത്താനത്തെ ഒരു തോട്ടിൽ നിന്നു കണ്ടെടുത്തത്. അതു കാണാതായ ബിന്ദുകുമാറിന്റേതാണെന്ന് ചിങ്ങവനം പൊലീസ് ഉറപ്പിച്ചു. തുടർന്നുള്ള അന്വേഷണം എത്തിച്ചേർന്നത് ചങ്ങനാശേരി എസി കോളനിയിൽ ഒരു വീട്ടിലേക്കാണ്. അവിടത്തെ വീട്ടുകാർ സ്ഥലംവിട്ടിരുന്നു. ഒരു ഷെഡിന്റെ തറ തുരന്ന് കോൺക്രീറ്റ് ചെയ്തതായും പൊലീസിനു വിവരം ലഭിച്ചു. മറ്റൊരു സംഭവം 2022 മാർച്ച് 19നാണ്. തൃശൂരിലെ ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാബു എന്ന യുവാവിനെ കാണാതായി . ഈ പരാതിയുമായി സഹോദരൻ സാബുവാണ് പൊലീസിനെ സമീപിച്ചത്. ബാബുവിന്റെ ഇരു ചക്ര വാഹനം വീട്ടിൽത്തന്നെയുണ്ടായിരുന്നു. ഫോൺ സ്വിച് ഓഫ് ആയിരുന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം വീടിന്റെ മുന്നൂറു മീറ്റർ ആകലെയുള്ള പാടത്തിനു സമീപത്തുനിന്ന് കുഴിച്ചു മൂടിയ നിലയിൽ ഒരു മൃതദേഹം നാട്ടുകാർ കണ്ടെത്തി. കൈയിലെ പച്ചകുത്തിയ പാടിൽ നിന്നു മൃതദേഹം ബാബുവിന്റേതാണെന്നു തിരിച്ചറിഞ്ഞു. അന്വേഷണം എത്തി നിന്നത് സഹോദരനിലേക്കുതന്നെ. അമ്മയെ നിരന്തരം മർദിച്ചിരുന്നതിൽ പ്രതിഷേധിച്ചാണു കൊലപാതകമെന്ന് സാബു സമ്മതിച്ചതായാണ് മൊഴി. മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ ദൃശ്യം സിനിമ പങ്കുവച്ചത് സമാനമായ ഒരു പ്രമേയമാണ്. ശല്യക്കാരനായ ഒരു യുവാവ് യാദൃശ്ചികമായി കൊല്ലപ്പെടുകയും അതിന്റെ തെളിവുകൾ കഥാനായകനും കുടുംബവും വിദഗ്ധമായി ഒളിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് രണ്ടു ഭാഗങ്ങളിലും സിനിമ മുന്നേറുന്നത്. ഈ സിനിമയുടെ പ്രമേയത്തിനെതിരെ ശക്തമായി പ്രതികരിച്ചത് മുൻ ഡിജിപി ടി.പി. സെൻകുമാറാണ്. സൈബർ ഇടങ്ങളിൽ നിന്നുവരെ ശക്തമായ വിമർശനങ്ങളാണ് അദ്ദേഹത്തിനെതിരെയുണ്ടായത്. ദൃശ്യം മോഡൽ കൊലപാതകങ്ങൾ കേരളത്തിൽ പലയിടത്തും ഇപ്പോൾ ആവർത്തിക്കുകയാണ്. ഈ സിനിമയിലുൾപ്പെടെ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങൾ നൽകുന്ന സന്ദേശങ്ങളെന്ത്? കേസന്വേഷണങ്ങളിലെ മികവ് സൂക്ഷിക്കാൻ കേരള പൊലീസിനു കഴിയുന്നുണ്ടോ? മികച്ച രീതിയിൽ അന്വേഷിക്കുന്ന കേസുകൾ പോലും കോടതിയിൽ പരാജയപ്പെടുന്നത് എന്തുകൊണ്ട്? ഈ വിഷയങ്ങളിൽ ടി.പി. സെൻകുമാർ മനോരമ ഓൺലൈൻ പ്രീമിയം അഭിമുഖ പരമ്പരയായ ‘ദ് ഇൻസൈഡ’റിനോടു സംസാരിക്കുന്നു.
∙ ‘ക്രിമിനൽ വാസനയെ പ്രോത്സാഹിപ്പിക്കലാകരുത് സിനിമ’
ദൃശ്യം സിനിമയുടെ പ്രമേയത്തിനെതിരെയാണ് ഞാൻ വിമർശനം ഉയർത്തിയത്. സിനിമയുൾപ്പെടെയുള്ള എല്ലാ കലാരൂപങ്ങളുടെയും ഉള്ളടക്കം അതിന്റെ ഭാവനയാണ്. അത് ആവിഷ്കാര സ്വാതന്ത്ര്യമാണെന്നു വാദിക്കുകയുമാകാം. എന്നാൽ രാജാ രവി വർമയുടെ ചിത്രത്തെപ്പോലെയോ മറ്റു ക്ലാസിക് കൃതികളിലെ പോലെയോ ഉള്ള ഭാവനയല്ല ഇത്തരം സിനിമകൾ പങ്കു വയ്ക്കുന്നത്. അവിടെയാണ് എന്റെ വിയോജിപ്പ്. ദൃശ്യം സിനിമയിലേക്കു തന്നെ വരാം. എന്താണതിലെ പ്രമേയം? ഒരു കുറ്റകൃത്യം നടക്കുന്നു. പിന്നീട് അതിന്റെ തെളിവുകൾ വിദഗ്ധമായി മറച്ചു പിടിക്കാനോ ഇല്ലാതാക്കാനോ അതിലെ നായകൻ കാണിക്കുന്ന മികവിനാണ് കൈയടി കിട്ടുന്നത്. ഒരു കുറ്റകൃത്യം മറച്ചു പിടിപ്പിക്കുന്നതും തെളിവു നശിപ്പിക്കുന്നതുമൊക്കെ നിയമവാഴ്ച നില നിൽക്കുന്ന സമൂഹത്തിന് എങ്ങനെ അംഗീകരിക്കാനാകും. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കു മുന്നിൽ പുതിയ ഒരു മാതൃക അവതരിപ്പിക്കുകയാണ് ഈ സിനിമ. ഇതിലെ ഒരു രംഗമുണ്ട്.
കൊലപാതകത്തിനു ശേഷം അതിന് ഇരയായ ആളുടെ മൊബൈൽ ഫോൺ ചരക്കു ലോറിയിലെടുത്ത് ഇടുന്നു. കാണാതായ ആളുടെ മാതാപിതാക്കൾ ടവർ ലൊക്കേഷൻ നോക്കുമ്പോൾ പല സ്ഥലങ്ങൾ കാണിക്കുന്നു. ഇതു പോലെ ഒരു സംഭവം പിന്നീടു നടന്നു. ആ കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാൾ ഫോൺ ട്രെയിനിലാണ് ഇട്ടത്. സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളാണ് സിനിമയിൽ പകർത്തുന്നതെന്ന ഒരു വാദമുണ്ട്. അത് അംഗീകരിക്കാനാവില്ല. സമൂഹത്തിൽ ക്രിമിനൽ വാസന ശക്തിപ്പെടുകയാണ്. അത്തരത്തിലുള്ളവർക്ക് അനുകരിക്കാവുന്ന ധാരാളം സിനിമകളുണ്ട്. എങ്ങനെ കുറ്റകൃത്യങ്ങൾ വിദഗ്ധമായി നടപ്പിലാക്കാമെന്ന് സൈബർ ഇടങ്ങളിൽ അന്വേഷിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. അവരെ പ്രചോദിപ്പിക്കുന്ന ധാരാളം സിനിമകൾ പല ഭാഷകളിലും ലഭ്യമാണ്. നേരത്തെ ഇത്തരം മാതൃകകൾ എളുപ്പത്തിൽ കിട്ടുമായിരുന്നില്ല.
ദൃശ്യമെന്ന ഒരു സിനിമയെ കുറിച്ചു മാത്രമല്ല ഞാൻ വിമർശനം ഉയർത്തുന്നത്. ഇതു പോലെ വേറെയും ചില സിനിമകൾ വന്നു. അതിലൊന്ന് എങ്ങനെ വിദഗ്ധമായി ബാങ്ക് കൊള്ളയടിക്കാമെന്നതാണ്. ഇത്തരം തെറ്റായ സന്ദേശങ്ങൾ നൽകുന്നത് എന്തു ഭാവനാവിലാസത്തിന്റെ കണക്കിലായാലും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിലായാലും ശരിയല്ലെന്നാണ് എന്റെ പക്ഷം. നിയമ വാഴ്ചയുടെ ഭാഗത്തു നിന്ന ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ എനിക്ക് ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ല. അതാണ് ഞാൻ പങ്കുവയ്ക്കാൻ ശ്രമിച്ചത്. അതിന്റെപേരിൽ ശക്തമായ വിമർശനവും പരിഹാസവുമൊക്കെ എനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. ദൃശ്യം മാതൃകയിലുള്ള സംഭവങ്ങൾ ഇപ്പോൾ റിപ്പോർട്ടു ചെയ്തു തുടങ്ങിയിട്ടുണ്ട്. ഞാൻ പങ്കുവച്ച ആശങ്കകൾ ശരിയായിരുന്നുവെന്നാണിതു വ്യക്തമാക്കുന്നത്.
∙ ‘ലഹരിപൂക്കുന്ന’ മലയാള സിനിമ
സിനിമകളിലെ പ്രമേയങ്ങൾ കൊലപാതകത്തെ മാത്രമല്ല മഹത്വവൽക്കരിക്കുന്നത്. ലഹരി മരുന്നുകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. നായകന് സർഗാത്മകത വളരണമെങ്കിൽ ലഹരി മരുന്ന് അകത്തു ചെല്ലണം. നേരത്തേ മദ്യപാനത്തെയാണു പ്രോത്സാഹിപ്പിച്ചിരുന്നത്. പിന്നീട് പുകവലിക്കു കൂടി ഇടം കിട്ടി. ഇപ്പോൾ പരസ്യമായി പുകവലിക്കുന്നവരുടെ എണ്ണം വലിയതോതിൽ കുറഞ്ഞു. പുകവലിക്കാരിൽ പലരും ലഹരി മരുന്നുകളിലേക്കു നീങ്ങിയിരിക്കുകയാണ്.
വിദ്യാർഥി സമൂഹംപോലും അതിന്റെ ചതിക്കുഴികളിലേക്കു വീഴുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനെ മഹത്വവൽക്കരിക്കുന്ന പ്രമേയങ്ങൾ ഉണ്ടാകുന്നത്. ലഹരി മരുന്ന് ഉപഭോഗത്തിന്റെ കാര്യത്തിൽ സിനിമാ മേഖല ഒട്ടും പുറകിലല്ലെന്നു നമുക്ക് അറിയാം. ഈ രംഗത്തുള്ള പലരും പ്രതിയായ സംഭവങ്ങൾ നാം കണ്ടതാണ്. മദ്യപാനവും പുകവലിയുമെല്ലാം ആരോഗ്യത്തിനു ഹാനികരമാണെന്ന് എഴുതി കാണിക്കുന്നത് സെൻസർ ബോർഡിനെ പറ്റിക്കാനാണ്. അവയെ മഹത്വവൽക്കരിക്കുന്ന പ്രവണതയാണ് സിനിമകളിലുള്ളത്. ഇത് വളരെ അപകടകരമാണ്.
∙ മൂന്നാം മുറ പ്രയോഗങ്ങളുടെ കാലം എന്നേ കഴിഞ്ഞു
ദൃശ്യം സിനിമയിലെ ചില രംഗങ്ങളിൽ മൂന്നാംമുറ പ്രയോഗങ്ങൾ കാണാം. മർദനത്തിലൂടെ കേസ് തെളിയിക്കുന്ന കാലമൊക്കെ പണ്ടേ കഴിഞ്ഞു. മർദനത്തിലൂടെ ഒരാളെ പ്രതിയാക്കാമെന്നല്ലാതെ കുറ്റകൃത്യം തെളിയിക്കാൻ കഴിയില്ല. ഇത്തരത്തിൽ പ്രതിയാക്കപ്പെട്ട ആളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ശരിയാകാനുള്ള സാധ്യതയും കുറവാണ്. യഥാർഥ പ്രതിയിലേക്ക് അന്വേഷണം എത്താനുള്ള വഴി ശാസ്ത്രീയമായ അന്വേഷണമാണ്. അതിനുള്ള സംവിധാനമൊക്കെ വികസിച്ചു വന്നിട്ടുണ്ട്. ഇങ്ങനെയുള്ള വ്യക്തമായ തെളിവുകൾ മാത്രമേ കോടതികളിൽ നിലനിൽക്കുകയുള്ളൂ.
അതിന് വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ പൊലീസ് സേനയിലുണ്ട്. അവരുടെ മനോവീര്യം തകർക്കാതിരിക്കലാണ് പ്രധാനം. നന്നായി അധ്വാനിക്കുന്ന, കാര്യശേഷിയുള്ള ധാരാളം ഉദ്യോഗസ്ഥർ പൊലീസ് സേനയിലുണ്ട്. കുറ്റകൃത്യങ്ങൾ മൂന്നാം മുറ പ്രയോഗങ്ങളില്ലാതെ വിദഗ്ധമായി തെളിയിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ അഴിമതിയും രാഷ്ട്രീയ ഇടപെടലുകളും അവരെ നിരാശരാക്കുകയാണ്. ഒരു അധ്വാനവും നടത്താത്തവർക്ക് സ്ഥാനമാനങ്ങളും പ്രോത്സാഹനങ്ങളും ലഭിക്കുന്നു. അപ്പോൾ എന്തിനാണ് ഇങ്ങനെ അധ്വാനിക്കുന്നതെന്ന തോന്നൽ അവർക്കുണ്ടാവുക സ്വാഭാവികമല്ലേ. ഇത്തരത്തിൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന പ്രവണത ശരിയല്ല.
∙ അന്വേഷണം എന്നത് മൊബൈൽ ഫോണും സിസിടിവിയും മാത്രമല്ല
ഏതു കുറ്റകൃത്യവും ഒരു തെളിവെങ്കിലും അവശേഷിപ്പിക്കുമെന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ എപ്പോഴും അങ്ങനെ സംഭവിച്ചുകൊള്ളണമെന്നില്ല. ഒരു തെളിവു പോലും അവശേഷിപ്പിക്കാത്ത കുറ്റകൃത്യങ്ങൾ ധാരാളം ഉണ്ട്. വളരെ അടുപ്പമുള്ളവർക്കിടയിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ പലപ്പോഴും ഒരു തെളിവും കണ്ടെത്താൻ കഴിയാറില്ല. അവിടെയാണ് സിസിടിവി ക്യാമറകളും മൊബൈൽ ഫോണുമൊക്കെ അനുഗ്രഹമാകുന്നത്. അടുത്ത കാലത്ത് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദിച്ച സംഭവം ഉണ്ടായല്ലോ. സിസിടിവിയും മൊബൈൽ ഫോണുമൊക്കെ ഉള്ളതുകൊണ്ടാണ് ആ സംഭവം പുറത്തായത്. അല്ലെങ്കിൽ വാദി പ്രതിയാകുമായിരുന്നു. എന്നാൽ ഇതിന് ഒരു മറുവശമുണ്ട്. ഇപ്പോഴത്തെ അന്വേഷണങ്ങൾ മൊബൈൽ ഫോണിനെയും സിസിടിവിയെയും മാത്രം ആശ്രയിച്ചായിരിക്കുന്നു. അതു ശരിയല്ല. അവയെ മാത്രം ആശ്രയിച്ച് കുറ്റം തെളിയിക്കാനാവില്ല. മൊബൈൽ ഫോൺ തെളിവാകുമെന്ന് കുറ്റം ചെയ്യുന്നവർക്ക് ഇപ്പോൾ അറിയാം. അതു കൊണ്ട് കുറ്റകൃത്യത്തിനു മുൻപ് പലരും ഫോൺ ഉപേക്ഷിക്കുന്നു. ക്യാമറകളുടെ സാന്നിധ്യത്തെക്കുറിച്ചും കുറ്റവാളികൾക്കു ബോധ്യമുണ്ട്. പലപ്പോഴും സിസിടിവികൾ ഉള്ളടത്തു വച്ചല്ല കുറ്റകൃത്യങ്ങൾ നടക്കുന്നത്. ഇത് അന്വേഷണത്തിനു വെല്ലുവിളിയാണ്. ശാസ്ത്രീയമായ കുറ്റാന്വേഷണത്തിന് മൊബൈൽ ഫോണും സിസിടിവിയും കേന്ദ്രീകരിച്ചാൽ മാത്രം പോര. അതിനപ്പുറത്തേക്കു പോകാൻ കഴിയണം. അതിന് ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനങ്ങളുമൊക്കെ പ്രധാനമാണ്.
∙ തെളിയിക്കപ്പെടാത്ത കേസുകൾ
പല കേസുകളും കോടതിയിലെത്തുമ്പോൾ നിലനിൽക്കാറില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കുറ്റപത്രം തയാറാക്കുന്നതിലെ പാകപ്പിഴയാണ്. കേസ് അന്വേഷിച്ചാൽ മാത്രം പോര. ഇന്ത്യൻ തെളിവു നിയമത്തിനനുസൃതമായി കുറ്റപത്രം തയാറാക്കാനും കഴിയണം. അക്കാര്യത്തിൽ കേസന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പങ്ക് വളരെ വലുതാണ്. ആ ഘട്ടത്തിലെ പാകപ്പിഴകൾ കേസിന്റെ തുടർ നടപടികളെ ബാധിക്കും. ഒരു ജഡ്ജി കേസിനെ സമീപിക്കുന്നതുപോലെയും മനസ്സിലാക്കുന്നതു പോലെ മറ്റൊരു ജഡ്ജി ചെയ്യണമെന്നില്ല. ഇതും കോടതികളിലെ തിരിച്ചടിക്ക് കാരണമാകും. അതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനാവില്ല.
∙ പിടികിട്ടാപ്പുള്ളികൾ
എത്ര വിദഗ്ധമായി കേസ് അന്വേഷിച്ചാലും പ്രതികളിലേക്ക് എത്താനാകാത്ത നിസ്സഹായമായ ഒരവസ്ഥ ദൃശ്യം സിനിമയിൽ കാണാം. അത്തരത്തിൽ ധാരാളം സന്ദർഭങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. സുകുമാരക്കുറുപ്പിന്റേതു പോലെയുള്ള സംഭവങ്ങൾ പുറത്തുവന്നത് അതിനു വ്യാപകമായ പ്രചാരം കിട്ടിയതുകൊണ്ടാണ്. എന്നാൽ ആരും അറിയാതെ പോകുന്ന ഒട്ടേറെ കേസുകൾ ഉണ്ട്. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം മുന്നോട്ടു പോകാത്ത ഇത്തരം സന്ദർഭങ്ങൾ പ്രതികൾക്കു രക്ഷപ്പെടാൻ അവസരം ഒരുക്കുന്നു. അതൊരു പരിമിതി തന്നെയാണ്. നിയമത്തെ കബളിപ്പിക്കാനുള്ള പ്രതികളുടെ കഴിവിനെ മഹത്വവൽക്കരിക്കുന്നതിന് ഇതൊന്നും ന്യായീകരണമല്ല. സമൂഹത്തിലെ ക്രിമിനൽ വാസനകളെ പ്രോത്സാഹിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് എല്ലാ തലങ്ങളിലും നിന്ന് ഉണ്ടാകേണ്ടത്.
∙ സത്യമേവ ജയതേ
‘സത്യമേവ ജയതേ’ എന്നാണ് നമ്മുടെ ദേശീയ മുദ്രാവാക്യം സത്യമേ ജയിക്കൂ എന്നാണതിന്റെ അർഥം. എന്നാൽ ചിലരുടെ കാര്യം വരുമ്പോൾ അസത്യം ജയിച്ചാൽ മതിയെന്ന നിലപാടാണുണ്ടാകുന്നത്. പ്രത്യേകിച്ച് സിനിമയിൽ ദൃശ്യം സിനിമ അതിന്റെ ഉദാഹരണമാണ്. സത്യം തെളിയിക്കപ്പെടരുതെന്ന സന്ദേശമാണ് അതു പങ്കു വയ്ക്കുന്നത്. സ്വരക്ഷയ്ക്കു വേണ്ടി നടത്തുന്ന കൊലപാതകത്തിന് നിയമം തന്നെ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അത് അവതരിപ്പിക്കാനായിരുന്നു ശ്രമം വേണ്ടത്. ജനാധിപത്യ സമൂഹത്തിൽ പൗരന്റെ നിരപരാധിത്തം അന്തിമമായി തെളിയിക്കേണ്ടത് നിയമത്തിനു മുന്നിലാണ്. നിരപരാധികളെ ചേർത്തു പിടിക്കാനുള്ള കഴിവ് നമ്മുടെ നിയമവാഴ്ചയ്ക്കുണ്ട്. അതിലൂടെ ലഭിക്കുന്ന സംരക്ഷണത്തിനു പകരമാകില്ല മറ്റൊന്നും. ദൃശ്യം സിനിമയിൽത്തന്നെ അതിന്റെ ഉദാഹരണമുണ്ട്. കൊലപാതകത്തിനു ശേഷം തെളിവു നശിപ്പിക്കാനും നിയമത്തിൽ നിന്ന് ഓടി ഒളിക്കാനും ശ്രമിക്കുന്ന ആ കുടുംബത്തിൽ എന്തു സ്വസ്ഥതയാണുള്ളത്? കുറ്റകൃത്യം നടന്നതുമുതൽ അവരുടെ ഭാവി അനിശ്ചിതത്വത്തിലായി. എല്ലാ കുറ്റവാളികളുടെയും സ്ഥിതി ഇതാണ്. ഒരു പക്ഷേ നിയമത്തെ സമീപിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ അവർക്കു കൂടുതൽ സംരക്ഷണവും കരുതലും ലഭിക്കുമായിരുന്നു. ഈ സന്ദേശമാണ് സമൂഹത്തിൽ പങ്കുവയ്ക്കപ്പെടേണ്ടത്. സത്യമേവ ജയതേ എന്ന ദേശീയ മുദ്രാവാക്യത്തിന്റെ അർഥവും ഇതാണ്.
English Summary: T.P. Senkumar opens up about increasing trends in Drushyam Model Murders in Kerala