കൊച്ചി ∙ ഡിഫൻഡർ വെസ് ബ്രൗണിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ ഗോൾ കീപ്പർ പോൾ റെച്ചുക്കയും കേരള ബ്ലാസ്റ്റേഴ്സിലേക്ക്. മഞ്ഞപ്പടയെ ത്രസിപ്പിക്കുന്ന മറ്റൊരു വാർത്തയും ബ്ലാസ്റ്റേഴ്സിൽനിന്നു വൈകാതെ ഉണ്ടായേക്കും. ബ്രസീലിൽനിന്ന് ‘ദ് ബീസ്റ്റ്’ എന്നറിയപ്പെടുന്ന ജൂലിയോ ബാപ്റ്റിസ്റ്റയും ബ്ലാസ്റ്റേഴ്സിലേക്കു വരുമെന്നാണു സൂചന. ബാപ്റ്റിസ്റ്റയുമായി ചർച്ചകൾ പുരോഗമിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോളടിയന്ത്രമായിരുന്ന ഡിമിറ്റാർ ബർബറ്റോവുമായും ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടു. ഏതാനും ആഴ്ചകളായി ബാർബറ്റോവിന്റെ വരവ് ആരാധകർ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇന്നലെയാണു കരാർ ഉറപ്പിക്കാനായത്.
ബർബറ്റോവും റെച്ചുക്കയും എത്തുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ ‘മാഞ്ചസ്റ്റർ യുണൈറ്റഡ് മുഖം’ കൂടുതൽ തെളിഞ്ഞുവരികയാണ്. മാൻ യുവിൽ അലക്സ് ഫെർഗൂസന്റെ സഹപരിശീലകനായിരുന്ന റെനി മ്യൂലൻസ്റ്റീന്റെ സ്വാധീനത്തിലാണു മൂന്നു കളിക്കാർ കേരളത്തിലെത്തുന്നത്. ആക്രമിച്ചു കയറുന്ന മധ്യനിരക്കാരനായും സ്ട്രൈക്കറായും തിളങ്ങിയിട്ടുള്ള ബാപ്റ്റിസ്റ്റ (35) സാവോ പോളോയിലൂടെയാണു ശ്രദ്ധേയനായത്. റയൽ മഡ്രിഡ്, സെവിയ്യ, ആർസനൽ, റോമ, മാലഗ, ക്രുസെയ്റോ എന്നിവയ്ക്കും കളിച്ചു. ബ്രസീൽ സീനിയർ ടീമിനായി 47 തവണ കളത്തിലിറങ്ങി. ബ്രസീലിലെ പ്രഫഷനൽ ഗുസ്തി താരമായ ഡേവ് ബൗറ്റിസ്റ്റയുടെ പേരുമായുള്ള സാമ്യംമൂലം ‘ബീസ്റ്റ്’ എന്നു വിളിപ്പേരു വീഴുകയായിരുന്നു.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനു കളിച്ച ഹെയ്തി താരം കെർവൻസ് ബെൽഫോർട്ടിനെ ഇക്കുറി ജംഷഡ്പുർ എഫ്സി കൈക്കലാക്കി. കോച്ച് സ്റ്റീവ് കൊപ്പലിന്റെ പ്രിയ കളിക്കാരനായിരുന്നു ബെൽഫോർട്ട്.
പോൾ സ്റ്റീഫൻ റെച്ചുക്ക (36)
∙ മാഞ്ചസ്റ്റർ യുണൈറ്റഡ് കളരിയുടെ പുത്രൻ.
∙ ജനനം യുഎസിലെ കലിഫോർണിയയിൽ.
∙ ആറടി ഒരിഞ്ച് ഉയരം.
∙ ഗോൾ കീപ്പർ.
∙ 2000–2002 സീസണുകളിൽ മാൻ യുവിനു കളിച്ചു.
∙ പിന്നീടു ചാൾട്ടൻ അത്‌ലറ്റിക്, ലീഡ്സ് യുണൈറ്റഡ്, ബോൾട്ടൻ വാണ്ടറേഴ്സ് എന്നിവയിലും.
∙ ഇംഗ്ലണ്ടിന്റെ അണ്ടർ 18, 20 ടീമുകളിൽ കളിച്ചു.
∙ ബറി എഫ്സിയിൽനിന്നു ബ്ലാസ്റ്റേഴ്സിലേക്ക്.
ജൂലിയോ ബാപ്റ്റിസ്റ്റ (35)
∙ ജനനം സാവോ പോളോയിൽ.
∙ പ്രഫഷനൽ തുടക്കവും സാവോ പോളോയിൽ.
∙ സാവോ പോളോ എഫ്സി കളരിയിലൂടെ വളർച്ച.
∙ ഏറ്റവുമധികം മൽസരങ്ങളും സാവോ പോളോയ്ക്കുവേണ്ടി (75).
∙ ആറടി ഒരിഞ്ച് ഉയരം.
∙ സ്ട്രൈക്കർ, ആക്രമിക്കുന്ന മിഡ്ഫീൽഡർ.
∙ സെവിയ്യ, റയൽ മഡ്രിഡ്, ആർസനൽ, റോമ, മാലഗ ടീമുകൾക്കും കളിച്ചു.
∙ ബ്രസീൽ സീനിയർ ടീമിനുവേണ്ടി 47 തവണ കളിച്ചു.