Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്കോ റോസ്ബർഗിന് ഫോർമുല വൺ കിരീടം

APTOPIX Mideast Emirates F1 GP Auto Racing

അബുദാബി∙ ഫോർമുല വണ്ണിനു വീണ്ടും ജർമൻ ജേതാവ്. അത്യന്തം ആവേശകരമായ സീസണിനു പരിസമാപ്തി കുറിച്ച് ഇന്നലെ അബുദാബിയിലെ യാസ് മരീന സർക്യൂട്ടിൽ നടന്ന മൽസരത്തിൽ മെഴ്സിഡീസ് താരം നിക്കോ റോസ്ബർഗ് കിരീടമണിഞ്ഞു. 1982ലെ എഫ് വൺ ജേതാവ് കേകെ റോസ്ബർഗിന്റെ മകനാണ് നിക്കോ. യാസ് മരീനയിൽ ഹാമിൽട്ടനാണ് ഒന്നാമതെത്തിയത്. എന്നാൽ, ഹാമിൽട്ടനു പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ റോസ്ബർഗ് ആകെ പോയിന്റ് നിലയിൽ ഹാമിൽട്ടനെ മറികടന്നു. ഹാമിൽട്ടന് 380 പോയിന്റ് ലഭിച്ചപ്പോൾ രണ്ടാമതെത്തിയ റോസ്ബർഗ് 385 പോയിന്റ് നേടി.

യാസ് മരീനയിൽ ആദ്യ സ്ഥാനക്കാരായി മൽസരം തുടങ്ങിയ ഇരുവരും ചെക്കേഡ് ഫ്ലാഗ് കണ്ടതും ഒന്നും രണ്ടും സ്ഥാനത്തു തന്നെ. അബുദാബിയിൽ മൂന്നാം സ്ഥാനത്തെത്തിയ റെഡ് ബുൾ താരം ഡാനിയൽ റിക്കാർഡോ തന്നെയാണു ചാംപ്യൻഷിപ്പിലും മൂന്നാമൻ. 1985 ജൂൺ 27നു ജർമനിയിൽ ജനിച്ച നിക്കോ റോസ്ബർഗ് ആറാം വയസ്സിൽ കാർട്ടിങ് തുടങ്ങി. ഫോർമുല വൺ മുൻ ചാംപ്യനായ പിതാവ് കേജോ എറിക് റോസ്ബർഗ് (കേകെ) തന്നെയായിരുന്നു നിക്കോയുടെ പ്രചോദനം. 2002ൽ ജർമൻ ഫോർമുല ബിഎംഡബ്ല്യു കിരീടം നേടി താനും വേഗവഴിയിൽ പിതാവിന്റെ പിൻഗാമിയെന്നു തെളിയിച്ചു.

2004ൽ വില്യംസിനു വേണ്ടി ഫോർമുല വണ്ണിൽ ടെസ്റ്റ് ഡ്രൈവറായെങ്കിലും മൽസരിക്കാൻ അവസരം ലഭിച്ചില്ല. 2005ലെ ജിപി ടുവിൽ ചാംപ്യനായി. 2006ൽ വില്യംസിനു വേണ്ടി മൽസരിച്ചുകൊണ്ട് എഫ് വണ്ണിൽ കന്നിയങ്കം കുറിച്ചു. ആദ്യമൽസരത്തിൽ ഏറെയൊന്നും മെച്ചമല്ലാത്ത കാറിൽ ഏഴാം സ്ഥാനത്തെത്തി നിക്കോ തന്റെ പ്രാഗൽഭ്യം തെളിയിച്ചു. അതേ സീസണിൽ യൂറോപ്യൻ ഗ്രാൻപ്രിയിലും പോയിന്റ് നേട്ടം. ആദ്യ പോഡിയം കാണാൻ 2008 ഓസ്ട്രേലിയൻ ഗ്രാൻപ്രി വരെ കാത്തിരിക്കേണ്ടി വന്നു. 2009ൽ ഏഴാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചു. 2010ൽ വില്യംസിനോടു വിട പറഞ്ഞ് മെഴ്സിഡീസിലേക്ക്. 2009ൽ ജൻസൻ ബട്ടനെ ജേതാവാക്കി കാർ നിർമാതാക്കൾക്കുള്ള കിരീടവും കയ്യടക്കിയ ബ്രൗൺ ജിപിയാണ് 2010ൽ മെഴ്സിഡീസായി സർക്യൂട്ടിലിറങ്ങിയത്. എന്നാൽ 2010 മുതൽ 2013 വരെയുള്ള സീസണുകൾ റെഡ് ബുള്ളിന്റെ ചിറകേറി സെബാസ്റ്റ്യൻ വെറ്റൽ കിരീടം കൊത്തിപ്പറന്നു. 2014, ‘15 സീസണുകൾ മെഴ്സിഡീസിന്റെ കുത്തകയായിരുന്നെങ്കിലും കിരീടം സഹതാരം ലൂയിസ് ഹാമിൽട്ടൻ നേടി. ഹാമിൽട്ടനു പിന്നിൽ രണ്ടാം സ്ഥാനക്കാരനായി നിക്കോ. 2015ൽ അവസാന മൽസരങ്ങൾ തുടർച്ചയായി ജയിച്ച റോസ്ബർഗ് 2016ലും ആ ജയങ്ങൾ ആവർത്തിച്ചു.

മെഴ്സിഡീസിനെ തടയാനാകാതെ മറ്റു ടീമുകൾ ബുദ്ധിമുട്ടുമ്പോൾ മൽസരം മെഴ്സിഡീസ് താരങ്ങൾ തമ്മിലായി. എന്നാൽ തുടക്ക മൽസരങ്ങളിൽ തുടരെത്തുടരെ യന്ത്രത്തകരാർ വലച്ച ഹാമിൽട്ടൻ പിന്നാക്കം പോയി. റോസ്ബർഗ് അനായാസം കിരീടത്തിലേക്ക് എന്നു തോന്നിച്ച ഘട്ടത്തിൽ ഹാമിൽട്ടന്റെ ശക്തമായ തിരിച്ചു വരവ്. തുടർച്ചയായ ഏതാനും മൽസരങ്ങൾ വിജയിച്ച് ലൂയിസ് തന്റെ കരുത്തു തെളിയിച്ചു. എന്നാൽ സീസൺ രണ്ടാം പകുതിയുടെ ആദ്യ മൽസരങ്ങൾ റോസ്ബർഗിനെ തുണച്ചു. അവസാന മൽസരങ്ങളിൽ ശക്തമായ പോരാട്ടം കാഴ്ച വച്ചെങ്കിലും ഹാമിൽട്ടന്റെ സാധ്യതകൾക്കും മേലെയായിരുന്നു റോസ്ബർഗിന്റെ നേട്ടം. രണ്ടു വർഷത്തേക്കു കൂടി മെഴ്സിഡീസുമായുള്ള കരാർ പുതുക്കിയ റോസ്ബർഗ് 2018 വരെ മെഴ്സിഡീസിന്റെ തിളങ്ങുന്ന വെള്ളിത്തേരിൽ ജൈത്രയാത്രയ്ക്കുണ്ടാകും.

Your Rating: