അബുദാബി ∙ കാർ വേഗത്തിന്റെ ലോകചാംപ്യനെ ഇന്നറിയാം. ഫോർമുല വൺ കാറോട്ട ചാംപ്യൻഷിപ് 2016 സീസണിലെ അവസാന മൽസരം ഇന്നു അബുദാബിയിലെ യാസ് മരീന സർക്യൂട്ടിൽ നടക്കുമ്പോൾ മെഴ്സിഡീസിന്റെ നിക്കോ റോസ്ബർഗോ ലൂയിസ് ഹാമിൽട്ടനോ എന്നതാണു ചോദ്യം. ഇന്നത്തെ മൽസരത്തിൽ പോൾ പൊസിഷനിൽ സർക്യൂട്ടിൽ ഇറങ്ങുക ഹാമിൽട്ടനാണ്. രണ്ടാം നിരയിൽ ഒന്നാമനായി നിക്കോയുമുണ്ടാകും.
ഹാമിൽട്ടൻ ജയിച്ചാലും പോഡിയം ഫിനിഷ് – രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ– മതി റോസ്ബർഗിനു ചാംപ്യനാകാൻ. ചുരുക്കത്തിൽ വിജയ സാധ്യത കൂടുതൽ റോസ്ബർഗിനു തന്നെ. റോസ്ബർഗിന്റെ 367 പോയിന്റിനെതിരെ 355 പോയിന്റാണ് ഹാമിൽട്ടനുള്ളത്.ഹാമിൽട്ടൻ ജയിച്ചാൽ ആകെ പോയിന്റ് 380 ആകും. രണ്ടാമതെത്തിയാൽ റോസ്ബർഗിനു 385ഉം മൂന്നാമനായാൽ 382ഉം പോയിന്റും ലഭിക്കും. കന്നിക്കീരീടം പിടിക്കാൻ അതു ധാരാളം.