സാൻ ജുവാൻ ∙ മെസ്സി എന്ന എൻജിൻ ഒന്നു ശരിയായിക്കിട്ടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ! അർജന്റീന വീണ്ടും ബുൾഡോസർപോലെ എതിരാളികൾക്കു മേൽ കയറിയിറങ്ങി. കൊളംബിയയ്ക്കെതിരെ 3–0ന്റെ തകർപ്പൻ ജയത്തോടെ മെസ്സിപ്പട ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്തേക്കു കയറി. നേരിട്ടു യോഗ്യത ഉറപ്പുള്ള ആദ്യ നാലു സ്ഥാനങ്ങളിലെത്തിയിട്ടില്ലെങ്കിലും ആശ്വസിക്കാം. ചിലെയും ഇക്വഡോറും ഒരു പോയിന്റ് മാത്രം മുന്നിലാണ്. ബ്രസീൽ, യുറഗ്വായ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ആദ്യം തകർപ്പൻ ഫ്രീകിക്കിലൂടെ ആദ്യ ഗോൾ നേടിയ മെസ്സി മറ്റു രണ്ടു ഗോളുകൾക്കു വഴിയൊരുക്കുകയും ചെയ്തു.
ബ്രസീലിനെതിരായ തോൽവിയുടെ സമ്മർദത്തോടെ കളിക്കാനിറങ്ങിയ അർജന്റീനയെ അതിൽനിന്നു മോചിപ്പിച്ചതു മെസ്സി തന്നെ. വിമാനയാത്രയിൽ അവശനായിരുന്നു എന്നു വാർത്തകളുണ്ടായിരുന്നെങ്കിലും കളിക്കളത്തിൽ ഇറങ്ങിയപ്പോൾ മെസ്സി ഉഷാറായി. ഒൻപതാം മിനിറ്റിൽ ബോക്സിനു തൊട്ടു പുറത്തു കിട്ടിയ ഫ്രീകിക്ക് നേരെ കൊളംബിയൻ ക്രോസ് ബാറിനു താഴ്ഭാഗത്തു തട്ടി ഗോളിലേക്കു വീണു. 18–ാം മിനിറ്റിൽ കൊളംബിയയ്ക്കും കിട്ടി അതുപോലൊരു അവസരം. ഹാമിഷ് റോഡ്രിഗസിന്റെ കിക്കിൽനിന്നു ഫൽക്കാവോയുടെ ഹെഡർ പക്ഷേ ബാറിനു മുകളിലൂടെ പോയി.
ഗോൺസാലോ ഹിഗ്വെയ്നു പകരക്കാരനായിറങ്ങിയ ലൂക്കാസ് പ്രാറ്റോയുടേതായിരുന്നു അടുത്ത ഊഴം. പ്രതിരോധ നിരയ്ക്കു മുകളിലൂടെയുള്ള മെസ്സിയുടെ സുന്ദരൻ ക്രോസ് പ്രാറ്റോ ഗോളിലേക്കു കുത്തിയിട്ടു. അർജന്റീന 2–0നു മുന്നിൽ. രണ്ടാം പകുതിയിൽ കൊളംബിയ ഉണർന്നു കളിച്ചെങ്കിലും അർജന്റീന അടങ്ങിയിരുന്നില്ല. മെസ്സിയുടെ പാസിൽനിന്ന് ഏഞ്ചൽ ഡിമരിയയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങി. പിന്നാലെ മരിയ പ്രായശ്ചിത്തം ചെയ്തു. കൊളംബിയൻ ഡിഫൻഡറിൽനിന്നു പന്തു റാഞ്ചിയ മെസ്സി കട്ട് ചെയ്തു നൽകിയ പന്ത് ഗോൾകീപ്പർ ഡേവിഡ് ഒസ്പിനയ്ക്ക് ഒരു അവസരംപോലും നൽകാതെ പോസ്റ്റിന്റെ മേൽക്കൂരയിൽ പതിച്ചു. കൊളംബിയയുടെ നിർഭാഗ്യം അവിടെയും അവസാനിച്ചിരുന്നില്ല. അവസാന മിനിറ്റിൽ റോഡ്രിഗസിന്റെ ഫ്രീകിക്കും പോസ്റ്റിലിടിച്ചു മടങ്ങി.