ബ്യൂണസ് ഐറിസ് ∙ അർജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് കൂടുതൽ മങ്ങലേൽപ്പിച്ച് യോഗ്യതാ മൽസരത്തിൽ വീണ്ടും സമനിലക്കുരുക്ക്. ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ വെനസ്വേലയാണ് അർജന്റീനയെ സമനിലയിൽ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. തോൽവിയിലേക്കു നീങ്ങിയ അർജന്റീനയെ വെനസ്വേല താരത്തിന്റെ സെൽഫ് ഗോളാണ് രക്ഷിച്ചത്.
മറ്റു യോഗ്യതാ മൽസരങ്ങളിൽ കൊളംബിയ ബ്രസീലിനോടു സമനിലയിൽ കുരുങ്ങുകയും ചിലെ ബൊളീവിയയോടു തോൽക്കുകയും െചയ്തതിനാൽ ജയിച്ചാൽ അർജന്റീനയ്ക്ക് മുന്നിൽ കയറാൻ അവസരമുണ്ടായിരുന്നു. 16 മൽസരങ്ങളിൽനിന്ന് 24 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അർജന്റീന. ആദ്യ നാലു സ്ഥാനക്കാർക്കു മാത്രമേ നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിക്കൂ. അഞ്ചാം സ്ഥാനക്കാർക്ക് ന്യൂസീലന്‍ഡിനെതിരെ പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാൻ അവസരമുണ്ട്.
മറ്റൊരു മൽസരത്തിൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലും രണ്ടാം സ്ഥാനക്കാരായ കൊളംബിയയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ബ്രസീലിനായി വില്യനും കൊളംബിയയ്ക്കായി റഡാമൽ ഫാൽക്കാവോയും ഗോൾ നേടി. 16 മൽസരങ്ങളിൽനിന്ന് 37 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബ്രസീൽ. പാരഗ്വായ്ക്കെതിരായ മൽസരത്തിൽ യുറഗ്വായ് ജയിച്ചതോടെ 16 കളികളിൽനിന്ന് 27 പോയിന്റുമായി അവർ രണ്ടാം സ്ഥാനത്തേക്കു കയറി. 26 പോയിന്റുള്ള കൊളംബിയ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി.
ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ച പെറു 24 പോയിന്റുമായി നാലാം സ്ഥാനത്തേക്കു കയറിയപ്പോൾ ബൊളീവിയയോടു തോറ്റ ചിലെ (1–0) അർജന്റീനയ്ക്കും പിന്നിൽ ആറാം സ്ഥാനത്തേക്കു വീണു. അവർക്ക് 23 പോയിന്റാണുള്ളത്.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ഏഞ്ചൽ ഡി മരിയ, യുവതാരം പൗലോ ഡൈബാല, മൗറോ ഇക്കാർഡി തുടങ്ങിയ വമ്പൻ താരനിരയുമായി കളത്തിലിറങ്ങിയിട്ടും സ്വന്തം കാണികൾക്കു മുന്നിൽ വിജയമധുരം നുണയാൻ അർജന്റീനയ്ക്കായില്ല. ലോകകപ്പ് സ്വപ്നം അവസാനിച്ച വെനസ്വേലയ്ക്കെതിരെ ഗോള്‍ നേടുന്നതിൽ അർജന്റീനയുടെ മുന്നേറ്റനിര പരാജയപ്പെട്ടു.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിൽ അർജന്റീനയെ ഞെട്ടിച്ച് ലീഡു നേടിയത് വെനസ്വേല ആയിരുന്നു. ജോൺ മ്യൂറില്ലോയിലൂടെ മുന്നിൽ കയറിയ വെനസ്വേലയുടെ തളയ്ക്കാൻ അർജന്റീനയ്ക്ക് മറ്റൊരു വെനസ്വേല താരത്തിന്റെ സഹായം വേണ്ടിവന്നു. മൗറോ ഇക്കാർഡിയുടെ മുന്നേറ്റം തടയാനുള്ള ശ്രമത്തിൽ വെനസ്വേലയുടെ റോൾഫ് ഫ്ലച്ചറാണ് സ്വന്തം വലയിലേക്ക് ഗോളടിച്ചത്.