ബ്യൂനസ് ഐറിസ്∙ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികളുടെ ആവേശങ്ങളെ നിരാശപ്പെടുത്തിയിരിക്കുകയാണു ലയണൽ മെസിയും കൂട്ടരും. വ്യാഴാഴ്ച നടന്ന യോഗ്യതാ മൽസരത്തിൽ പെറുവിനോടു ഗോൾരഹിത സമനില വഴങ്ങിയ അർജന്റീന ലോകകപ്പിൽ പ്രവേശിക്കാനുള്ള സാധ്യത മങ്ങി.
സ്വന്തം തട്ടകമായ ബ്യൂനസ് ഐറിസിലെ ആരാധകരുടെ മുൻപിലാണു മെസിയും കൂട്ടരും നിസ്സഹായരായത്. പെറുവിനെതിരെയും ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണു അടുത്ത വർഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനു യോഗ്യത നേടാനുള്ള അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചത്. കളിക്കു മുൻപു തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനത്തായിരുന്നു പെറു; അർജന്റീന അഞ്ചാമതും. എന്നാൽ കളി കഴിഞ്ഞതോടെ അർജന്റീന ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പോയിന്റില്‍ ഒപ്പമാണെങ്കിലും ഗോള്‍ മുന്‍തൂക്കമുള്ള പെറു സമനില മാത്രം ലക്ഷ്യമിട്ടു ജാഗ്രതയോടെ കളിച്ചപ്പോൾ അർജന്റീനിയുടെ പടയാളികൾ കുഴഞ്ഞുപോയി.
തുടര്‍ച്ചയായ മൂന്നാം സമനിലയോടെ മേഖലയിൽ ആറാം സ്ഥാനത്തായ അര്‍ജന്റീനയ്ക്ക് അടുത്ത ബുധനാഴ്ച ഇക്വഡോറിനെതിരെ അവരുടെ നാട്ടിലാണ് അടുത്ത മത്സരം. ഈ കളിയിൽ ജയിക്കുക മാത്രമാണു കോച്ച് സാംപോളിയുടെ കീഴിലുള്ള അർജന്റീനയ്ക്കു മുന്നിലെ ഏക വഴി. എന്നാൽ കണക്കുകൾ അർജന്റീനയ്ക്ക് അനുകൂലമല്ല. ഇക്വഡോറിൽ മുൻപു നടന്നിട്ടുള്ള യോഗ്യതാ മൽസരങ്ങളിൽ മൂന്നിൽ രണ്ടെണ്ണത്തിൽ തോൽവിയായിരുന്നു. ഒരു മൽസരം സമനിലയിലുമായി. 2001ൽ ഇക്വഡോർ തലസ്ഥാനമായ ക്വിറ്റോയിൽ നടന്ന ലോകകപ്പ് യോഗ്യതാ മൽസരത്തിൽ അർജന്റീന വിജയിച്ചിട്ടുണ്ട്.
ഡാരിയോ ബെനഡിറ്റോ, അലയാന്ദ്രോ ഗോമസ് എന്നിവരെയാണു മെസ്സിക്കും എയ്ഞ്ചല്‍ ഡി മരിയക്കുമൊപ്പം മുന്‍നിരയിലേക്കു കോച്ച് നിയോഗിച്ചത്. എന്നാൽ കളിയുടെ കൂടുതൽ സമയവും ഇവരെ പ്രതിരോധിച്ചു നിര്‍ത്താന്‍ പെറുവിനു കഴിഞ്ഞു. മെസ്സി സൃഷ്ടിച്ച അവസരങ്ങള്‍ ബെനഡിറ്റോയും ഗോമസും എമിലിയാനോ റിഗോണിയും തുലച്ചതോടെ അർജന്റീനയുടെ മോഹങ്ങൾക്കുമേൽ കരിനിഴൽ വീണു. അവസാന മിനിറ്റുകളില്‍ കിട്ടിയ രണ്ട് ഫ്രീകിക്കുകള്‍ ഗോളിലെത്തിക്കാന്‍ മെസ്സിക്കും കഴിഞ്ഞില്ല. അതിനിടെ, ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം പെറു താരം പൗളോ ഗ്വറേറോ തൊടുത്ത ഫ്രീ കിക്ക് അർജന്റീനയുടെ ശ്വാസമിടിപ്പു മരവിപ്പിച്ചെങ്കിലും ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോ രക്ഷപ്പെടുത്തിയതു ആശ്വാസമായി.
അർജന്റീനയുടെ ഭാവിയെന്ത്?
യോഗ്യതാ റൗണ്ടിൽനിന്നു നാലു ടീമുകൾക്കാണ് ലോകകപ്പിനു നേരിട്ടു യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനക്കാർക്കു പ്ലേ ഓഫ് കളിച്ചു യോഗ്യത ഉറപ്പിക്കാം. 17 മൽസരങ്ങളിൽനിന്നു വെറും ആറു ഗോളുകൾ മാത്രമാണു മെസ്സിയുടെ ടീം നേടിയത്. കഴിഞ്ഞ മൽസരത്തിൽ ദുർബലരായ വെനസ്വേലയ്ക്കെതിരെയും സമനില വഴങ്ങി. ഗോളുകൾ അടിച്ചുകൂട്ടി എങ്ങനെയു ജയിക്കുക എന്നതു മാത്രമേ ഇനി അർജന്റീനയ്ക്കും ചെയ്യാനുള്ളൂ. അതേസമയം, അര്‍ജന്റീന ജയം കാണാതിരിക്കുകയും സ്വന്തം തട്ടകത്തില്‍ വെനിസ്വേലയെ തോല്‍പ്പിക്കാന്‍ കഴിയുകയും ചെയ്താല്‍ പാരഗ്വേക്ക് പ്ലേ ഓഫ് അവസരം ലഭിക്കും.
മേഖലയിൽനിന്നു യോഗ്യത ഉറപ്പിച്ച ബ്രസീൽ, ബൊളീവിയക്കെതിരെ അവരുടെ തട്ടകത്തില്‍ ഗോള്‍രഹിത സമനില വഴങ്ങി. വെനിസ്വെല യുറുഗ്വയെയും ഗോള്‍രഹിത സമനിലയില്‍ തളച്ചു. കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളിനു വീഴ്ത്തി പാരഗ്വേ ലോകകപ്പ് കളിക്കാനുള്ള നേരിയ സാധ്യത സ്വന്തമാക്കി. ഇക്വഡോറിനെ വീഴ്ത്തി ചിലെ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്കു കയറി.
17 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 38 പോയിന്റുള്ള ബ്രസീല്‍ മാത്രമാണ് യോഗ്യത ഉറപ്പിച്ചിട്ടുള്ളത്. രണ്ടു മുതല്‍ ഏഴു വരെ സ്ഥാനങ്ങളിലുള്ള യുറുഗ്വേ (28), ചിലി (26), കൊളംബിയ (26), പെറു (25), അര്‍ജന്റീന (25), പാരഗ്വേ (24) ടീമുകളില്‍ ആരെല്ലാം ലോകകപ്പിന് യോഗ്യത നേടുമെന്നറിയാന്‍ ബുധനാഴ്ച വരെ കാത്തിരിക്കണം.