ഏഷ്യൻ മീറ്റ്: റാഞ്ചി പിൻമാറി, ഭുവനേശ്വർ വേദിയായേക്കും

Representational image

റാഞ്ചി∙ ഏഷ്യൻ അത്‌ലറ്റിക് മീറ്റിന്റെ ആതിഥേയത്വത്തിൽ നിന്നു ജാർഖണ്ഡ് പിന്മാറിയതിനെത്തുടർന്ന് ഭുവനേശ്വറിനു സാധ്യതയേറി. ജൂൺ ഒന്നു മുതൽ നാലുവരെ ജാർഖണ്ഡിലെ റാഞ്ചിയിൽ മീറ്റ് നടത്താനായിരുന്നു മുൻ തീരുമാനം. ഒരുക്കം അവസാന ഘട്ടത്തിലെത്തി നിൽക്കവേ, ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണു ജാർഖണ്ഡ് സർക്കാർ പിന്മ‍ാറ്റ വിവരം എഎഫ്െഎയെ കഴിഞ്ഞദിവസം അറിയിച്ചത്. മീറ്റ് നടത്താൻ ഛത്തീസ്ഗഡും ഒഡീഷയും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ജൂൺ അവസാനമോ, ജൂലൈ ആദ്യമോ റായ്പൂരിൽ മേള സംഘടിപ്പിക്കാമെന്നാണ് ഛത്തീസ്ഗഡ് അറിയിച്ചിരുക്കുന്നത്. ജൂൺ പകുതിക്കുശേഷം ഭുവനേശ്വറിൽ വേദിയൊരുക്കാമെന്ന് ഒഡീഷ സർക്കാരും അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ മൂലം മേള ഛത്തീസ്ഗഡിൽ നടത്തുന്നതിനോടുള്ള എഎഫ്െഎയുടെ താൽപര്യക്കുറവ് ഭുവനേശ്വറിന്റെ സാധ്യത വർധിപ്പിക്കുന്നു. ഭുവനേശ്വറിലെ കലിംഗക സ്റ്റേഡിയത്തിൽ മേളയ്ക്കായി സജ്ജീകരണങ്ങൾ ഒരുക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.

എഎഫ്െഎ സംഘം സ്റ്റേഡിയം സന്ദർശിച്ചു. രണ്ടു ദിവസങ്ങൾക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നു സെക്രട്ടറി സി.കെ.വൽസൻ അറിയിച്ചു. മേളയ്ക്കായി ജാർഖണ്ഡ് സർക്കാർ കഴിഞ്ഞവർഷം പത്തുകോടി രൂപ അനുവദിച്ചിരുന്നു. ദേശീയ ഗെയിംസിനായി നിർമിച്ച റാഞ്ചി ബിർസമുണ്ട അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് തയാറെടുപ്പുകൾ നടത്തിയിരുന്നത്. ഇന്ത്യ ആതിഥ്യം വഹിക്കുന്ന മൂന്നാം ഏഷ്യൻ മീറ്റാണിത്. 1989ൽ ഡൽഹിയും 2013ൽ പുണെയുമായിരുന്നു മുൻപത്തെ വേദി.