Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിനു ഉയരെ, ഉയരെ

nayana-james കോയമ്പത്തൂരിൽ ദേശീയ അന്തർ സർവകലാശാല അത്‍ലറ്റിക് മീറ്റിൽ വനിതകളുടെ ലോംങ്ജംപിൽ സ്വർണം നേടുന്ന കേരള സർവകലാശാലയുടെ നയന ജയിംസ്. ചിത്രം: അരുൺ ശ്രീധർ

കോയമ്പത്തൂർ ∙ അന്തർ സർവകലാശാല അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ സ്വർണപ്പൊങ്കൽ. ഹൈജംപിൽ എംജി സർവകലാശാലയുടെ ജിനു മരിയ മാനുവലിന്റെ റെക്കോർഡ് സ്വർണം ഉൾപ്പെടെ മൂന്നാദിനം കേരളം കൊയ്തത് ഒൻപതു മെഡലുകൾ. വനിതകളുടെ പോൾവോൾട്ടിൽ എംജിയുടെ രേഷ്മ രവീന്ദ്രനും ലോങ് ജംപിൽ കേരളയുടെ നയന ജയിംസുമാണു മറ്റു സ്വർണത്തിളക്കങ്ങൾ. മൂന്നു വീതം വെള്ളിയും വെങ്കലവും കേരളത്തിന്റെ താരങ്ങൾ നേടി.

ഹൈജംപിൽ 1.79 മീ. മറികടന്നാണു ജിനുവിന്റെ റെക്കോർഡ് സ്വർണം. അണ്ണാ യൂണിവേഴ്സിറ്റിയുടെ എം.സംഗീതയുടെ 1.78 മീറ്ററിന്റെ 13 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡാണു തിരുത്തിയത്. അന്തർ സർവകലാശാല മീറ്റിൽ ഈയിനത്തിൽ ആറു വർഷത്തിനുശേഷമാണു ജിനുവിനു സ്വർണം ലഭിക്കുന്നത്. കഴിഞ്ഞ വർഷം വെങ്കലത്തിലൊതുങ്ങി. ലക്നൗവിൽ കഴിഞ്ഞ വർഷം നടന്ന ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിലെ 1.82 മീ. എന്ന ഉയരത്തിലേക്കെത്താൻ തുടർപരിശ്രമവും നടത്തിയശേഷമാണു ജിനു കളം വിട്ടത്. ചങ്ങനാശേരി അസംപ്ഷൻ കോളജ് പിജിഡിസിഎ വിദ്യാർഥിനിയായ ജിനു, മൂവാറ്റുപുഴ പോത്താനിക്കാട് പനച്ചിക്കവയലിൽ മാണി തോമസിന്റെയും ഡോളിയുടെയും മകളാണ്. വനിതകളുടെ ഹൈജംപിൽ എംജിയുടെ ഏയ്ഞ്ചൽ പി. ദേവസ്യയ്ക്കാണു (1.71) വെങ്കലം. പട്യാലയിലെ പഞ്ചാബി സർവകലാശാലയിലെ ജ്യോതിക്കാണു (1.73) വെള്ളി.

പോൾവോൾട്ടിൽ 3.40 മീറ്റർ മറികടന്നാണു ചങ്ങനാശേരി അസംപ്ഷൻ കോളജ് വിദ്യാർഥിനിയായ രേഷ്മ അന്തർസർവകലാശാല മീറ്റിലെ തന്റെ ആദ്യ സ്വർണം നേടിയത്. ആർ.വിനയചന്ദ്രന്റെ കീഴിലാണു പരിശീലനം. തിരുവനന്തപുരം കാട്ടാക്കട പൂഴനാട് ഷണ്മുഖഭവനിൽ രവീന്ദ്രൻനായർ - ഉഷാകുമാരി ദമ്പതികളുടെ മകളാണ്. എംജിയുടെ സിഞ്ചു പ്രകാശിനാണു വെള്ളി (3.30 മീറ്റർ). പാലാ അൽഫോൺസ കോളജിലെ താരമായ സിഞ്ചു ഈയിനത്തിൽ മുൻപ് ഒരുതവണ സ്വർണവും രണ്ടുതവണ വെള്ളിയും നേടിയിട്ടുണ്ട്. മദ്രാസ് സർവകലാശാലയിലെ മഞ്ജുക (3.30) വെങ്കലം നേടി. ലോങ് ജംപിൽ 6.07 മീ. ചാടിയാണ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ മൂന്നാംവർഷ ബികോം വിദ്യാർഥിനി നയന ജയിംസിന്റെ സ്വർണം. ഹെപ്റ്റാത്തലണിലും മത്സരിക്കും.

കോഴിക്കോട് ചക്കിട്ടപ്പാറ മാളിയേക്കൽ ജയിംസ്- ടെസി ദമ്പതികളുടെ മകളാണ്. ഹാമർത്രോ താരമായ സഹോദരൻ സച്ചിൻ ജയിംസ് കണ്ണൂർ സർവകലാശാലയെ പ്രതിനിധീകരിച്ച് ഇത്തവണ മീറ്റിൽ പങ്കെടുക്കുന്നുണ്ട്. തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയിലെ ജി.കാർത്തിക (5.96 മീറ്റർ) വെള്ളിയും മധുര കാമരാജ് സർവകലാശാലയിലെ എം. ഉമാമഹേശ്വരി (5.82 മീറ്റർ) വെങ്കലവും നേടി. 

പുരുഷന്മാരുടെ 400 മീറ്ററിൽ കേരളയുടെ സനു സാജൻ വെള്ളിയും എംജിയുടെ കെ. മുഹമ്മദ് ലുബൈബ് വെങ്കലവും കരസ്ഥമാക്കി. മദ്രാസ് സർവകലാശാലയിലെ മോഹൻകുമാർ (46.55) 2015ൽ ഡൽഹി സർവകലാശാലയിലെ ലളിത് കൗർ സ്ഥാപിച്ച റെക്കോർ‍ഡ് (47:01) തിരുത്തി സ്വർണം നേടി. വനിതകളുടെ 400 മീറ്ററിൽ എംജിയുടെ ജെറിൻ ജോസഫിനു വെങ്കലമുണ്ട്.

ഗെയ്ക്ക്‌വാദ് സരിതാബെൻ (വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല), ട്വിങ്കിൾ ചൗധരി (പഞ്ചാബി സർവകലാശാല) എന്നിവർ യഥാക്രമം സ്വർണവും വെള്ളിയും കരസ്ഥമാക്കി. പുരുഷന്മാരുടെ ജാവലിൻത്രോയിൽ എംജിയുടെ അരുൺ ബേബി വെള്ളി നേടി. ജിനുവിന്റെ റെക്കോർഡ് സ്വർണം ഉൾപ്പെടെ  ഏഴു മെഡലുകൾ നേടിയതോടെ എംജിയുടെ ആകെ മെഡൽനേട്ടം പത്തായി. വനിതകളിൽ 41 പോയിന്റുമായി എംജിയാണു മുന്നിൽ. പഞ്ചാബി (29), മാംഗ്ലൂർ (28) സർവകലാശാലകൾ രണ്ടും മൂന്നും സ്ഥാനത്താണ്. ഓവറോൾ ചാംപ്യൻഷിപ്പിനുള്ള പോരാട്ടത്തിൽ 72 പോയിന്റുമായി മാംഗ്ലൂർ സർവകലാശാല മുന്നിട്ടുനിൽക്കുന്നു. പഞ്ചാബി, എംജി സർവകലാശാലകൾ 58 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനത്തുണ്ട്. മദ്രാസ് സർവകലാശാല (43) മൂന്നാം സ്ഥാനത്തും. ഇന്നലെ മെഡൽ അക്കൗണ്ട് തുറന്ന കേരളയ്ക്ക് ഒരു സ്വർണവും വെള്ളിയും സ്വന്തമായുണ്ട്. മീറ്റ് നാളെ സമാപിക്കും. 

Your Rating: