ന്യൂഡൽഹി ∙ റിയോ ഒളിംപിക്സ് മാരത്തണിനിടെ മലയാളി താരം ഒ.പി.ജയ്ഷ തളർന്നു വീണ സംഭവത്തിൽ പരിശീലകൻ നിക്കോളായ സ്നസരേവിനു വീഴ്ച പറ്റിയതായി കായിക മന്ത്രാലയ സമിതി റിപ്പോർട്ട്. മൽസരത്തിനിടയ്ക്ക് ഊർജ പാനീയം ഒരുക്കണമെന്നു ജയ്ഷ, പരിശീലകനോട് ആവശ്യപ്പെട്ടിരുന്നോയെന്നു വ്യക്തമായി കണ്ടെത്താനായിട്ടില്ല. ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും പാനീയം ഒരുക്കേണ്ട ചുമതല പരിശീലകനുണ്ടായിരുന്നു. ഇക്കാര്യത്തിൽ സ്നസരേവിനു വീഴ്ച പറ്റി.
എന്നാൽ, അഞ്ചു കിലോ മീറ്റർ ഇടവിട്ട് സംഘാടക സമിതി ഒരുക്കിയ വെള്ളം ലഭ്യമായിരുന്നു. സ്വന്തമായി പാനീയം ഒരുക്കാത്ത രാജ്യങ്ങളിലെ അത്‌ലിറ്റുകൾ സംഘാടക സമിതി ഒരുക്കിയ സ്ഥലങ്ങളിൽ നിന്നാണു വെള്ളം കുടിച്ചത്. അതിനാൽ, വെള്ളം ലഭ്യമായിരുന്നില്ലെന്ന ആരോപണം ശരിയല്ല.
മുൻകൂട്ടി ആവശ്യപ്പെടാത്തതിനാൽ ഇന്ത്യൻ അധികൃതർ ഊർജ പാനീയവുമായി ഇത്തരം സ്ഥലങ്ങളിൽ ഹാജരായിരുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ താരങ്ങളിൽ നിന്നും രേഖാമൂലം ആവശ്യങ്ങൾ വാങ്ങണമെന്നു സമിതി ശുപാർശ ചെയ്തു. മൽസരത്തിനു മുൻപ് ബന്ധപ്പെട്ടവർ താരങ്ങൾക്കു സംവിധാനങ്ങളെക്കുറിച്ച് കൃത്യമായ വിവരം നൽകണമെന്നും റിപ്പോർട്ടിലുണ്ട്.
സന്തോഷം, ആശ്വാസം: ജയ്ഷ
തൊടുപുഴ ∙ സമിതി റിപ്പോർട്ട് അനുകൂലമായതിൽ സന്തോഷമുണ്ടെന്ന് ഒളിംപ്യൻ ഒ.പി ജയ്‌ഷ പറഞ്ഞു. തെളിവ് തന്റെ കൈവശമുള്ളതിനാൽ വിധി പ്രതികൂലമാവില്ല എന്ന വിശ്വാസം ഉണ്ടായിരുന്നു.
ഒരു താരത്തിനും ഇതുപോലെയൊരു അവസ്ഥ ഉണ്ടാകരുത്. മാധ്യമങ്ങൾ തന്നെ ഒരുപാട് പിന്തുണച്ചു. തൊടുപുഴയിലെ ജില്ലാ ആയുർവേദ ആശുപത്രിയോട് അനുബന്ധിച്ചുള്ള കായിക ചികിത്സ വിഭാഗത്തിൽ ചികിത്സയിലാണ് ജയ്ഷ.