Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറഞ്ഞതു സത്യം; അതിൽ ഉറച്ചു നിൽക്കുന്നു: ജയ്ഷ

jaisha-faint

തൊടുപുഴ ∙ റിയോ ഒളിംപിക്സ് മാരത്തണിൽ വെള്ളം നൽകുന്നതിൽ ഇന്ത്യൻ ടീം അധികൃതർക്കു വീഴ്ചയുണ്ടായിട്ടില്ലെന്ന കായികമന്ത്രാലയ അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെതിരെ ഒളിംപ്യൻ ഒ.പി.ജയ്ഷ രംഗത്തുവന്നു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടിസ്ഥാനരഹിതമാണെന്നും തന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നു തെളിയിച്ചാൽ സ്പോർട്സ് ജീവിതം തന്നെ അവസാനിപ്പിക്കുമെന്നും ജയ്ഷ പറഞ്ഞു. താൻ നുണ പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യവുമില്ല. മാരത്തൺ ട്രാക്കിലൊരിടത്തും വെള്ളം നൽകാൻ അധികൃതർ നടപടിയെടുത്തില്ലെന്നതു വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. ജയ്ഷ ആവശ്യപ്പെട്ടതിനാലാണ് സൗകര്യങ്ങൾ ഒരുക്കാതിരുന്നതെന്ന റിപ്പോർട്ടിലെ വാദത്തെയും അവർ തള്ളി. പരിശീലകൻ നിക്കോളോയ് സ്നെസരേവോ ടീം അധികൃതരോ ഇങ്ങനെ ഒരുകാര്യം തന്നോടു പറഞ്ഞിരുന്നില്ല.

സൗകര്യങ്ങൾ ഒരുക്കുന്നതിനെപ്പറ്റി ആരും ഒന്നും ചോദിച്ചതുമില്ല. മനഃപൂർവമായിരിക്കില്ലെങ്കിലും പരിശീലകൻ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം നിർവഹിച്ചില്ലെന്നതാണു സത്യം. മാരത്തൺ പൂർത്തിയാക്കി തളർന്നു വീഴുമ്പോൾ പൾസ് ഇല്ലായിരുന്നു. ജയ്ഷ മരിച്ചുവെന്നാണ് കോച്ച് മറ്റുള്ളവരോടു പറഞ്ഞത്. അത്രമാത്രം ഗുരുതരമായിരുന്നു കാര്യങ്ങൾ. ഏഴു കുപ്പി ഗ്ലൂക്കോസും നാലു കുപ്പി സോഡിയവും മണിക്കൂറുകൾക്കുള്ളിൽ ശരീരത്തിൽ കയറ്റേണ്ടി വന്നു. പ്രകടനം മോശമായതിനെ ന്യായീകരിക്കാനാണെങ്കിൽ മറ്റെന്തെല്ലാം കാരണങ്ങൾ പറയാമായിരുന്നുവെന്നും ജയ്ഷ ചോദിച്ചു. വെള്ളം നൽകിയില്ലെന്ന പരാതി പിന്നീടു തിരുത്തിയതായി വന്ന പ്രചാരണത്തിൽ കഴമ്പില്ല. ഇപ്പോഴും പരാതിയിൽ ഉറച്ചുനിൽക്കുന്നു. പറഞ്ഞതു സത്യമാണെന്നു തെളിയിക്കാൻ ഏതറ്റം വരെയും പോരാടുമെന്നും അവർ പറഞ്ഞു.

രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് സമിതിയംഗങ്ങളായ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഓംകാർ കേദിയ, ഡയറക്ടർ വിവേക് നാരായൺ എന്നിവർ കായികമന്ത്രി വിജയ് ഗോയലിനു നൽകിയത്. മാരത്തൺ ട്രാക്കിലെ എല്ലാ അഞ്ചു കിലോമീറ്ററിലും വെള്ളം ലഭ്യമായിരുന്നുവെന്നു പറയുന്ന സമിതി റിപ്പോർട്ടിൽ, വഴിയിലുടനീളം ഊർജ പാനീയങ്ങൾ നൽകാൻ അത്‌ലറ്റിക് ഫെഡറേഷൻ തയാറായെങ്കിലും ജയ്ഷ നിരസിച്ചുവെന്നും പറയുന്നു. ഒളിംപിക്സിനുശേഷം രണ്ടുമാസമായി വിശ്രമിക്കുന്ന താരം ഇപ്പോൾ തൊടുപുഴ ആയുർവേദ ആശുപത്രിയിലെ സ്പോർട്സ് ആയുർവേദ റിസർച് സെന്ററിൽ ഡോ. അജീഷ് ടി.അലക്സിന്റെ ചികിൽസയിലാണ്.

Your Rating: