Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരത്തണിൽ ഒ.പി. ജയ്ഷ താരമായിരിക്കും; പരിശീലക ജോലിയുടെ ഓട്ടത്തിൽ അതാവില്ല

കെ.പി.ഗോപിക
Author Details
Follow Twitter
Jaisha ഒ.പി.ജയ്ഷ

കോട്ടയം ∙ ദാരിദ്ര്യത്തോടു പടവെട്ടി ദീർഘദൂര ഓട്ടമൈതാനങ്ങളിൽ തിളങ്ങി കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടം നേടിയ ഒളിംപ്യൻ ഒ.പി. ജയ്ഷയോടു മുഖം തിരിച്ച് സംസ്ഥാന സർക്കാർ. കായിക പ്രതിഭകളെ വളർത്താമെന്ന ജയ്ഷയുടെ വാഗ്ദാനത്തിനു കാതു കൊടുക്കാതെ സർക്കാർ മുന്നോട്ടു പോകുമ്പോൾ കായിക കേരളത്തിന്റെ വരുംതലമുറയ്ക്കു നഷ്ടമാകുന്നത് ദീർഘദൂര ഓട്ടത്തിൽ ലഭിക്കാവുന്ന അനുഭവസമ്പത്തിന്റെ കരുത്താണ്.

ഒളിംപ്യന്മാരായ പി.അനിൽകുമാറിനെയും ഒ.പി.ജയ്ഷയെയും പി.ടി.പൗലോസിനെയും 2017 ജൂൺ മുതൽ കായിക പരിശീലകരായി നിയമിക്കുമെന്ന് 2017 ഏപ്രിലിലാണ് സർക്കാർ പ്രഖ്യാപിച്ചത്. വർഷം ഒന്നു പിന്നിട്ടിട്ടും ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല. കൊൽക്കത്തയിൽ റയിൽവേയിൽ ചീഫ് ടിക്കറ്റ് എക്സാമിനറായ ജയ്ഷ ഈ വാഗ്ദാനത്തിനു തൊട്ടുപിന്നാലെ അവധിയെടുത്ത് നാട്ടിലെത്തി ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ശ്രമിച്ചെങ്കിലും കേരളത്തിലെ കായിക അധികൃതരുടെ അനാസ്ഥയിൽ മനം മടുത്തു മടങ്ങുകയായിരുന്നു. കേരളത്തിൽ ജയ്ഷയ്ക്കു ജോലി ലഭിക്കുമെന്ന പ്രതീക്ഷ ഭർത്താവ് മുൻ അത്‌ലിറ്റും ലുധിയാനയിൽ പരിശീലകനുമായ ഗുർമീത് സിങ്ങിനും ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പോക്കിൽ മനസുമടുത്തെന്ന് ജയ്ഷ ഓർമിക്കുന്നു.

Read in English >

2016 ൽ റിയോ ഒളിംപിക്സിനു തൊട്ടുപിന്നാലെയാണ് കേരളത്തിൽ പരിശീലകയായി പ്രവർത്തിക്കാനുള്ള ശ്രമം ജയ്ഷ തുടങ്ങിയത്. കേരളത്തിലെ കുരുന്നു പ്രതിഭകളെ കണ്ടെത്തി രാജ്യാന്തര തലത്തിൽ മെഡൽ കൊയ്യുന്നവരായി വളർത്തുക എന്ന ജയ്ഷയുടെ സ്വപ്നം പൂർത്തിയാക്കാമെന്ന് അന്നത്തെ കായികമന്ത്രി ഇ.പി. ജയരാജനാണ് ഉറപ്പു നൽകിയത്. പരിശീലകയാകാനുള്ള ജയ്ഷയുടെ അപേക്ഷ കായിക സെക്രട്ടറിക്ക് അദ്ദേഹം കൈമാറുകയും ചെയ്തു. എന്നാൽ പിന്നീട് വിവാദങ്ങളിൽപ്പെട്ട് ജയരാജനു മന്ത്രിസ്ഥാനം നഷ്ടമായതോടെ ജയ്ഷയുടെ സ്വപ്നം പൂർത്തീകരിക്കാനായില്ല. 

jaisha-letter-to-cm ജയ്ഷ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്ത്.

കേരളപ്പിറവിയുടെ അറുപതാം വാർഷികാഘോഷവേളയിൽ സംസ്ഥാനത്തെ 60 വിശിഷ്ട വ്യക്തികളിലൊരാളായി പങ്കെടുത്ത ജയ്ഷ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ടു സ്പോർട്സ് കൗൺസിലിൽ കോച്ചായി നിയമിക്കണമെന്നു നിവേദനം നൽകി. അനുകൂലമായ നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചതെങ്കിലും പിന്നീട് കാര്യങ്ങൾ മുന്നോട്ടു നീങ്ങിയില്ലെന്നും ജയ്ഷ പറയുന്നു. നിയമനക്കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നു കാണിച്ചു മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു കത്തും ലഭിച്ചു. ഇതിനുപിന്നാലെ മന്ത്രി എ.സി. മൊയ്തീൻ, സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ എന്നിവരെ നേരിൽക്കണ്ടു സംസാരിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.

ഇതിനു പിന്നാലെയാണ്, ജയ്ഷയെ കോച്ചായി നിയമിക്കാൻ തീരുമാനിച്ചെന്ന് 2017 ഏപ്രിലിൽ കേരള സ്പോർട്സ് കൗൺസിലിന്റെ അറിയിപ്പുണ്ടാകുന്നത്. ‘‘ഈ സന്തോഷവാർത്ത കേട്ടയുടൻ കൊൽക്കത്തയിലെ ജോലിയിൽനിന്ന് അവധിയെടുത്ത് ഞാൻ വയനാട്ടിലെത്തി. കേന്ദ്ര സർക്കാരിനു കീഴിലെ ജോലിയിൽ സംതൃപ്തയായിരുന്നുവെങ്കിലും നാട്ടിലെ, പ്രത്യേകിച്ച് ഇടുക്കി, വയനാട് ജില്ലകളിലെ പുതുതലമുറയെ മൽസരങ്ങൾക്കായി സജ്ജമാക്കാം എന്ന സ്വപ്നമായിരുന്നു മനസ്സിൽ. എന്നാൽ കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടു പോയില്ല. തുടർന്ന് കൊൽക്കത്തയിലേക്കു മടങ്ങുകയായിരുന്നു.’’ – ഏഷ്യാഡിലടക്കം സ്വർണനേട്ടങ്ങൾ കൊയ്ത് രാജ്യത്തിന്റെ അഭിമാനമുയർത്തിയ വയനാട്ടിലെ ഈ തൃശിലേരി സ്വദേശിനി പറയുന്നു.

jaisha-complaint-acknowledgment

സ്ഥിരം തസ്തികയിൽ നിയമനം നൽകാമെന്നു പറഞ്ഞ സ്പോർട്സ് കൗൺസിൽ അധികൃതർ നിരന്തര അന്വേഷണങ്ങൾക്കു ശേഷം വേണമെങ്കിൽ തനിക്കും മറ്റു രണ്ടു പേർക്കും കരാർ നിയമനം നൽകാമെന്നു പറഞ്ഞ് കൈമലർത്തുകയായിരുന്നെന്ന് ജയ്ഷ പറയുന്നു. 20 വർഷത്തോളം കായികപരിചയമുള്ള പി.ടി.പൗലോസിനെയും 13 വർഷത്തോളം കേന്ദ്ര സർക്കാർ സർവീസുള്ള തന്നെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കാമെന്നു പറയുന്നത് എങ്ങനെ അംഗീകരിക്കാനാകും. – ജയ്ഷ ചോദിക്കുന്നു.

അതേസമയം, ജയ്ഷയ്ക്കു കേന്ദ്ര സർക്കാരിൽ കേരളത്തിലെ ഒരു കായികപരിശീലകയ്ക്കു ലഭിക്കാവുന്നതിലും കൂടുതൽ ശമ്പളം ലഭിക്കുന്നതിനാൽ ശമ്പളതുല്യത സംബന്ധിച്ച വിഷയത്തിൽ സ്പോർട്സ് കൗൺസിലിലെ ധനവിഭാഗവുമായി ചർച്ച നടക്കുകയാണെന്നാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സ്പോർട്സ് കൗൺസിൽ ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. പക്ഷേ, ശമ്പളം ഇക്കാര്യത്തിൽ ഒരു വിഷയമായി പറഞ്ഞിട്ടില്ലെന്നാണ് ജയ്ഷ പറയുന്നത്. ‘എത്ര ശമ്പളം ലഭിക്കുമെന്നത് ഞാൻ ഇതുവരെ ചോദിച്ചിട്ടില്ല. അത്‌ലറ്റിക് കോച്ചായി നിയമനം മാത്രമാണ് ചോദിച്ചത്. ഇടുക്കിയിലും വയനാട്ടിലും മറ്റും നല്ല കഴിവുള്ള പുതുതലമുറ ഓട്ടക്കാരുണ്ട്. സർക്കാരിൽ നിന്നുളള സഹായം തേടാതെതന്നെ രണ്ടു പേരെ ഞാൻ പരിശീലിപ്പിച്ച് സംസ്ഥാനതലത്തിൽ എത്തിച്ചിട്ടുണ്ട്. കൂടുതൽ പേരെ കേരളത്തിന്റെ അഭിമാനമാക്കി കായികപരമ്പരയ്ക്കു സംഭാവന ചെയ്യാനാണ് ആഗ്രഹം.’ – ജയ്ഷ പറയുന്നു.

jaisha-bronze-asian-games

ഏഷ്യൻ ഗെയിംസിൽ 3000 മീറ്റർ, 5000 മീറ്റർ ഇനങ്ങളിലായി രണ്ടു വെങ്കല മെഡൽ നേടിയ ജയ്ഷ 1500, 3000 മീറ്റർ മൽസരങ്ങളിൽ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ രണ്ടു സ്വർണ മെഡലും നേടിയിട്ടുണ്ട്. 2015 ൽ മാരത്തണിൽ 2:34:43 എന്ന ദേശീയ റെക്കോർഡ് കുറിച്ച ജയ്ഷ 3,000 മീറ്റർ സ്റ്റീപ്പിൾചേസിലെ മുൻ ദേശീയ റെക്കോർഡുകാരിയുമാണ്. 5,000 മീറ്റർ, 3,000 മീറ്റർ, 1,500 മീറ്റർ തുടങ്ങിയ ദീർഘദൂര മൽസരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.