Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം ‘കളികൾക്കു’ വേണ്ടി കൗൺസിൽ ബാസ്കറ്റ്ബോളിനെ തഴഞ്ഞു

Kerala-State-Sports-Council

കോട്ടയം ∙ മെഡൽ‌സഞ്ചി നിറ‍ച്ചുനിൽക്കുന്ന ബാസ്കറ്റ്ബോളിനെ തഴഞ്ഞ്, പകരം അപ്രധാന ഇനങ്ങളെ ‘ഖേലോ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിന്റെ തീരുമാനം വിവാദത്തിലായി. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കഴി​ഞ്ഞയാഴ്ചയാണ് കേന്ദ്ര സർക്കാരിന്റെ കായിക വികസന പദ്ധതിയായ ഖേലോ ഇന്ത്യയിലെ കായിക ഇനങ്ങൾ‌ സംസ്ഥാന സ്പോർട്സ് കൗൺസിൽ വെട്ടിക്കുറച്ചത്. ജനപ്രിയ ഇനമായ ബാസ്കറ്റ്ബോളിനെയും അതിനൊപ്പം ഹോക്കിയെയും ഒഴിവാക്കിയപ്പോൾ കേരളത്തിനു വലിയ ദേശീയ നേട്ടങ്ങൾ സമ്മാനിക്കാത്ത തയ്ക്വാണ്ടോ, ഗുസ്തി എന്നിവയെയെല്ലാം പട്ടികയിൽ നിലനിർത്തി.

അസോസിയേഷനുകളിലെ തർക്കം മൂലം കേന്ദ്രസർക്കാരിന്റെ അംഗീകാരമില്ലാത്ത മൽസരയിനമാണ് ‌തയ്ക്വാണ്ടോ. ജനപ്രിയ ഇനങ്ങളെ തഴഞ്ഞ് കൗൺസിലിന്റെ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങൾ പ്രതിനിധീകരിക്കുന്ന മൽസര ഇനങ്ങൾക്ക് പട്ടികയിൽ മു‌ൻഗണന നൽകിയെന്നും ആക്ഷേപമുണ്ട്. ഖേലോ ഇന്ത്യയിലെ പത്തു കായിക ഇനങ്ങൾ എട്ടായി വെട്ടിക്കുറച്ച കേരള സ്പോർട്സ് കൗൺസിലിന് ടീം ഇനത്തിൽ മൂന്നു മൽസരങ്ങളെയാണ് നിർദേശിക്കാനാകുക. സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും ഏറ്റവുമധികം പ്രചാരമുള്ള കായിക വിനോദമായ ബാസ്‌കറ്റ്‌ബോളിനെ ഒഴിവാക്കിയ കൗൺസിൽ, പകരം ഫുട്ബോൾ, വോളിബോൾ, ഖോഖൊ എന്നിവ നിർദേശിച്ചു. ബാസ്കറ്റ്ബോളിൽ നിലവിൽ യൂത്ത് ആൺകുട്ടികളിൽ ദേശീയ ജേതാക്കളാണ് കേരളം.

യൂത്ത് പെൺകുട്ടികൾ, സബ്ജൂനിയർ പെൺകുട്ടികൾ, ജൂനിയർ ആൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ രണ്ടാംസ്ഥാനക്കാരുമാണ്. ഖേലോ ഇന്ത്യയുടെ പഴയപതിപ്പായ പൈക്കയിൽ ബാസ്കറ്റ്ബോൾ മൽസരയിനമായിരുന്നു. സംസ്ഥാനത്തെ വിവിധ കോളജുകളിലും സ്കൂളുകളിലുമായി സ്‌പോർട്‌സ് കൗൺസിലിന്റെ ബാസ്കറ്റ്ബോൾ പരിശീലന കേന്ദ്രങ്ങളുണ്ട്. ബാസ്കറ്റ്ബോൾ ഒഴിവാക്കപ്പെട്ടതോടെ ഇവിടത്തെ കുട്ടികൾക്ക് ദേശീയ മൽസരങ്ങളിൽ പങ്കെടുക്കുന്നതിനും ഗ്രേസ്മാർക്ക് നേടുന്നതിനുമുള്ള അവസരവും ഇല്ലാതായി.

ഖേലോ ഇന്ത്യയിൽ സംസ്ഥാനതല വിജയികൾക്കും ദേശീയ മൽസരങ്ങളിൽ പങ്കെടുക്കുന്നവർക്കും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഗ്രേസ് മാർക്കുണ്ട്. ഈ മാസം 31നു മുൻപ് ഖേലോ ഇന്ത്യ ജില്ലാ മൽസരങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിനു മുന്നോടിയായി പദ്ധതിയിൽ ബാസ്കറ്റ്ബോളിനെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുൻകാല താരങ്ങൾ സംസ്ഥാന കായിക മന്ത്രിക്കു കത്തയച്ചു.

Your Rating: