ബാഡ്മിന്റനിൽ സുവർണനേട്ടങ്ങളുമായി പി. വി. സിന്ധുവും സൈന നെഹ്‍വാളും. ക്രിക്കറ്റിൽ നേട്ടങ്ങളുടെ കൊടുമുടി കയറി മിതാലി രാജിന്റെ ഇന്ത്യൻ ടീം. ഹർമൻപ്രീത് കൗറിനെപ്പോലെയുള്ള തീപ്പൊരികളുടെ ടീം. ഈ വനിതാമുന്നേറ്റത്തിൽ ഇന്ത്യയിലെ സ്ത്രീസമൂഹം ഒന്നാകെ ഏറെ അഭിമാനിക്കുന്നു, ആഹ്ലാദിക്കുന്നു. മഹത്തായ ഈ നേട്ടങ്ങളുടെ പേരിൽ എത്ര അഭിനന്ദിച്ചാലും മതിയാവില്ല നമ്മുടെ ചുണക്കുട്ടികളെ.
അതേസമയം, കായികരംഗത്തു രാജ്യാന്തര നേട്ടങ്ങൾ കൈവരിക്കുന്ന ഇന്ത്യൻ വനിതാമുഖങ്ങൾക്കിടയിൽ മലയാളികളെ തിരയുന്നവർ പക്ഷേ, നിരാശരാകും. അത്‍ലറ്റിക്സിലെ വനിതാപ്പെരുമ ഒഴിച്ചുനിർത്തിയാൽ കായികലോകത്തു കേരള വനിതകളുടെ പങ്കാളിത്തം അനുദിനം ശുഷ്കിച്ചു വരികയാണ്.
അത്‍ലറ്റിക്സിൽ മലയാളിവനിതകൾ എന്നും രാജ്യത്തിന് അഭിമാനമാണ്. ഒരു സംശയവുമില്ല. പി.ടി. ഉഷയും ഷൈനി വിൽസനുമൊക്കെ ട്രാക്കിൽ കേരളത്തിന്റെ മുദ്ര അടയാളപ്പെടുത്തിയവരാണ്. രാജ്യാന്തര നിലവാരത്തിലേക്ക് എത്താൻ മികവുള്ള പെൺ അത്‍ലീറ്റുകൾ നമുക്ക് ഇപ്പോഴുമുണ്ട്.
പക്ഷേ, മറ്റു രംഗങ്ങളിലേക്കെത്തിയാലോ? ബാസ്കറ്റ്ബോൾ, വോളിബോൾ, ഷൂട്ടിങ് എന്നിവയിൽ വിരലിലെണ്ണാവുന്ന ചിലരെ കണ്ടെത്താം. ബാഡ്മിന്റനിലുമുണ്ട് ഒന്നോ രണ്ടോ പേർ. കഴിഞ്ഞു. എന്താണു നമ്മുടെ നാടിനു പറ്റുന്നത്?
അത്‌ലറ്റിക്സിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടവരാണോ നമ്മൾ? അല്ല. ലോകനിലവാരത്തിലേക്കു വളരാനും ദേശീയതലത്തിൽ തിളങ്ങാനും മികവും ശേഷിയുമുള്ള ഒട്ടേറെ പെൺകുട്ടികൾ കേരളത്തിലുണ്ട്. നഗരങ്ങളെക്കാൾ, ഗ്രാമങ്ങളിലാണു നമ്മുടെ കായിക കരുത്ത്. അത്‍ലറ്റിക്സിൽ നേട്ടങ്ങൾ കൊയ്യുന്നവരെ നോക്കൂ. ഭൂരിഭാഗവും ഗ്രാമീണമേഖലയിൽനിന്നു വരുന്നവരാണ്. പക്ഷേ, മറ്റു കായിക ഇനങ്ങളിലേക്ക് അവർ വരുന്നില്ല. അല്ലെങ്കിൽ, അവരെ തിരിച്ചുവിടാൻ ആളില്ല.
മറ്റു കായികയിനങ്ങളെപ്പറ്റിയും അവയുടെ പ്രാധാന്യത്തെപ്പറ്റിയുമുള്ള അവബോധമില്ലായ്മയാണു പ്രധാന കാരണങ്ങളിലൊന്ന്. ഓടിക്കാനും ചാടിക്കാനുമല്ലാതെ, സ്പെഷലൈസ്ഡ് ഇനങ്ങളിൽ പരിശീലനം നൽകാൻ ശേഷിയുള്ളവരുടെ കുറവും വേണമെങ്കിൽ ഒരു കാരണമായി ചൂണ്ടിക്കാണിക്കാം. പെൺകുട്ടികളെ മത്സരങ്ങൾക്കും പരിശീലനത്തിനും വിടുമ്പോൾ സുരക്ഷ സംബന്ധിച്ചു രക്ഷിതാക്കൾക്കുള്ള ആശങ്കയും ഒരു പ്രശ്നംതന്നെ.
‘ട്രാക്കിനു’ പുറത്തേക്കു മലയാളി പെൺകുട്ടികളെ എത്തിക്കാൻ ചില നിർദേശങ്ങൾ പങ്കുവയ്ക്കട്ടെ:
1. അത്‌ലറ്റിക്സ് ഒഴികെയുള്ള ഇനങ്ങളിൽ പ്രതിഭയുള്ള പെൺകുട്ടികളെ കണ്ടെത്താൻ ഗ്രാമങ്ങളിലേക്കു തിരച്ചിലുകാരെ (സ്കൗട്ട്സ്) അയയ്ക്കണം. അതത് അസോസിയേഷനുകൾക്കോ സ്പോർട്സ് കൗൺസിലിനോ ഇതൊരു പദ്ധതിയായി സ്വീകരിക്കാവുന്നതാണ്.
2. ജനപ്രിയ ഗെയിമുകളെ കൂടുതൽ പരിചയപ്പെടുത്താൻ കേരളത്തിന്റെ പല ഭാഗങ്ങളിലായി ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ അസോസിയേഷനുകൾ തയാറാകണം. സ്ഥിരമായി അത്തരം ടൂർണമെന്റുകൾ കേരളത്തിൽ വരണം. നഗരങ്ങളിൽ മാത്രമൊതുക്കാതെ ഗ്രാമങ്ങളിലേക്കു കായികമേളകൾ പോകട്ടെ.
3. വിവിധ ഗെയിമുകൾക്കായി സ്പോർട്സ് കൗൺസിലിന്റെ ഹോസ്റ്റലുകൾ കേരളത്തിന്റെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. സിലക്‌ഷൻ ട്രയൽസ് വികേന്ദ്രീകരിക്കണം. ഗ്രാമീണ പെൺകുട്ടികൾക്കു കൂടുതലായി പ്രവേശനം നൽകണം.
4. ആധുനിക സൗകര്യങ്ങളുള്ള പരിശീലനകേന്ദ്രങ്ങൾ ഗ്രാമങ്ങളിലും തുടങ്ങുക.
5. മിടുക്കുള്ളവരെ അത്‍ലറ്റിക്സിനു പുറമേയുള്ള ഇനങ്ങളിലേക്കു തിരിച്ചുവിടാൻ കായികാധ്യാപകർ ശ്രദ്ധിക്കുക.
(മുൻ രാജ്യാന്തര അത്‍ലീറ്റും കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അത്‍ലറ്റിക്സ് നിരീക്ഷകയുമാണ് ലേഖിക)