Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പോർട്സ് ഹോസ്റ്റൽ പ്രവേശനം: പിടിമുറുക്കി കൗൺസിൽ

Kerala-State-Sports-Council

മലപ്പുറം ∙ സ്പോർട്സ് ഹോസ്റ്റലുകളിലേക്കുള്ള പ്രവേശനത്തിൽ പിടിമുറുക്കി സംസ്ഥാന സ്പോർട്സ് കൗൺസിൽ. കാലങ്ങളായി തുടർന്നുവന്ന രീതിയിൽ അടിമുടി മാറ്റം വരുത്തിയാകും ഇത്തവണ മുതൽ പ്രവേശനം നടത്തുക. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി യോഗം അതുമായി ബന്ധപ്പെട്ട ഭേദഗതികൾക്ക് അന്തിമരൂപം നൽകി.

ഹോസ്റ്റലുകളിലെ ആറ്, ഏഴ് ക്ലാസുകളിലെ പ്രവേശനത്തിനായി സംസ്ഥാനത്ത് ഏഴു കേന്ദ്രങ്ങളിലായി ആദ്യഘട്ട ട്രയൽസ് നടത്തിയിരുന്നു. അതിൽ 50 ശതമാനത്തിലധികം മാർക്ക് വാങ്ങിയവരെ മാത്രമേ ഹോസ്റ്റലുകളിലേക്കു തിരഞ്ഞെടുക്കുകയുള്ളൂ. കുട്ടികളുടെ ശരീരക്ഷമതയും കായികതാൽപര്യവും കണ്ടെത്താനുള്ള പരിശോധനയാണ് ആദ്യഘട്ടത്തിൽ നടന്നത്. മുൻവർഷങ്ങളിലൊക്കെ 30 ശതമാനത്തിൽ താഴെ മാർക്ക് കിട്ടിയവരെപോലും ഹോസ്റ്റലുകളിൽ പ്രവേശിപ്പിച്ചിരുന്നു. ഇനി, അതുണ്ടാവില്ല.

50 ശതമാനത്തിലധികം മാർക്ക് കിട്ടിയെന്നു കരുതി പ്രവേശനം ഉറപ്പാവുകയില്ല. സിലക്‌ഷൻ പട്ടികയിലുള്ളവർക്കായി അടുത്ത മാസം തിരുവനന്തപുരത്ത് എൽഎൻസിപിഇയിൽ ഒരാഴ്ചത്തെ ക്യാംപ് സംഘടിപ്പിക്കും. ക്യാംപിലെ പ്രകടനംകൂടി വിലയിരുത്തിയശേഷമാകും അന്തിമ തിരഞ്ഞെടുപ്പ്. ഇനി വരാൻ പോകുന്ന പ്ലസ് ‌വൺ, ഡിഗ്രി ട്രയൽസിലും ഇതേ മാനദണ്ഡം പാലിക്കും. അടുത്തയിടെ കായികവകുപ്പിന്റെ കീഴിലാക്കിയ ജിവി രാജ സ്പോർട്സ് സ്കൂൾ, സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് വിദ്യാഭ്യാസ വകുപ്പ് നടത്തിയതിനാൽ ഇനിയുള്ള കാര്യങ്ങളിലാകും കൗൺസിൽ ഇടപെടുക. അവർക്കായിട്ടുള്ള ക്യാംപ് ജിവി രാജയിലാകും നടത്തുക. ഓരോ ഹോസ്റ്റലിലേക്കും പ്രവേശിപ്പിക്കേണ്ട കുട്ടികളുടെ എണ്ണവും നിജപ്പെടുത്തിയിട്ടുണ്ട്.

കാസർകോടുകാരനു തിരുവനന്തപുരത്തും തിരുവനന്തപുരംകാരനു കാസർകോട്ടും പ്രവേശനം നൽകുന്ന രീതിക്കു മാറ്റംവരുത്തി താരങ്ങളുടെ അയൽജില്ലകളിൽ നൽകാൻ പറ്റുമോയെന്നു പരിശോധിക്കും. രണ്ടുവർഷത്തിനുശേഷം കുട്ടികളുടെ പ്രകടനം വിലയിരുത്തി മാർക്കിട്ട്, ഭാവിയില്ലാത്തവരെ പുറത്താക്കാനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.

Your Rating: