ഞാൻ ഇങ്ങു പരലോകത്തെത്തിയിട്ട് മൂന്നു മൂന്നര മണിക്കൂറായി. മക്കളെയെല്ലാം അറിയിച്ചൂന്നല്ലേ മേട്രൻ മറിയാമ്മച്ചേടത്തിയോടു പറഞ്ഞത്. ഒറ്റൊരെണ്ണം ഇതുവരെ എത്തിയില്ല. ആ... ഇങ്ങോട്ടുള്ളതുപോലെ വൺവേ അല്ലല്ലോ, ട്രാഫിക്കും ബ്ലോക്കും എല്ലാം കാണും.
ആ, വന്നല്ലോ ബെൻസ്. ഇതു മൂത്തവൻ, പിഡബ്ല്യുഡി എൻജിനീയർ. നാടാകെ പാലം കെട്ടി, എനിക്കും അവന്റെ അച്ഛനും മുന്നിൽ മതിൽ പണിതവൻ.
ഇനി രണ്ടാമൻ. അവനിതിലേറെ തിരക്കാണ്. കൊടിവച്ച കാറിലാ സർക്കീട്ട്. പല മാതാക്കളെയും സംരക്ഷിക്കുന്നവൻ. അവർക്കായി കഠാരയേന്തുന്നവൻ, അതിനിടയിൽ ഈ മാതാവിനെ വിസ്മരിച്ചതിൽ തെറ്റു പറയാനൊക്കുമോ?
മരുമക്കളും കൊച്ചുമക്കളും എല്ലാം എത്തിയിട്ടുണ്ടല്ലോ.
മുമ്പ് അദ്ദേഹം ഇങ്ങു പോന്നപ്പോഴാണ് എല്ലാരേം ഒന്നു കണ്ടത്. ഒത്തുകൂടാനും ഒരു കാരണം വേണ്ടേ?
എത്രയെത്ര വിസിറ്റിങ് ദിനങ്ങൾ ഞാൻ വഴിക്കണ്ണുമായിരുന്നു, ഇന്നിതാ ജനപ്രവാഹം!
എവിടെ ഫാത്തിമയും മറിയച്ചേടത്തിയും, ജീവിതസായാഹ്നത്തിലെ എന്റെ ഏക സഹയാത്രികർ.
എഴുപതു വർഷത്തെ ഓർമകളുമായി പടിയിറങ്ങിയപ്പോൾ, ഇറങ്ങിയതാണോ ഇറക്കിയതല്ലേ, പോട്ടെ... ആകെ ഒരു ശൂന്യതയായിരുന്നു. ജീവിതം തന്നെ വ്യർഥമായി തോന്നിയ കാലം. അന്ന് ഇവരാണു കൂട്ടായത്. മെല്ലെ മെല്ലെ ഞാനും ഇവിടം ഇഷ്ടപ്പെട്ടു തുടങ്ങി. എല്ലാം മറന്ന്, എല്ലാവർക്കും മാപ്പുനൽകി ഞങ്ങളും സന്തോഷങ്ങൾ കണ്ടെത്തി ജീവിക്കാനാരംഭിച്ചു.
ബന്ധുജനങ്ങളെപ്പോലെ ഇടയ്ക്കിടെ വന്നു മറയുന്ന രോഗങ്ങൾ ഒഴിച്ചാൽ എല്ലാം ശാന്തമായിരുന്നു.
എന്താണവിടെ ഒരു ചർച്ച? അഡ്വക്കറ്റ് എത്തിയെന്നു തോന്നുന്നു.
‘‘നിങ്ങടെ അമ്മയുടെ ഓരോ പിടിവാശികൾ, മരിച്ചിട്ടെവിടെ ആയാലെന്താ? തറവാടു പൊളിച്ച് റിസോർട്ട് പണിയാൻ തീരുമാനിച്ചതല്ലേ. എഗ്രിമെന്റും എഴുതി.’’
മരുമകളാണ്. വലിയ ബിസിനസ് ഫാമിലീലെ കുട്ടിയാ. അതുകൊണ്ടുതന്നെ എല്ലാം ബിസിനസാ.
‘‘നീ പറയുംപോലെ അല്ല. വക്കീൽ പറഞ്ഞതു നീയും കേട്ടില്ലേ. അമ്മയെ അവിടെ അടക്കിയാൽ മാത്രമേ തറവാട് എനിക്കു കിട്ടൂ. ഇല്ലെങ്കിൽ എല്ലാം ഈ വൃദ്ധസദനത്തിനു വന്നുചേരും. ഒന്നും രണ്ടും രൂപയല്ല, അമ്മയുടെ ഒരു പിടിവാശി നോക്കണേ!’’
‘പിടിവാശിയോ?’ ഞാൻ വാശിക്കാരിയായിരുന്നോ? തറവാടിന്റെ അന്തസ്സ് കാക്കാനായി എന്റെ സ്വപ്നങ്ങളെ ഞാൻ താലിച്ചരടിൽ തൂക്കിലേറ്റി. പിടിവാശിക്കാരിയെന്ന ലേബൽ എനിക്കേകിയ നിന്റെ ജീവിതം പോലും എന്റെ പഠനസ്വപ്നങ്ങളുടെ ചിതയിൽ കാച്ചിയെടുത്തവയാണ്.
വീടു പണിതതും മക്കളെ വളർത്തിയതും എല്ലാം സിന്ദൂരത്തിൽ വരച്ച ലക്ഷ്മണരേഖയ്ക്കുള്ളിലായിരുന്നു. എന്തിനേറെ, എന്റെ പ്രാണൻ ഈ സ്നേഹസദനത്തിൽവച്ചു പൊലിഞ്ഞതുപോലും നിങ്ങളിൽ പലരുടെയും ഇഷ്ടത്തിനല്ലേ? ഇനിയുള്ള ശാന്തനിദ്രയ്ക്കെങ്കിലും വാശിപിടിക്കാൻ എനിക്കവകാശമില്ലേ? വല്ലാതെ തണുക്കുന്നു, ഇനി എത്ര നാൾ ഈ മൊബൈൽ മോർച്ചറിയിൽ കഴിയണം, എന്റെ വേരുള്ള മണ്ണിലേക്കെത്താൻ – ഈ പിടിവാശിക്കാരി.