Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴവട്ടത്തിന്റെ ഇടവേളയ്ക്കു ശേഷം മൂന്നാറിൽ നീലവിസ്മയം

Author Details
neelakkurinji.2

മഹാപ്രളയത്തിനുശേഷം അതിജീവനത്തിന്റെ പൂക്കൾ വിരിയുന്നപോലെ മൂന്നാറിൽ നീലക്കുറിഞ്ഞികൾ പൂവിടുകയാണ്. മഴ മാറി മാനം തെളിഞ്ഞതോടെ, രാജമലയിലും കൊളുക്കുമലയിലും കുറിഞ്ഞികളുടെ പൂക്കാലമാണിപ്പോൾ. രാജമലയിലെ മഞ്ഞുതുള്ളികളിൽ നീലക്കുറിഞ്ഞികളുടെ മഷിക്കൂട്ട്... കൊളുക്കുമലയിൽ നീലക്കടലിന്റെ രാഗമാല...

2006 ഓഗസ്റ്റിലായിരുന്നു മൂന്നാർ മലനിരകളിൽ ഏറ്റവും ഒടുവിലായി നീലക്കുറിഞ്ഞികൾ പൂത്തത്. നീലവിസ്മയം കാണാൻ അന്നു മൂന്നാറിലേക്കൊഴുകിയത് അഞ്ചു ലക്ഷത്തോളം പേർ. 2006 ഓഗസ്റ്റ് മുതൽ മൂതൽ മൂന്നു മാസംവരെ കുറിഞ്ഞികൾ പൂത്തു നിന്നു. 

ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിലാവും ഏറ്റവും കൂടുതൽ കുറിഞ്ഞികൾ പൂക്കുന്നതെന്നായിരുന്നു വനം വകുപ്പിന്റെ കണക്കുകൂട്ടൽ. വാട്സാപും സെൽഫിയുമെല്ലാം ജനകീയമായതിനുശേഷമുള്ള ആദ്യ കുറിഞ്ഞിക്കാലത്തിനായി കാത്തിരിക്കുകയായിരുന്നു സഞ്ചാരികളും. പക്ഷേ, രാജമലയിൽ മൊട്ടിടുന്നതിന് ഏറെ മുൻപു മറയൂരിൽ നീലക്കുറിഞ്ഞികൾ വിടർന്നു. 

ഈ നീലക്കുറിഞ്ഞിക്കാലത്ത് എട്ടു ലക്ഷത്തോളം സന്ദർശകർ മൂന്നാറിലെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, പ്രതീക്ഷിക്കാതെ എത്തിയ കൊടുംപ്രളയം സകല കണക്കുകൂട്ടലുകളും തെറ്റിച്ചു. മഴക്കാലം കുറിഞ്ഞിയുടെ ശോഭ തെല്ലൊന്നു കുറച്ചുവെങ്കിലും 12 വർഷത്തിലൊരിക്കൽ പൂവിടുന്ന നീലകുറിഞ്ഞികളെ കാണാൻ ഏറെ സന്ദർശകർ ഇപ്പോൾ എത്തുന്നുണ്ട്. 

കുറിഞ്ഞികളുടെ റാണി

വ്യാഴവട്ടത്തിന്റെ ഇടവേളകളിൽ മാത്രം മിഴി തുറക്കുന്ന, സ്ട്രൊബൈലാന്തസ് കുന്തിയാനസ് (Strobilathes Kunthianus) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നതാണു നീലക്കുറിഞ്ഞികൾ. കുറിഞ്ഞി വർഗത്തിലെ റാണിയാണു നീലക്കുറിഞ്ഞി. ജൂലൈ മുതൽ നവംബർ വരെയാണു പൂക്കാലം. നീലക്കുറിഞ്ഞിയെന്നു പേരുണ്ടെങ്കിലും പൂക്കൾ ശരിക്കും നീലയല്ല. നീലയ്ക്കും ഊതനിറത്തിനും ഇടയിലാണിതിന്റെ സ്ഥാനം. സമുദ്രനിരപ്പിൽനിന്ന് 1400 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പുൽമേടുകളിലാണ് ഇവ കൂട്ടത്തോടെ പൂക്കുക. 

അക്കാന്തേസ്യാ സസ്യകുടുംബത്തിൽപെട്ട കുറിഞ്ഞിക്ക് ഏഷ്യയിൽ മുന്നൂറിൽപരം വകഭേദങ്ങൾ ഉള്ളതായാണ് സസ്യ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പശ്ചിമഘട്ട മലനിരകളെ ലോക പൈതൃക പദവിയിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച കുറിഞ്ഞി വർഗത്തിന്റെ 40 ഇനങ്ങൾ മൂന്നാറിലുണ്ട്. വർഷത്തിൽ ഒരിക്കൽ പൂക്കുന്ന സ്ട്രൊബിലാന്തസ് സെസിലിസ് മുതൽ 16 വർഷ ഇടവേളകളിൽ മാത്രം പൂവിടുന്ന ചോലക്കുറിഞ്ഞി വരെ ഇതിൽപെടും. എന്നാൽ, ഭൂരിഭാഗം ഇനങ്ങളുടെയും പൂവിടൽ കാലം ഒരു വ്യാഴവട്ടമാണ്. ഋതുഭേദങ്ങളുമായി ഈ സസ്യകുടുംബത്തിനു ബന്ധമില്ലെന്നതിനാൽ കൃത്യമായ ഇടവേളകളായിരിക്കും ഇവയുടെ കാലചക്രത്തിന്. 

ജന്മം നൽകിയ തലമുറയെ കാണാതെ...

ഒരിക്കൽ മാത്രം പുഷ്പിക്കുകയും വിത്തുൽപാദനം പൂർത്തിയാക്കി സ്വയംനാശത്തിലേക്കു വഴുതി വീഴുകയും ചെയ്യുന്നതാണു കുറിഞ്ഞികളുടെ ജീവിതഘട്ടം. വേനൽക്കാലം കഴിഞ്ഞു പുതുമഴ പെയ്യുന്നതിനൊപ്പം കുറിഞ്ഞിവിത്തുകൾ മുളച്ച്, കുറിഞ്ഞിത്തൈകൾ ഉണ്ടാകും. ഒരു ചതുരശ്ര മീറ്ററിൽ ഏകദേശം 700 തൈകളാണുണ്ടാകുക. ഒന്നര മുതൽ 10 അടി വരെ ഉയരത്തിൽ കുറ്റിയായി വളരുന്നവയാണു കുറിഞ്ഞി ഇനങ്ങളിൽ പലതും.  ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിൽ മാത്രം 20 ഇനം കുറിഞ്ഞികളുണ്ടെന്ന് ഇരവികുളം ദേശീയോദ്യാനം അസി. വൈൽഡ് ലൈഫ് വാർഡൻ എസ്.സന്ദീപ് പറഞ്ഞു. ഓരോ ചെടിയിലും ആയിരക്കണക്കിനു പൂക്കളാണു വിരിയുക. 

മഴയില്ലാത്ത കാലാവസ്ഥയാണെങ്കിൽ, പൂവിട്ട് മൂന്നു മാസംവരെ കുറിഞ്ഞിപ്പൂക്കൾ നിൽക്കും. തുടർന്ന് ഇവ കരിഞ്ഞ് വിത്തുകൾ മണ്ണിൽ വീഴുന്നതോടെ ചെടികൾ നശിക്കും. മണ്ണിൽ 12 വർഷം നീളുന്ന നിദ്രയ്ക്കൊടുവിൽ വീണ്ടും ഈ വിത്തുകൾ മുളപൊട്ടിയാണു കുറിഞ്ഞിച്ചെടികൾ വളരുന്നത്. തങ്ങൾക്കു ജന്മം നൽകിയ തലമുറയെ കാണാൻ കഴിയില്ലെന്നതാണു കുറിഞ്ഞിയുടെ പ്രത്യേകതകളിലൊന്ന്. പുൽമേടുകളിൽ വേനൽക്കാലത്തു കാട്ടുതീ പടരാറുണ്ടെങ്കിലും അവിടെയുള്ള കുറിഞ്ഞികൾ തീയിൽനിന്നു രക്ഷപ്പെടും. കുറിഞ്ഞിയുടെ ചുവടു ഭാഗം അഗ്നിക്കിരയാകാത്തതാകണം ഇതിന്റെ കാരണം. 

പശ്ചിമഘട്ടത്തിൽ 64  ഇനം

ലോകത്ത് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന കുറിഞ്ഞികൾ ഏകദേശം 450 ഇനങ്ങളുണ്ട്. ഇവയിൽ 40 ശതമാനവും ഇന്ത്യയിലാണ്. പശ്ചിമഘട്ടത്തിൽ മാത്രം 64 ഇനം കുറിഞ്ഞികൾ ഉണ്ടെന്നാണ് ഈയിടെ നടന്ന പഠനം തെളിയിക്കുന്നതെന്നു കോട്ടയം പാലാ സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം മേധാവി പ്രഫ. ജോമി അഗസ്റ്റിൻ പറയുന്നു.  

പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണപ്പെടുന്ന സ്ഥാനീക ഇനങ്ങളാണിവ. ലോകത്തു മറ്റൊരിടത്തും ഇവയെ കാണാൻ കഴിയില്ല. കേരളത്തിലെ ഹൈറേഞ്ചുകളിലാണു കുറിഞ്ഞികളുടെ കൂടുതൽ ഇനങ്ങൾ. ഹൈറേഞ്ചിലെ മലമുകളിലും പുൽമേട്ടിലും ചോലവനങ്ങളിലുമായി 32 ഇനം കുറിഞ്ഞികളെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രഫ. ജോമി പറയുന്നു. 

 പശ്ചിമഘട്ടത്തിലെ കുറിഞ്ഞികളുടെ വൈവിധ്യം ഇതുവരെ പൂർണമായും കണ്ടെത്തിയിട്ടില്ല. അടുത്തകാലത്തു കണ്ടെത്തിയ പുതിയ തരം കുറിഞ്ഞികളായ സ്ട്രൊബൈലാന്തസ് സെയിൻതോമിയാനസ്, സ്ട്രൊബൈലാന്തസ് ജോമി, സ്ട്രൊബൈലാന്തസ് കണ്ണനി, സ്ട്രൊബൈലാന്തസ് അഗസ്ത്യമലയാന എന്നിവ ഇനിയും ഇവിടെ പുതിയ ഇനങ്ങൾ കണ്ടുപിടിക്കാനുണ്ടെന്നുള്ളതിനു തെളിവാണ്.  

മൂന്നാറിലെ കുറിഞ്ഞികളിലും ‘ഗ്രൂപ്പ്’

നീലക്കുറിഞ്ഞിക്കു പേരുകേട്ട മൂന്നാറിലും പരിസരങ്ങളിലും രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് ഇവ വളരുന്നത്. ചൊക്രമുടിയിലും മാട്ടുപ്പെട്ടി കന്നിമലഭാഗത്തും ലോക്ക് ഹാർട്ട് ഗ്യാപ്പിലും കാണപ്പെടുന്നവയാണ് ഒരു ഗ്രൂപ്പ്. ഈ ഭാഗത്തെ നീലക്കുറിഞ്ഞികൾ മറ്റൊരു വ്യാഴവട്ടചക്രം തീർക്കുന്നു. 1990, 2002, 2014 വർഷങ്ങളിലായിരുന്നു ആദ്യ ഗ്രൂപ്പിൽപ്പെട്ടവർ ഈ മേഖലകളിൽ പൂത്തത്. രണ്ടാമത്തെ ഗ്രൂപ്പിൽപ്പെട്ടവർ ഇരവികുളത്തും രാജമലയിലുമാണു പൂവിട്ടിരിക്കുന്നത്. 

നീലഗിരിയിലെയും കൊടൈക്കനാലിലെയും മൂന്നാറിലെയും പൂക്കാലം ഒന്നാണ്. നീലഗിരിക്ക് (ബ്ലൂ മൗണ്ടൻസ്) എന്ന പേരു വീണതിനു പിന്നിൽ നീലക്കുറിഞ്ഞി പൂക്കുന്ന കാലത്തു മലകൾ മരതകപ്പട്ടുടുക്കുന്നതിനാലാണ്. 1970, 1982, 1994, 2006 എന്നീ വർഷങ്ങളിൽ ഈ ഭാഗങ്ങളിൽ രണ്ടാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുന്ന നീലക്കുറിഞ്ഞി പൂത്തതായി രേഖകളുണ്ട്.

കുറിഞ്ഞികൾ എവിടെയൊക്കെ കാണപ്പെടുന്നു? 

സമുദ്രനിരപ്പിൽനിന്ന് 1400 മീറ്റർ ഉയരത്തിലുള്ള പുൽമേടുകളിൽ. ലോകത്താകെ 450ൽ പരം കുറിഞ്ഞികൾ. ഈ ചെടികളിൽ  40 ശതമാനവും ഇന്ത്യയിൽ. മൂന്നാറിൽ 40 ഇനങ്ങൾ.പശ്ചിമഘട്ടത്തിൽ മാത്രം 64 ഇനം.

strobilanthes_kunthianas സ്ട്രൊബൈലാന്തസ് കുന്തിയാനസ്

സ്ട്രൊബൈലാന്തസ് കുന്തിയാനസ് (Strobilathes Kunthianus)

പൂക്കാലം: 2018 ജൂലൈ – നവംബർ. അടുത്തത് 2030ൽ

നിറം: നീലയ്ക്കും ഊതനിറത്തിനും ഇടയിൽ

പൂവിടൽ കാലം: 12 വർഷം

സസ്യകുടുംബം: അക്കാന്തേസ്യാ

strobilanthes_andersonii സ്ട്രൊബൈലാന്തസ് ആന്റേഴ്സണീ

സ്ട്രൊബൈലാന്തസ് ആന്റേഴ്സണീ(Strobilanthes andersonii)

ഇരവികുളത്ത് മാത്രം. 10 വർഷം. 

20 അടിയോളം പൊക്കം വയ്ക്കും.

ഇളം നീല നിറത്തിൽ പൂക്കൾ.‌

strobilanthes_gracilis സ്ട്രൊബൈലാന്തസ് ഗ്രാസിലിസ്

സ്ട്രൊബൈലാന്തസ്  ഗ്രാസിലിസ് - മരക്കുറിഞ്ഞി  (Strobilanthes gracilis) 

5–8 മീറ്റർ വരെ ഉയരത്തിൽ വളരും. ആവാസ കേന്ദ്രം ചോലവനങ്ങളാണ്. 10 വർഷത്തെ വളർച്ചയ്ക്കുശേഷം പൂവിടുന്നു. 

strobilanthes_pulneyensis സ്ട്രൊബൈലാന്തസ് പളനിയൻസിസ്

സ്ട്രൊബൈലാന്തസ്  പളനിയൻസിസ് (Strobilanthes pulneyensis)

പൂക്കാല സ്പോട്ടുകളിൽ മിക്കയിടത്തും കാണാറുണ്ട്.  പൂവിടൽ വർഷംതോറും.

strobilanthes_wightianus സ്ട്രൊബൈലാന്തസ് വൈറ്റിയാനസ്

സ്ട്രൊബൈലാന്തസ്  വൈറ്റിയാനസ് (Strobilanthes wightianus)

തിങ്ങിക്കൂടിയ ഇലകളോടുള്ളത്.പശ്ചിമഘട്ടത്തിന്റെ തെക്കൻ ഭാഗങ്ങളിൽ സാധാരണം.ഇളം വയലറ്റ്, നീല പൂക്കൾ

strobilanthes_zenkerianus സ്ട്രൊബൈലാന്തസ് സെങ്കേറിയാനസ്

സ്ട്രൊബൈലാന്തസ്  സെങ്കേറിയാനസ് (Strobilanthes zenkerianus)

ചോലവനത്തിൽ പൂവിടുന്ന ഇനം. പൂവിടുന്നത് 16 വർഷത്തെ വളർച്ചയ്ക്കുശേഷം

സ്ട്രൊബൈലാന്തസ് സീലിയേറ്റ്സ് Strobilanthes ciliatus

എല്ലായിടത്തും (500 മീറ്ററിനു താഴെ).ഒരു  വർഷം കൊണ്ട് പൂവിടും

strobilanthes_lurides സ്ട്രൊബൈലാന്തസ് ലൂറിഡസ്

സ്ട്രൊബൈലാന്തസ് ലൂറിഡസ് (Strobilanthes luridus)

ഇരുണ്ട് തവിട്ടുനിറം. തിരിപോലെ  പൂക്കുലയുള്ളവ. എട്ടു മീറ്ററോളം ഉയരത്തിലെത്തും

strobilanthes_sessilis സ്ട്രൊബൈലാന്തസ് സെസിലിസ്

സ്ട്രൊബൈലാന്തസ് സെസിലിസ് (Strobilanthes sessilis.)

എല്ലാവർഷവും പൂക്കുന്ന ഇനം

hamiltoniana സ്ട്രൊബൈലാന്തസ് ഹാമിൽട്ടോണിയാന

സ്ട്രൊബൈലാന്തസ്  ഹാമിൽട്ടോണിയാന (Strobilanthes hamiltoniana)

ചൈനീസ് റെയിന്‍ബെൽ എന്നും അറിയപ്പെടുന്നു. 400–1500 മീറ്റർ പൊക്കത്തില്‍ പൂക്കും

strobilanthes_perrottetianus സ്ട്രൊബൈലാന്തസ് പെറോട്ടീട്ടിയാന

സ്ട്രൊബൈലാന്തസ്  പെറോട്ടീട്ടിയാന (Strobilanthes perrottetianus)

സൈലന്റ് വാലിയിൽ കൂടുതലായി കാണപ്പെടുന്നു. 10 വർഷത്തെ ഇടവേളയിൽ പൂക്കാലം

strobilanthes_urceolaris സ്ട്രൊബൈലാന്തസ് ഉർസീയോലാരിസ്

സ്ട്രൊബൈലാന്തസ്  ഉർസീയോലാരിസ് (Strobilanthes  urceolaris)

ചോലവനങ്ങളിൽ സാധാരണ കാണപ്പെടുന്നു. പഞ്ഞിക്കുറിഞ്ഞി എന്നും വിളിക്കപ്പെടുന്ന ഇവയുടെ പൂക്കൾ ചെറുതും വെളുത്തതുമാണ്.

strobilanthes_amabilis സ്ട്രൊബൈലാന്തസ് അമാബിലിസ്

സ്ട്രൊബൈലാന്തസ്   അമാബിലിസ് (Strobilanthes amabilis).

സൈലന്റ് വാലിയിൽ മാത്രം.  പത്ത് വർഷം.

strobilanthes_foliosus സ്ട്രൊബൈലാന്തസ് ഫോളിയോസസ്

സ്ട്രൊബൈലാന്തസ്  ഫോളിയോസസ് (Strobilanthes foliosus)

മൂന്നാറിൽ കാണപ്പെടുന്നു, 2 വർഷം കൊണ്ടുപൂവിടും.

strobilanthes_homotropus സ്ട്രൊബൈലാന്തസ് ഹോമോട്രോപസ്

സ്ട്രൊബൈലാന്തസ്  ഹോമോട്രോപസ് (Strobilanthes homotropus) - ചോലക്കുറിഞ്ഞി  

ഹൈറേഞ്ചിലെ ചോലവനങ്ങളിൽ മാത്രം വളരുന്നു.പൂവിടുന്നത് 10 വർഷത്തെ വളർച്ചയ്ക്കുശേഷം

strobilanthes_heyneanus സ്ട്രൊബൈലാന്തസ് ഹെയ്നിയാനസ്

സ്ട്രൊബൈലാന്തസ്   ഹെയ്നിയാനസ് (Strobilanthes heyneanus)

കാസർകോട്ടെ വനത്തിൽ 2015ലാണ് ആദ്യം കണ്ടെത്തിയത്. പൂവിടുന്നതിനു 4 വർഷം

(ചിത്രങ്ങൾക്കു കടപ്പാട്: ഇ. കുഞ്ഞികൃഷ്ണൻ, റിട്ട. പ്രഫ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, സുവോളജി വിഭാഗം)

പൂവിടാൻ എന്തിന് 12 വർഷം?

സസ്യങ്ങളിലെ പൂവിടൽ രണ്ടു തരത്തിൽ. ഒന്ന് വർഷം തോറും പൂവിടുന്നവ, രണ്ടാമത്തെ ഗണം വർഷങ്ങളുടെ വളർച്ച നേടി ഒരിക്കൽ പൂവണിഞ്ഞ് ഉണങ്ങുന്നവയാണ്. നീലക്കുറിഞ്ഞി ഈ ഗണത്തിൽ!

കുറിഞ്ഞികളിലെ ‘ബിഗ് ബാങ്’

കുറി‍ഞ്ഞികൾ പൂക്കാലമാകുമ്പോൾ പരമാവധി പുനരുൽപാദനത്തിനു ശ്രമിക്കും.ഇതു പ്രത്യുൽപാദന മഹാ വിസ്ഫോടനം (Reproductive mega big bang) എന്നറിയപ്പെടുന്നു.കൂടുതൽ പൂക്കളെ ഉൽപാദിപ്പിക്കാനും ഉണ്ടാകുന്ന പൂക്കളെയെല്ലാം പരാഗണവിധേയമാക്കി വിത്തുൽപാദനം നടത്താനും സസ്യം ശ്രമിക്കും.

പൂവിടൽ ഇങ്ങനെ

1. സസ്യത്തിലെ മൊത്തം പോഷക ഗുണങ്ങളും പൂവിടലിന് ഉപയോഗിക്കം. 

2. ഇതു തണ്ടിലും ഇലകളിലും പോഷണ– ലവണ നഷ്ടം ഉണ്ടാക്കും, ചെടി ഉണങ്ങും

പൂക്കാലം എങ്ങനെയറിയാം?

കുറിഞ്ഞിച്ചെടികളുടെ കാണ്ഡാഗ്രഭാഗം വശത്തേക്ക് ചെരിഞ്ഞ് വളർച്ച മുരടിച്ചാൽ ഉറപ്പിക്കാം...അടുത്തവർഷം പൂക്കാലം.

Nilgiri-Thar രാജമലയിൽ നീലക്കുറിഞ്ഞികൾക്കിടയിൽ വരയാട്

കുറിഞ്ഞി ‘കടത്തിയാൽ’ അകത്ത്

‘‘നീലക്കുറിഞ്ഞി കണ്ടാൽ അതു പറിക്കരുത്. കുറിഞ്ഞിച്ചെടികൾ പറിച്ചു കൊണ്ടുപോകുന്നതു ശിക്ഷാർഹമാണ്. പൂക്കൾ പറിക്കുന്നതോടെ അവ വാടും. ചെടികൾ മറ്റു സ്ഥലങ്ങളിൽ വളരുക പതിവില്ല. കാണുക, ആസ്വദിക്കുക. വരുംതലമുറയ്ക്കായി ചെടികൾ നശിപ്പിക്കാതിരിക്കുക.’’ – വനം-വന്യജീവി വിഭാഗത്തിന്റെ അഭ്യർഥന ഇതാണ്. നീലക്കുറിഞ്ഞിച്ചെടികളെ ആസ്വദിക്കുന്നതിനു പകരം കടത്തുകയാണു പലരുടെയും വിനോദം. 

വനാതിർത്തിയിലെ കുറിഞ്ഞിച്ചെടികൾ കടത്തുന്നതും നശിപ്പിക്കുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വനം – വന്യജീവി സംരക്ഷണ നിയമങ്ങൾ പ്രകാരം കുറ്റക്കാർക്കെതിരെ കേസെടുക്കാം. വനമേഖലയിൽ അനധികൃതമായി പ്രവേശിച്ചു നീലക്കുറിഞ്ഞി കടത്തിയാൽ മൂന്നു മുതൽ ഏഴു വർഷം വരെ തടവും കാൽ ലക്ഷം രൂപ വരെ പിഴയും ലഭിക്കും. വനത്തിനു പുറത്തുള്ള സ്ഥലത്തുനിന്നു കുറിഞ്ഞി പറിച്ചാൽ 2000 രൂപ പിഴ ചുമത്താനാണു സർക്കാർ തീരുമാനം.

കുറിഞ്ഞി ‘രാഗം’

കുറിഞ്ഞിപ്പൂവും കുറിഞ്ഞി രാഗവും തമ്മിൽ തേൻമധുരമായ ബന്ധമുണ്ട്. നയനാനന്ദകരമായ കുറിഞ്ഞിപ്പൂക്കളെപ്പോലെയാണു ശ്രുതിമധുരമായ ‘കുറിഞ്ഞി’ രാഗവും. ഇതിനെ ‘കുറിഞ്ചി’ രാഗമെന്നും ചിലർ പറയുന്നു. കർണാടക സംഗീതത്തിന്റെ മേളകർത്താരാഗമായ ധീര ശങ്കരാഭരണത്തിന്റെ ഒരു ജന്യരാഗമാണു ‘കുറിഞ്ഞി’ അഥവാ ‘കുറിഞ്ചി’. കുറി​ഞ്ഞിപ്പൂക്കളുടെ നിറവ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ കുറിഞ്ഞിയുടെ മറ്റു ചില ജന്യരാഗങ്ങളും സംഗീത സമ്രാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.  കാർമേഘത്തിന്റെ നിറമുള്ള കുറിഞ്ഞിക്കായി സൃഷ്ടിച്ചതാണതത്രേ ‘മേഘരാഗക്കുറിഞ്ചി’. മഞ്ഞ നിറമുള്ള കുറിഞ്ഞിപ്പൂക്കൾക്കു ‘പൊൻവർണക്കുറിഞ്ചി’.  താരാട്ടിന്റെ ഈണമുറങ്ങുന്ന ‘നീലാംബരിരാഗ’വും നീലക്കുറിഞ്ഞിക്കു വേണ്ടി സൃഷ്ടിച്ചതാണത്രേ. 

ഈ മാസം മാത്രം

മഴയിൽ കണ്ണുനട്ടിരിക്കുകയാണു വനം–ടൂറിസം വകുപ്പുകൾ. മഴ പെയ്യാതിരുന്നാൽ 15 മുതൽ  20 ദിവസം വരെ രാജമലയിലെ കുറിഞ്ഞിപ്പൂക്കൾ വാടാതെ നിൽക്കുമെന്നു മൂന്നാർ വൈൽഡ് ലൈഫ് വാർ‍ഡൻ ആർ.ലക്ഷ്മി പറഞ്ഞു. ഈ മാസം അവസാനംവരെ കുറിഞ്ഞികൾ പൂത്തു നിൽക്കുമെന്നാണു കരുതുന്നത്.

പോകേണ്ടതിങ്ങനെ

രാജമല: പഴയ മൂന്നാറിലെ ഹൈ ഓൾട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. അവിടെയുള്ള വനം വകുപ്പിന്റെ കൗണ്ടറിൽനിന്നു ടിക്കറ്റുകൾ വാങ്ങി, ജീപ്പുകളിലോ കെഎസ്ആർടിസി ബസിലോ മൂന്നാറിൽനിന്ന് ആറു കിലോമീറ്റർ ദൂരെയുള്ള അഞ്ചാം മൈലിൽ എത്താം.തുടർന്ന് വനം വകുപ്പിന്റെ വാഹനങ്ങളിൽ ഏഴു കിലോമീറ്റർ സഞ്ചരിക്കണം.

കൊളുക്കുമല: മൂന്നാറിൽനിന്നു ദേവികുളം – ചിന്നക്കനാൽ വഴി സൂര്യനെല്ലി. തുടർന്ന് സ്വകാര്യ തേയിലത്തോട്ടത്തിലൂടെ 12 കിലോമീറ്റർ ജീപ്പ്മാർഗം സഞ്ചരിച്ചാൽ കൊളുക്കുമ.

ബുക്കിങ്

ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.www.eravikulamnationalpark.in, www.munnarwildlife.com.ഒരു ദിവസം 4000 പേർക്കു പ്രവേശനം. 

ടിക്കറ്റ് നിരക്ക്: മുതിർന്നവർ – 120 രൂപ, കുട്ടികൾ – 90 രൂപ. പ്രവേശന സമയം–രാവിലെ ഏഴു മുതൽ വൈകിട്ടു നാലു വരെ. ഫോൺ: 8547603199, 8301024187.

ആപ്പ്

സഞ്ചാരികൾക്ക് ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പുറത്തിറക്കിയ  ‘നീലക്കുറിഞ്ഞി 2018’ (Neelakkurinji2018), ആപ്പ് പ്ലേസ്റ്റോറിൽ ലഭിക്കും.മറ്റുവിശദാംശങ്ങൾ ഇതിൽ ലഭ്യം.