Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രത്തെ അഗാധമാക്കിയ ഗുരു; നൂറിന്റെ നിറവിൽ ശ്രീലങ്കൻ യാത്ര

Author Details
Narayana-Guru വര: അജിൻ കെ.കെ.

ഹ്രസ്വമായിരുന്നു ആ രണ്ടു യാത്രകളും. എന്നിട്ടും ഗുരുദേവന്റെ ജീവിതത്തിലെ മായാത്ത പാദമുദ്രകളായി ആ യാത്ര ചരിത്രത്തിലിടം നേടി. ‌

100 വർഷത്തെ ഋഷിതുല്യമായ കാത്തിരിപ്പുപോലെ പ്രശാന്തമാണു കൊളംബോയിലെ ബ്രോഡ് വേ ലയാർഡ്‌സ് റോഡിലെ ശ്രീനാരായണ സൊസൈറ്റി മലയാളി മന്ദിരം. തിരക്കേറിയ റോഡുകൾക്കു നടുവിൽ ത്രികോണാകൃതിയിൽ ചെറിയൊരിടം. അതിലൊരു പുരാതന മന്ദിരം. കൊളംബോയിലെ മലയാളി സമൂഹത്തിന് ആകെയുള്ളതു ഗുരുവിന്റെ പേരിലുള്ള ഈ മണ്ണും 83 വർഷം പഴക്കമുള്ള മന്ദിരവുമാണ്. നൂറ്റാണ്ടിന്റെ സുഗന്ധമുള്ള ഓർമകൾ. 

ഗുരുദേവന്റെ ഛായാരൂപത്തിനു മുന്നിൽ ആമ്പൽപൂക്കൾ തളർന്നുറങ്ങുന്നു. ആമ്പൽ ശ്രീലങ്കയുടെ പവിത്രപുഷ്‌പമാണ്. പോയാഡേ എന്നു ശ്രീലങ്കക്കാർ വിളിക്കുന്ന ബുദ്ധപൂർണിമ ദിനത്തിൽ ആമ്പൽപൂക്കൾ തളികയിലർപ്പിച്ച് എത്രയോ പ്രാർഥനകൾ..... നഗരമധ്യത്തിലെ ഗംഗാരാമയ്യ ക്ഷേത്രം മുതൽ കാൻഡിയിലെ ദിവ്യദന്തക്ഷേത്രം വരെ നൂറുകണക്കിനു ബുദ്ധക്ഷേത്രങ്ങളുടെ ഭൂമിക. 

ആദ്യ പ്രവാസി ഭൂമിക

കൊളമ്പ്– മലയാളിയുടെ പ്രവാസ ജീവിതത്തിന്റെ ആദ്യ മണ്ണാണ്. ഗൾഫ് രാജ്യങ്ങൾ കുടിയേറ്റത്തിന്റെ നവചക്രവാളം തുറന്നിട്ടതോടെ മലയാളി കൊളമ്പ് വിട്ടു പുതിയ മേച്ചിൽപുറങ്ങൾ തേടി. കുടിയേറ്റത്തിന്റെ രണ്ടാംതലമുറ സിംഹളരോ തമിഴരോ ആയി. നേർത്തുപോയ കുടിയേറ്റ പരമ്പരയുടെ കണ്ണികളായി ഏതാനും മലയാളികൾ മാത്രം. എങ്കിലും നഗരംവിട്ട് ഉള്ളിലേക്കു നടന്നാൽ നമ്മുടെ നാട്ടുവഴികൾ തന്നെ. ഓടിട്ടവീടുകളിൽ ക്ലാവുപിടിച്ചതുപോലെ പച്ചപ്പായലുകൾ, മുറ്റത്ത് നന്ത്യാർവട്ടത്തിന്റെ നിറചിരി. മുടിയഴിച്ചുറങ്ങുന്ന തെങ്ങിൻ തലപ്പുകളിൽപോലും ഓർമയുടെ ഇലയനക്കങ്ങൾ... കടുകണ്ണാവ് തേടിയുള്ള എം.ടിയുടെ യാത്ര പോലെ പലതും തിരയാനുണ്ട് മലയാളിക്കിവിടെ... 

ശ്രീലങ്കയുടെ ആതിഥ്യമര്യാദയുടെ മുഖമായിരുന്ന ഗോൾഫേസ് ഹോട്ടലിലെ പരിചാരകൻ തൃശൂർ സ്വദേശി കെ.സി.കുട്ടൻ മുതൽ കാൻഡിയിൽ ജനിച്ച എം.ജി. രാമചന്ദ്രൻ (എംജിആർ) വരെ മലയാളിയുടെ പൈതൃകവൃക്ഷത്തിന്റെ പച്ചത്തഴപ്പുകൾ സമൃദ്ധമാണ്. 

Guru-temple കൊളംബോയിലെ ശ്രീനാരായണ സൊസൈറ്റി മലയാളി മന്ദിരം. ചിത്രം: വിജയപാലൻ അയനിക്കൽ.

ഈ നാട്ടിലേക്ക് ശ്രീനാരായണഗുരുവെത്തിയതു വരവും പുണ്യവുമായി അവർ കരുതുന്നു. ഗുരു രണ്ടു തവണ ശ്രീലങ്ക സന്ദർശിച്ചു. വീണ്ടും വീണ്ടും അവിടേക്കു പോകാൻ ആഗ്രഹിച്ചു. ഒരുവേള അവിടെ നിലയുറപ്പിക്കാനും. ആദ്യ സന്ദർശനം 1918ൽ. മഹത്തായ ലക്ഷ്യത്തോടെയുള്ള ആ സന്ദർശനത്തിന്റെ നൂറാംവാർഷികം ഇന്ന് കൊളംബോയിൽ ആഘോഷിക്കുന്നു. രണ്ടാമത്തെ സന്ദർശനം 1926ൽ ആയിരുന്നു. 

ആദ്യ സിലോൺ യാത്രയിൽ സ്വാമികളായ അമൃതാനന്ദ, ബോധാനന്ദ, സത്യവ്രതൻ എന്നിവരും ചെറുവാരി ഗോവിന്ദൻ, കുമാര ബ്രഹ്മചാരി എന്നിവരുമുൾപ്പെട്ട സംഘമാണു ഗുരുവിനെ അനുഗമിച്ചത്. 

ആദ്യയാത്രയിൽ ഗുരുവിനൊപ്പമുണ്ടായിരുന്ന ചെറുവാരി ഗോവിന്ദന്റെ യാത്രാവിവരണത്തിൽ കൊളമ്പിലെത്താനുള്ള ദീർഘയാത്രയുടെ ചൂടുംപുകയുമുണ്ട്. 1918 സെപ്‌റ്റംബർ 16 ന് ആലുവയിൽനിന്നു പുറപ്പെട്ട ഗുരു കൊളംബോയിലെത്തുന്നത് ഒരാഴ്‌ചയ്ക്കു ശേഷമാണ്. ധനുഷ്‌കോടി വഴി മണ്ഡപത്തുനിന്നു കപ്പൽ കയറിയാണ് സിലോണിലെ തലൈമാന്നാറിലെത്തിയത്. തലൈമാന്നാർ പിന്നീടു ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൽ തമിഴരുടെ ചോരവീണു ചുവന്നു. എൽടിടിഇയുടെ പല മുന്നേറ്റങ്ങളും വേലുപ്പിള്ള പ്രഭാകരൻ തുടങ്ങിയതും ഇവിടെനിന്നാണ്. 

കൊളംബോയിലെ മറദാന സ്റ്റേഷനിൽ ഗുരു വന്നിറങ്ങിയപ്പോൾ വലിയ ജനക്കൂട്ടമാണു സ്വീകരിച്ചത്. കൊളംബോയെ കർമഭൂമിയാക്കി മാറ്റിയ മലയാളിസമൂഹം, ഗുരുവിന്റെ മഹത്വമറിഞ്ഞെത്തിയ തദ്ദേശീയ ജനത അങ്ങനെ സ്‌നേഹിക്കപ്പെടുന്നവരുടെ വലിയകൂട്ടായ്‌മ. സിനമൺ ഗാർഡനിലെ വിശാലവും വൃത്തിയുമുള്ള വലിയ ബംഗ്ലാവാണു ഗുരുവിനു താമസിക്കാനായി ഒരുക്കിയത്. അന്നത്തെക്കാലത്തു വാടക 150 രൂപ. 

ബുദ്ധസന്യാസിമാരും ബ്രാഹ്മണരും ബ്രഹ്മവിദ്യാസംഘത്തിന്റെ അധ്യക്ഷ ഹിഗ്ഗിൻസ് മദാമ്മയും ഗുരുവിനെ സന്ദർശിച്ചു. അന്നു ബ്രഹ്മവിദ്യാസംഘത്തിനു ബാലികാപാഠശാലയും ഉപാധ്യായിനി പാഠകശാലയുമുണ്ട്. ഗുരു എല്ലാം മനസ്സിലാക്കി. സംസ്‌കൃതത്തിലും തമിഴിലുമായിരുന്നു പ്രഭാഷണങ്ങൾ. ബുദ്ധസന്യാസിമാരുമായും സംസാരിച്ചു. ഗുരു ബുദ്ധന്റെ പുനർജൻമമാണെന്നു ചിലർ പറഞ്ഞു. ഗുരു തന്റെ അനുകമ്പാദശകത്തിൽ ബുദ്ധനെ വിശേഷിപ്പിച്ചതു ഭൂതദയാക്ഷമാബ്ദി എന്നാണല്ലോ. 

guru-Shrine കൊളംബോയിലെ ശ്രീനാരായണ സൊസൈറ്റി മലയാളി മന്ദിരത്തിന്റെ ഉള്ളിലുള്ള ഗുരുദേവ പ്രതിമകളും ചിത്രങ്ങളും.

സാദരം സംവാദം

തന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഗുരു സത്യവ്രതസ്വാമിയെ ചുമതലപ്പെടുത്തി സിലോണിൽത്തന്നെ നിർത്തി. മാമ്പുഴക്കരിയിൽ ഒരു സവർണകുടുംബത്തിൽ ജനിച്ച അയ്യപ്പൻപിള്ളയാണു ഗുരുവിന്റെ പ്രിയ ശിഷ്യനായ സത്യവ്രതൻ. സ്വാമി സത്യവ്രതനെ ‘നാരായണഗുരുവിന്റെ വിവേകാനന്ദൻ’ എന്നു കാലം വിളിച്ചു. ഹൃദയശുദ്ധി, ജാതിയില്ലായ്മ ഈ രണ്ടിലും സത്യവ്രതൻ പൂർണനായിരുന്നു. സത്യവ്രതൻ സത്യവ്രതനായിത്തന്നെ മരിച്ചുവെന്നാണു സത്യവ്രതസ്വാമികളുടെ വിയോഗവേളയിൽ ഗുരു പറഞ്ഞത്. 

ഒരു ദിവസം മുത്തുവാരം എന്ന സ്ഥലത്തെ ക്ഷേത്രത്തിൽ വിശ്രമിച്ചുകൊണ്ടിരുന്ന ഗുരുവിനെ ക്ഷണിച്ചുകൊണ്ടുചെല്ലാനായി ബുദ്ധവിശ്വാസിയും പ്രമാണിയുമായ ഒരാൾ കാറയച്ചുകൊടുത്തു. 

‘‘നാം എന്തിനാണ് പോകുന്നത്?’’– ഗുരു ചോദിച്ചു. 

ശിഷ്യൻ – ‘‘കാർ അയച്ചിട്ടുണ്ട്.’’ 

‘അപ്പോൾ കാറിനുവേണ്ടി നാം പോകണമെന്നാണോ’ എന്നു സരസമായി മറുചോദ്യമെറിഞ്ഞു ഗുരു യാത്രയ്ക്കു തയാറായി. 

ബുദ്ധപ്രമാണി ഗുരുദേവനെ സ്വീകരിച്ചിരുത്തി. ഇടയ്‌ക്കു ഗുരു ചോദിച്ചു: ജൻമത്തിനു കാരണമെന്താണെന്നറിയാമോ? 

ബുദ്ധപ്രമാണി:  കർമം 

ഗുരു: അങ്ങനെയെങ്കിൽ ആദിയിൽ ജൻമമെങ്ങനെ ഉണ്ടായി? 

പ്രമാണി മൗനിയായി. 

ഗുരു പറഞ്ഞു: ‘‘എല്ലാ മതങ്ങളുടെയും കാര്യം ഇങ്ങനെയാണ്. യുക്തിബോധത്തിന്റെ പല ചോദ്യങ്ങൾക്കും അവിടെ ഉത്തരമില്ല. മതവിശ്വാസം യുക്തിബോധത്തിന് അതീതമാണ്. ലൗകിക ജീവിതത്തിലെ യുക്തികൾ ആധ്യാത്മിക ചിന്തയ്‌ക്ക് ഒരുപരിധിവരെയേ ഇണങ്ങൂ...’’ 

മടക്കയാത്ര

1918 ഒക്ടോബർ 7നാണ്  ഗുരു ഇന്ത്യയിലേക്കു മടങ്ങിയത്. യാത്രയയപ്പ് വികാരനിർഭരമായിരുന്നുവെന്ന് ഗുരുവിന്റെ സിലോൺ യാത്രയെപ്പറ്റി സി.എച്ച്. കൃഷ്ണൻ എഴുതിയ കത്തിൽ നിന്ന് മനസ്സിലാക്കാം. ‘‘സ്വാമി തീവണ്ടിസ്റ്റേഷനിലേക്കു പോയപ്പോൾ ആയിരക്കണക്കിനാളുകൾ അനുഗമിച്ചു. മോട്ടോർകാർ ഒരുക്കി നിർത്തിയിരുന്നുവെങ്കിലും സ്വാമികൾ അതിൽ കയറിയില്ല. സ്വാമികളെ ഒരു റിക്ഷയിൽ ഇരുത്തി ജനങ്ങൾ വലിച്ചു കൊണ്ടുപോവുകയാണ് ചെയ്തത്. ജനബഹളമുള്ള തെരുവുകളിൽ വാഹനങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദമല്ലാതെ യാതൊരു ശബ്ദവുമില്ലായിരുന്നു’’

വിജ്‌ഞാനോദയയോഗം എന്ന സംഘടനയ്ക്ക് ഗുരു രൂപംനൽകി. കൊളംബോയിലെ മലയാളികളിലേക്ക് അക്ഷരവെളിച്ചം പകരാൻ അവരുടെ പുരോഗതിക്കായി നിശാപാഠശാലകൾ തുടങ്ങണമെന്നായിരുന്നു ഗുരുവിന്റെ നിർദേശം. വിജ്‌ഞാനോദയയോഗത്തിന്റെ നിയമാവലി മലയാളത്തിൽനിന്ന് ഇംഗ്ലിഷിലാക്കി 1924 ൽ പ്രമുഖ വക്കീൽ എം. എസ്. ജോഹർ റജിസ്‌ട്രേഷൻ നടത്തി. ശ്രീലങ്കൻ പ്രസിഡന്റിന്റെ കമ്യൂണിക്കേഷൻ വിഭാഗം മേധാവി കൂടിയായ എം.കെ. രാഹുലനാണ് ശ്രീനാരായണ സൊസൈറ്റിയുടെ പ്രസിഡന്റ് പദവി 1992 മുതൽ അലങ്കരിക്കുന്നത്.

‘‘ശ്രീലങ്കയിലെ മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്ന മന്ദിരമാണു ശ്രീനാരായണസൊസൈറ്റിയുടേത്. ലങ്കയിലെമ്പാടുമായി 43000 മലയാളികളുണ്ടായിരുന്നു. ഇന്നത് ഇരുപതിനായിരത്തിൽ താഴെ മാത്രം. പുതിയ തൊഴിലിടം തേടി മലയാളി ഇങ്ങോട്ടുവരുന്നില്ല ’’– ശ്രീനാരായണ സൊസൈറ്റി വൈസ് പ്രസിഡന്റും വ്യവസായിയുമായ സുരേന്ദ്രമാധവൻ ചൂണ്ടിക്കാട്ടുന്നു. 

മടങ്ങുമ്പോൾ ശ്രീലങ്കൻ എയർവേയ്‌സിന്റെ വിൻഡോ സീറ്റിലൂടെ മരതകദ്വീപിലേക്ക് ഒന്നുകൂടി കണ്ണെറിഞ്ഞു. കടലിന്റെ അഗാധതയിൽനിന്ന് ആരോ ഉയർത്തിപ്പിടിച്ച കരയുടെ പച്ചപ്പ്. 

ഒരു ചരിത്രയാത്രയെ ഓർത്തെടുക്കുമ്പോൾ കെ.പി.അപ്പൻ ഗുരുവിനെ വിശേഷിപ്പിച്ച വാക്കുകൾ തെളിഞ്ഞുവരുന്നു – ചരിത്രത്തെ അഗാധമാക്കിയ ഗുരു.

ശ്രീനാരായണഗുരു കൊളംബോയിൽ (സമ്പാദകൻ: വി.എൽ. ബെൻസാൽ)