Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ കോഫി ഹൗസിന് അറുപതാം പിറന്നാൾ; ഇന്നും ചൂടോടെ!

Author Details
indian-coffee-house തൃശൂർ സ്വരാജ് റൗണ്ടിലെ മംഗളോദയം കെട്ടിടത്തിലെ ഇന്ത്യൻ കോഫി ഹൗസ് ഇന്ന്. ചിത്രങ്ങൾ: ഫഹദ് മുനീർ

കോഫിഹൗസുകളുടെ ചുമരിൽ എപ്പോഴും ചിരിച്ചിരിപ്പുണ്ട് നെഹ്റുവും എകെജിയും. ആവി പറക്കുന്ന ഒരു ചായക്കപ്പിനപ്പുറവും ഇപ്പുറവുമിരുന്നു സംസാരിക്കുന്ന രണ്ടുപേരെപ്പോലെ. അതിൽ എല്ലാമുണ്ട്. വിരുദ്ധ ആശയങ്ങളുള്ള രണ്ടുപേർ ഒരു കപ്പ് ചൂടു കാപ്പിക്ക് അപ്പുറവുമിപ്പുറവുമിരുന്നാൽ ആറിത്തണുക്കാവുന്നതേയുള്ളൂ ഏതു പ്രശ്നവും. മലയാളിക്ക് അങ്ങനെ ഇരിക്കാനിടം സമ്മാനിച്ച ഇന്ത്യൻ കോഫി ഹൗസ് എന്ന കാപ്പി വീടിന് ഇതാ ഹാപ്പി 60!

‌വെളുത്ത നിറത്തിൽ ചുവന്ന ഇംഗ്ലിഷ് അക്ഷരങ്ങൾ കൊണ്ട് ഇന്ത്യൻ കോഫി ഹൗസ് എന്നുള്ള പരിചിതമായ ചെരിച്ചെഴുത്ത് മലയാളിക്ക് ആശ്വാസം മാത്രമല്ല, വികാരം കൂടിയാണ്. 

സ്വതന്ത്ര ഇന്ത്യയിൽ വിവിധ മേഖലകളിൽ ഉയർന്നുവന്ന പുത്തൻ നേതൃത്വങ്ങളുടെ സംഗമവേദികളായിരുന്നു കോഫി ഹൗസുകൾ. കോഫി ഹൗസുകളിൽ ജനിച്ച സംഘടനകളുണ്ട്, സ്ഥാപനങ്ങളുണ്ട്. പുസ്തകങ്ങളും നാടകങ്ങളും സിനിമകളുമുണ്ട്. 

1958–ൽ തൃശൂരിലാണ് തൊഴിലാളി സഹകരണ സംഘത്തിന്റെ കേരളത്തിലെ ആദ്യ കോഫി ഹൗസ് പ്രവർത്തനം തുടങ്ങുന്നത്. ആദ്യകാലത്ത് കാപ്പി, ഓംലെറ്റ്, കട്‌ലറ്റ് എന്നിവ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ചായയും ചോറുമെല്ലാം അതിഥിയായി എത്തിയവയാണ്. കോഫി ബോർഡിന്റെ കോഫി ഹൗസുകൾ പ്രവർത്തിച്ചിരുന്ന കാലത്തുള്ള യൂണിഫോം തന്നെയാണ് ഇപ്പോഴും. 

മുൻപ് കോഫി ഹൗസുകൾ ബുദ്ധിജീവികളുടെ താവളമായിരുന്നെങ്കിൽ പിന്നീടവ സാംസ്കാരിക കേന്ദ്രങ്ങളായി പ്രവർത്തിച്ച്, കലാകാരന്മാരുടെയും ചിന്തകരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും ചർച്ചാവേദികളായി മാറി. 

ഇന്ത്യയും കാപ്പിയും

18–ാം നൂറ്റാണ്ടുവരെ വീട്ടുചെടിയായി കണ്ടിരുന്ന കാപ്പിയെ വ്യവസായമാക്കി മാറ്റിയതു ബ്രിട്ടിഷുകാരാണ്. തലശ്ശേരിക്കടുത്തുള്ള അഞ്ചരക്കണ്ടി പ്ലാന്റേഷനിൽ 1798ൽ കാപ്പിക്കൃഷി തുടങ്ങി. പിന്നീടു വയനാട്ടിലും. 19–ാം നൂറ്റാണ്ടിൽ കണ്ണൂരിലും മൈസൂരിലും നിന്നു കാപ്പിക്കയറ്റുമതി തുടങ്ങി. 1830–കളിൽ മൈസൂരിലും നീലഗിരിയിലും സേലത്തും കാപ്പിത്തോട്ടങ്ങൾ‍ വ്യാപകമായി. 1873–ൽ മാനന്തവാടിയിൽ 75 ഏക്കറുള്ള എസ്റ്റേറ്റ് തുറന്നു. 1875–ൽ ചന്ദ്രഗിരി മുഴുവൻ മൈസൂർ സർക്കാരിൽനിന്ന് വാങ്ങി ജോളി ബ്രദേഴ്സ് കാപ്പി നട്ടു. അതോടെ ഇന്ത്യയിൽ കാപ്പി വ്യവയാസം സജീവമായി. 

coffee-house-specials

ബോർഡ് വരുന്നു; കോഫി ഹൗസുകളും

ഇന്ത്യയിലെ കാപ്പി വ്യവസായത്തെ പ്രതിസന്ധിയിൽനിന്നു കരകയറ്റാൻ 1940–ലാണ് ഇന്ത്യ കോഫി മാർക്കറ്റ് എക്‌സ്‌പാൻഷൻ ബോർഡ് തുടങ്ങിയത്. അന്നു രാജ്യത്തെ ഏറ്റവും വലിയ കാപ്പിത്തോട്ടം ഉടമകളായിരുന്ന കൺസോളിഡേറ്റഡ് കമ്പനിയുടെ ചെയർമാൻ ഐവർ ബുൾ സായിപ്പായിരുന്നു ബോർഡ് രൂപീകരിച്ചത്. തെന്നിന്ത്യൻ തോട്ടമുടമകളുടെ സംഘടനയായ ഉപാസിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. 

നാട്ടിൽ വിളയുന്ന കാപ്പി വാങ്ങി വിൽക്കുക, കെട്ടിക്കിടക്കുന്ന കാപ്പി ചെലവാക്കാൻ വേണ്ടതു ചെയ്യുക– ഇതു രണ്ടുമായിരുന്നു ബോർഡിന്റെ ലക്ഷ്യം. ഈ സംവിധാനം 1942–ൽ ഇന്ത്യൻ കോഫി ബോർഡായി മാറിയതോടെ കോഫി ഹൗസുകളും പ്രവർത്തനം തുടങ്ങി. കോഫി ബോർഡിന്റെ ആദ്യത്തെ സെക്രട്ടറി മലയാളിയായിരുന്നു. ആലുവക്കാരൻ എം.ജെ. സൈമൻ. കോഫി ഹൗസുകളിൽ മലയാളികൾ നിറയാൻ വഴിയൊരുക്കിയത് അദ്ദേഹമാണ്. കോഫി ഹൗസിലെ സപ്ലയർമാരുടെ വേഷം രൂപകൽപന ചെയ്‌തതും സൈമനാണ്. 

ആദ്യം കൊൽക്കത്തയിൽ

ചിന്തകളുടെയും ചർച്ചകളുടെയും ചൂടു പകർന്ന് ആദ്യ കോഫി ഹൗസ് ഇന്ത്യയിൽ തുടങ്ങിയിട്ട് 238 വർഷമായി. കൊൽക്കത്തയിൽ 1780–ലാണ് ഇന്ത്യയിലെ ആദ്യത്തെ കോഫി ഹൗസിനു തുടക്കമായത്. വിദേശികൾക്കു വേണ്ടിയായിരുന്ന അന്നത്തെ കോഫി ഹൗസുകൾ വിനോദ കേന്ദ്രങ്ങളായിരുന്നു. പത്രങ്ങൾ, ബില്യാർഡ്സ്, ക്യാരംസ് എന്നിവയൊക്കെ കോഫി ഹൗസുകളിലുണ്ടായിരുന്നു. തനിച്ചോ കൂട്ടമായോ ഇരിക്കാൻ ഒപ്പമൊരു ‘കാപ്പിക്കൂട്ട്’ എന്ന രീതിയിലായിരുന്നു ആദ്യകാലത്തു കോഫി ഹൗസുകൾക്കു തുടക്കമിട്ടതെങ്കിൽ, പിന്നീടത് തൊഴിലാളി വർഗത്തെ കൈപിടിച്ചുയർത്താനൊരു ചൂടുള്ള മുന്നേറ്റമായി. 

പ്രതിസന്ധിയുടെ കാലം

ഒന്നര ദശകത്തിനുശേഷം കോഫി ഹൗസുകളുടെ ചിത്രം പാടേ മാറി. കാപ്പികൃഷി മെച്ചപ്പെട്ടെന്നും, കോഫി ബോർഡ് തുടങ്ങാനിടയായ സാഹചര്യം ഇപ്പോഴില്ലെന്നുമുള്ള നിലപാടിലേക്കു സർക്കാർ മാറി. 1955 ജൂൺ 26–നു ചേർന്ന ബോർഡ് യോഗം നഷ്ടത്തിലായ കോഫി ഹൗസുകൾ അടയ്ക്കാനോ സ്വകാര്യ സംരംഭകർക്കു കൈമാറാനോ തത്വത്തിൽ തീരുമാനിച്ചു. 

1956–ൽ കോഫി ഹൗസുകൾ അടയ്ക്കണമെന്ന തോട്ടവ്യവസായ കമ്മിഷന്റെ കണ്ടെത്തലുകളും തിരിച്ചടിയായി. 1957–ൽ കോഫി ഹൗസുകൾ നടത്തുന്നതു നഷ്ടമാണെന്നും സ്വകാര്യവൽക്കരിക്കണമെന്നും ശുപാർശ ചെയ്തുള്ള തോട്ട വ്യവസായ കമ്മിഷന്റെ റിപ്പോർട്ട് കേന്ദ്ര സർക്കാർ അംഗീകരിച്ചു. 

ജീവനക്കാരെ പിരിച്ചുവിടാൻ ബോർഡ് അന്തിമമായി തീരുമാനിച്ചപ്പോൾ രാജ്യത്താകെ ഉണ്ടായിരുന്നതു 43 കോഫി ഹൗസുകളാണ്. 

തൊഴിലാളികളുടെ സ്വന്തം

ഡൽഹി ആസ്‌ഥാനമായ ഇന്ത്യൻ കോഫി ഹൗസ് പൂട്ടിയതോടെ വഴിയാധാരമായ തൊഴിലാളികളെ സംഘടിപ്പിക്കാൻ മുന്നോട്ടുവന്നത് അന്നു ലോക്‌സഭയിലെ പ്രതിപക്ഷത്തിന്റെ നേതൃസ്വരമായ എ.കെ. ഗോപാലനായിരുന്നു. പ്രതിപക്ഷത്തിന്റെ സ്വരമാണെങ്കിലും പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു എകെജിയെ പ്രോൽസാഹിപ്പിക്കുകയാണു ചെയ്‌തത്. ആ പിന്തുണയിൽനിന്നാണ് മിക്ക സംസ്‌ഥാനങ്ങളിലും ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് എകെജി രൂപം നൽകിയത്. 

പിരിച്ചുവിടപ്പെട്ട തൊഴിലാളികൾക്കു ബദൽ ജോലി കൊടുക്കുകയോ അല്ലെങ്കിൽ കോഫി ഹൗസുകൾ ഏറ്റെടുക്കാൻ തൊഴിലാളി സഹകരണ സംഘങ്ങൾക്കു സമയം അനുവദിക്കുകയോ ചെയ്യണമെന്നു തൊഴിലാളി സൊസൈറ്റി, കോഫി ബോർഡിനോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പിരിച്ചുവിടപ്പെട്ട തൊഴിലാളികളും യൂണിയൻ നേതാക്കളും നിരാഹാര സമരം നടത്തുമെന്നും അറിയിച്ചു.  

എന്നാൽ സമരത്തിനു മുൻപു തന്നെ 1957 ഓഗസ്റ്റ് 30ന്, യൂണിയൻ രൂപം കൊടുക്കുന്ന സഹകരണ സംഘങ്ങൾ തുടങ്ങുന്ന കോഫി ഹൗസുകളെ അംഗീകരിക്കാൻ ബോർഡ് തീരുമാനിച്ചു. 

1957–ൽ ആദ്യ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘം ബെംഗളൂരുവിൽ രൂപംകൊണ്ടു. ഇന്ത്യയിലെ ആദ്യ തൊഴിലാളി കോഫി ഹൗസ് ഇതേ വർഷം ഒക്ടോബറിൽ ഡൽഹിയിൽ തുറന്നു.

തൃശൂർ കോഫി ഹൗസ്

കേരളത്തിൽ കോഫി ബോർഡിന്റെ കീഴിലുണ്ടായിരുന്ന എറണാകുളം കോഫി ഹൗസാണ് തൊഴിലാളി സഹകരണ സംഘം ആദ്യം ഏറ്റെടുക്കാൻ തീരുമാനിച്ചത്. എന്നാൽ കോഫി ഹൗസ് നടത്തിയിരുന്ന സ്ഥലത്തിന്റെ ഉടമ തന്നെ അത് ഏറ്റെടുത്തു. കേരളത്തിൽ ആദ്യം അടച്ച കോഫി ഹൗസ് അങ്ങനെ സ്വകാര്യ വ്യക്തിക്കു കിട്ടി. 

എറണാകുളത്തെ നഷ്ടത്തിനു ശേഷം കേരളത്തിൽ തൊഴിലാളികളുടേതായി ആദ്യം തുറക്കാവുന്ന കോഫി ഹൗസുള്ളതു തൃശൂരിലായിരുന്നു. തൃശൂർ, സ്വരാജ് റൗണ്ടിലെ പ്രശസ്ത പ്രസാധകരായ മംഗളോദയത്തിന്റെ കെട്ടിടത്തിലായിരുന്നു ബോർഡിന്റ കോഫി ഹൗസ് പ്രവർത്തിച്ചിരുന്നത്. 1958 ജനുവരി 17നു തൃശൂർ കോഫി ഹൗസ് അടച്ചുപൂട്ടി മൂന്നു ദിവസം കഴിഞ്ഞു ഹൗസ് ഏറ്റെടുക്കുന്ന കരാറിൽ ബോർഡുമായി സഹകരണ സംഘം ഒപ്പുവച്ചു. തുടർന്നു മംഗളോദയത്തിന് 200 രൂപ മുൻകൂറായി കൊടുത്ത് കോഫി ഹൗസ് കെട്ടിടം വാടകയ്ക്കെടുത്തു. സ്വന്തമായി പുസ്തകശാല തുടങ്ങാനിരുന്ന തീരുമാനം മാറ്റിവച്ചാണ് മംഗളോദയം മേധാവിയായിരുന്ന എ.കെ.ടി.കെ.എം. വാസുദേവൻ‍ നമ്പൂതിരിപ്പാട് കെട്ടിടം വിട്ടുകൊടുത്തത്. 

1958 മാർച്ച് 8–നു തൃശൂർ കോഫി ഹൗസ് എകെജി ഉദ്ഘാടനം ചെയ്തു. 13 തൊഴിലാളികളുമായി കേരളത്തിലെ ആദ്യത്തെ തൊഴിലാളി ഇന്ത്യൻ കോഫി ഹൗസ് തുടങ്ങുമ്പോൾ, കാപ്പിക്ക് വെറും പത്തു പൈസയായിരുന്നു വില! 

ഉദ്ഘാടന ദിവസം ഒരു മണിക്കൂറാണ് കോഫി ഹൗസ് പ്രവർത്തിച്ചത്. 60 രൂപ 99 പൈസയായിരുന്നു ആദ്യ ദിവസത്തെ വിറ്റുവരവ്. ടി.കെ. കൃഷ്ണനായിരുന്നു തൃശൂർ കോഫി ബോർഡ് സഹകരണത്തൊഴിലാളി സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ്. തൃശൂരിൽ തൊഴിലാളി സംഘമുണ്ടാക്കി 5 മാസം കഴിഞ്ഞാണ് മലബാർ സംഘം യാഥാർഥ്യമായത്. സംഘത്തിന്റ ആദ്യ കോഫി ഹൗസ് 1958 ഓഗസ്റ്റ് 7നു തലശ്ശേരിയിൽ തുറന്നു. ടി.പി. രാഘവനായിരുന്നു സംഘത്തിന്റെ ആദ്യ പ്രസിഡന്റ്. ബോർഡിന്റെ കാലത്തു കോഫി ഹൗസുകളുടെ പേര് ഇന്ത്യാ കോഫി ഹൗസ് എന്നായിരുന്നു. പിന്നീട് 1959–ൽ കോഴിക്കോട് നടന്ന യോഗത്തിലാണ് തൊഴിലാളികൾ പേര് ഇന്ത്യൻ കോഫി ഹൗസ് എന്നാക്കിയത്.

ലാഭവും നഷ്ടവും

തൃശൂർ കോഫി ഹൗസ് തുടങ്ങുമ്പോൾ സഹകരണ സംഘത്തിന്റെ കയ്യിലുണ്ടായിരുന്നത് 2100 രൂപ മാത്രമാണ്. കോഫി ഹൗസ് തുറന്ന് 3 മാസം കഴിഞ്ഞാണ് ജോലിക്കാർക്ക് കാപ്പി സൗജന്യമായി കൊടുത്തത്. പിന്നീട് 3 മാസത്തിനു ശേഷമാണ് ആഴ്ചയവധി അനുവദിച്ചത്. 65 രൂപയായിരുന്നു മാസശമ്പളം. 

തൃശൂർ സംഘം ആദ്യത്തെ വർഷം തന്നെ ലാഭം നേടി – 710 രൂപ 7 പൈസ. 114 ദിവസം കൊണ്ടായിരുന്നു ആ നേട്ടം. പിന്നെ രണ്ടുവർഷം നഷ്ടമായിരുന്നു. 1959–60 വർഷത്തിൽ 23,000 രൂപയിലേറെ നഷ്ടമുണ്ടായി. 

പിന്നീട്, സാമ്പത്തികനില ഭദ്രമാകാൻ 7 വർഷമെടുത്തു. 

കാപ്പി വ്യാപാരം

1960 ജനുവരി ഒന്നിനു സ്വന്തം കാപ്പിപ്പൊടി വിപണിയിലിറക്കി. തൃശൂർ കോഫി ഹൗസിന്റെ വളർച്ചയിലെ നാഴികക്കല്ലായിരുന്നു ഇത്. ചിക്കറി ചേരാത്ത, അന്നന്ന് അതതു കോഫി ഹൗസുകളിൽ പൊടിച്ചെടുക്കുന്ന കാപ്പിപ്പൊടി ഇന്നും കാപ്പിക്കമ്പക്കാർക്കു പ്രിയപ്പെട്ടതാണ്. തൃശൂർ കോഫി ഹൗസിന്റെ നാലാം നിലയിൽ ഇന്നും കാപ്പിപ്പൊടി നിർമാണ കേന്ദ്രമുണ്ട്. സംഘത്തിന്റെ കീഴിലുള്ള എല്ലാ കോഫി ഹൗസുകളിലേക്കും ഇവിടെ നിന്നാണ് കാപ്പിപ്പൊടി എത്തിക്കുന്നത്.

ടിപ്പിലെ സന്ദേശം

കൊച്ചുവട്ടമുള്ള പ്ലേറ്റിനു താഴെ കൊണ്ടുവയ്‌ക്കുന്ന ഭക്ഷണ ബിൽ നൽകുമ്പോൾ ഒപ്പം വയ്‌ക്കുന്ന ടിപ്, കോഫി ഹൗസിലെ അധികമാരും അറിയാത്ത മാതൃകാ കൂട്ടായ്‌മയുടെ സ്നേഹത്തുട്ടുകൾ കൂടിയാണ്. തൃശൂർ കോഫി ബോർഡ് സഹകരണത്തൊഴിലാളി സംഘം 1982 ൽ രൂപം നൽകിയ പദ്ധതിപ്രകാരം, ഈ ടിപ് തുക ഒരു സപ്ലയറും സ്വന്തമായി എടുക്കാറില്ല. ആ തുക കോഫി ഹൗസിലെ ഒരു പെട്ടിയിൽ നിക്ഷേപിക്കും. 

മറ്റു കോഫി ഹൗസുകളിലെ തുകകൂടി ചേർത്ത് ഇവ ബാങ്കിൽ നിക്ഷേപിച്ച്, അതിൽനിന്നാണ് വിരമിക്കുന്ന കോഫി ഹൗസ് തൊഴിലാളികൾക്കു പെൻഷൻ നൽകിവരുന്നത്.

അതേ കാപ്പി, അതേ രുചി

മലബാർ മേഖല, തൃശൂർ മേഖല എന്നിങ്ങനെ രണ്ടു വിഭാഗമായാണ് ഇപ്പോൾ ഇന്ത്യൻ കോഫി ഹൗസ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. മലബാറിൽ പത്തിലേറെ ശാഖയും തൃശൂർ സംഘത്തിൽ 55 ശാഖയുമാണുള്ളത്. തൃശൂർ തൊഴിലാളി സഹകരണ സംഘമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സംഘം. രാജ്യമാകെ പത്തോളം സംഘങ്ങളുണ്ട്. നാൽപതിലേറെ വിഭവങ്ങൾ ഇപ്പോൾ കോഫി ഹൗസുകളിൽ ലഭ്യമാണ്.  

ഏതു യാത്രയിലും ‌ഇന്ത്യൻ കോഫി ഹൗസുകൾ തേടി മലയാളികൾ പോകുന്നത്, അതൊരു പാരമ്പര്യമായി മാറിയതുകൊണ്ടാണ്. അറുപതാണ്ടു കഴിഞ്ഞിട്ടും അതേ പ്രിയരുചി നൽകുന്ന കാപ്പിയോടുള്ള ഇഷ്ടം കൊണ്ടും. 

ഈ ജനപ്രീതിക്കു കാരണങ്ങൾ ലളിതമാണ്. ഇന്ത്യൻ കോഫി ഹൗസുകളിൽ മാറാത്തതായി ഒരുപാടുണ്ട്, പേരു പോലെ അതിന്റെ പ്രത്യക്ഷ ചിഹ്നങ്ങൾ പോലെ, രുചി, ചേരുവ...

 അങ്ങനെ പലതും. 60 വർഷം, ഇന്നും ചൂടോടെ!