ദാ, ഈ കാണുന്ന വാഴകളൊക്കെ വയ്ക്കുമ്പോൾ ഏത്തക്കുലയ്ക്ക് കിലോ 35 രൂപയായിരുന്നു. എന്നാൽ, വെട്ടിവിൽക്കാറായപ്പോഴേക്ക് 14 രൂപയായി. ദുരിതമാണു സാധാരണ കർഷകരുടെ ജീവിതം.’’ | Sunday | Malayalam News | Manorama Online

ദാ, ഈ കാണുന്ന വാഴകളൊക്കെ വയ്ക്കുമ്പോൾ ഏത്തക്കുലയ്ക്ക് കിലോ 35 രൂപയായിരുന്നു. എന്നാൽ, വെട്ടിവിൽക്കാറായപ്പോഴേക്ക് 14 രൂപയായി. ദുരിതമാണു സാധാരണ കർഷകരുടെ ജീവിതം.’’ | Sunday | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദാ, ഈ കാണുന്ന വാഴകളൊക്കെ വയ്ക്കുമ്പോൾ ഏത്തക്കുലയ്ക്ക് കിലോ 35 രൂപയായിരുന്നു. എന്നാൽ, വെട്ടിവിൽക്കാറായപ്പോഴേക്ക് 14 രൂപയായി. ദുരിതമാണു സാധാരണ കർഷകരുടെ ജീവിതം.’’ | Sunday | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദാ, ഈ കാണുന്ന വാഴകളൊക്കെ വയ്ക്കുമ്പോൾ ഏത്തക്കുലയ്ക്ക് കിലോ 35 രൂപയായിരുന്നു. എന്നാൽ, വെട്ടിവിൽക്കാറായപ്പോഴേക്ക് 14 രൂപയായി. ദുരിതമാണു സാധാരണ കർഷകരുടെ ജീവിതം.’’

കർഷകജീവിതത്തിലെ അനിശ്ചിതാവസ്ഥയെക്കുറിച്ചു പറയുന്നത് ഇന്ത്യൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു വിരമിച്ച്, 5 വർഷം കേരള ഗവർണറായി, 10 ലക്ഷം രൂപ വരെ മാസശമ്പളം വാഗ്ദാനം ചെയ്യപ്പെട്ട കോർപറേറ്റ് ജോലികൾ ഉപേക്ഷിച്ച്, ജന്മനാട്ടിലെത്തി കർഷകജീവിതം നയിക്കുന്ന പളനിസാമി സദാശിവം എന്ന സാക്ഷാൽ ജസ്റ്റിസ് പി.സദാശിവം. സാധാരണ, വിരമിക്കുന്ന ചീഫ് ജസ്റ്റിസുമാരും ഗവർണർമാരുമൊക്കെ ഡൽഹി പോലുള്ള വൻനഗരങ്ങളിലെ സുഖസൗകര്യങ്ങളിലാണു ശിഷ്ടജീവിതം നയിക്കാറുള്ളതെങ്കിൽ, തമിഴ്നാട്ടിലെ ഉൾപ്രദേശത്തെ കാർഷികഗ്രാമത്തിന്റെ ശീതളിമയിലാണു ജസ്റ്റിസ് സദാശിവം.

ADVERTISEMENT

തമിഴ്നാട്ടിൽ തനിഗ്രാമത്തിലെ കർഷകകുടുംബത്തിൽ ജനിച്ച്, സർക്കാർ സ്കൂളിൽ പഠിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഗവർണറും വരെയായ സദാശിവം, ഇപ്പോഴത്തെ കർഷകജീവിതത്തിലും തോൽക്കാൻ തയാറല്ല. ആധുനിക കൃഷിരീതികളിലൂടെയും വ്യത്യസ്ത വിളകൾ പരീക്ഷിച്ചും കൃഷിനാശത്തെയും വിലക്കുറവിനെയും അതിജീവിക്കുകയാണ് അദ്ദേഹം. സുപ്രീംകോടതിയിൽ ജോലി ചെയ്യുന്ന കാലത്തുതന്നെയുള്ള ആഗ്രഹമായിരുന്നു വിരമിച്ച ശേഷമുള്ള കർഷകജീവിതം. ഇക്കാര്യം അന്നദ്ദേഹം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനുള്ള മുന്നൊരുക്കവും അന്നേ തുടങ്ങി.

കടപ്പനല്ലൂരിലെ പാടത്തിനു നടുവിലുള്ള പഴയ വീടു പൊളിച്ചു പുതിയ വീടുണ്ടാക്കി. രണ്ടു മക്കളോടും കുടുംബത്തോടുമൊപ്പം ഒരുമിച്ചു താമസിക്കാൻ കണക്കാക്കി പ്രത്യേക പ്ലാനിലാണു വീടുണ്ടാക്കിയത്. തമിഴ്നാട് സർക്കാർ നിയോഗിച്ച 9 സുരക്ഷാ ഉദ്യോഗസ്ഥർക്കു താമസിക്കാൻ വീടിനോടു ചേർന്നുതന്നെ ഇപ്പോൾ സൗകര്യമൊരുക്കിയിട്ടുണ്ട്. 150 പേരെ ഉൾക്കൊള്ളാവുന്ന ഒരു ഹാളുണ്ട് വീടിനോടു ചേർന്ന്. ഗ്രാമത്തിലെ ചെറിയ കൂട്ടായ്മകളും പരിപാടികളൊക്കെ ഇവിടെ നടത്താറുണ്ട്. വീടിനു ചുറ്റുമായി 15 ഏക്കർ കൃഷിസ്ഥലവും 5 പശുക്കളുള്ള തൊഴുത്തും. രണ്ടു സഹോദരന്മാരുടെ 25 ഏക്കർ കൃഷിസ്ഥലം ഇതിനോടു ചേർന്നുതന്നെയുണ്ട്.

തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ഭവാനിയിൽനിന്നു മേട്ടൂർ ഡാമിലേക്കു പോകുന്ന വഴി കടപ്പനല്ലൂരിലാണ് ജസ്റ്റിസ് സദാശിവത്തിന്റെ  കൃഷിസ്ഥലവും വീടും. അച്ഛൻ പളനിസാമിക്ക് 40 ഏക്കർ കൃഷിയുണ്ടായിരുന്നു. മൂന്നു മക്കൾക്കായി വീതിച്ചുനൽകിയപ്പോൾ സദാശിവത്തിനു കിട്ടിയതാണ് 15 ഏക്കർ. കരിമ്പ്, നെല്ല്, തെങ്ങ്, വാഴ, കമുക്, കപ്പ എന്നിവയാണു പ്രധാന വിളകൾ. അര കിലോമീറ്റർ അകലെ കാവേരി നദിയൊഴുകുന്നു. അതിനാൽ വെള്ളത്തിന് ഒരു പ്രയാസവുമില്ല. മുറ്റത്തു കുളം പോലുള്ള പടുകൂറ്റൻ കിണർ, നിറയെ വെള്ളം. പാടത്തു വേറെയും കിണറുണ്ട്.

‌വിജയരഹസ്യം

ADVERTISEMENT

കൃഷിയിൽ ആധുനികത കൊണ്ടുവന്നതാണു തന്റെ വിജയരഹസ്യമെന്നു സദാശിവം പറയുന്നു. ഡ്രിപ് ഇറിഗേഷനും സ്പ്രിംഗ്ലർ നനയും നടപ്പിലാക്കിയിരിക്കുകയാണു കൃഷിസ്ഥലത്ത്. അതിനു മാത്രം 9 ലക്ഷം രൂപയോളം മുടക്കി. മു‍ൻപു കരിമ്പും നെല്ലും മാത്രമായിരുന്നു കൃഷിയെങ്കിൽ ഇപ്പോൾ തെങ്ങും കമുകും വാഴയും കപ്പയും കൂടിയുണ്ട്.

4 ഏക്കറിൽ മുഴുവനായി തെങ്ങാണ്. ദീർഘകാലത്തേക്കു ലാഭമുണ്ടാക്കുന്നതാണു തെങ്ങ്. കച്ചവടക്കാർ എല്ലാ മാസവും വന്നു തേങ്ങയും കരിക്കും കൊണ്ടുപോകും. കൃഷിസ്ഥലത്തിന്റെ എല്ലായിടത്തും മിനി ട്രാക്ടർ എത്തിക്കാൻ വഴിയുമുണ്ടാക്കിയിട്ടുണ്ട്. ട്രാക്ടർ ഓടിക്കാനുള്ള ലൈസൻസുമുണ്ട് സദാശിവത്തിന്.

കൃഷിസൗഹൃദ തമിഴ്നാട്

കർഷക സൗഹൃദ സംസ്ഥാനമാണു തമിഴ്നാട്. കർഷകർക്കു പല ആനുകൂല്യങ്ങളുമുണ്ട്. അക്കാര്യത്തിൽ വലുപ്പച്ചെറുപ്പമില്ല. കൃഷിക്കാർക്കു വൈദ്യുതി സൗജന്യമാണ്. സദാശിവത്തിനു തന്നെ ജലസേചനത്തിന് 5 പമ്പുസെറ്റുകളുണ്ട്. ഇതിന് ഉപയോഗിക്കുന്ന വൈദ്യുതിക്കു ബില്ലടയ്ക്കേണ്ട. എത്ര കൂടുതലുണ്ടെങ്കിലും കൃഷിസ്ഥലത്തിനു നികുതിയില്ല. 

ADVERTISEMENT

നിലത്തിന്റെ കണക്കു ലഭിക്കാനായി മാത്രം ഏക്കറിന് ഒരു രൂപ വച്ച് വർഷത്തിൽ അടയ്ക്കണം. കർഷകത്തൊഴിലാളികളെ കിട്ടാത്ത പ്രശ്നം ഉണ്ടായിരുന്നെങ്കിലും തൊഴിലുറപ്പു തൊഴിലാളികളെ കാർഷികജോലിക്കും ഉപയോഗിക്കാം എന്ന ഭേദഗതി വന്നതോടെ ആ പ്രശ്നവും തീർന്നു. സഹകരണ സംഘങ്ങൾ വഴി ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ കൃഷിക്കായി വായ്പ കിട്ടും. ഒരു വർഷത്തിനകം തിരിച്ചടച്ചാൽ പലിശയില്ല.

കർഷകന്റെ മകൻ

കർഷകനായ പളനിസാമിയുടെയും നാച്ചിയമ്മാളിന്റെയും മകനായി കടപ്പനല്ലൂരിലാണ് 1949ൽ സദാശിവത്തിന്റെ ജനനം. സമീപസ്ഥലമായ സിങ്കംപേട്ടയിലെ സർക്കാർ ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യഭ്യാസം. മദ്രാസ് ഗവ. ലോ കോളജിൽനിന്നു നിയമത്തിൽ ബിരുദം. 1973ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. പിന്നീട് അഡീഷനൽ ഗവൺമെന്റ് പ്ലീഡറും മദ്രാസ് ഹൈക്കോടതിയിൽ സ്പെഷൽ ഗവൺമെന്റ് പ്ലീഡറുമായി. 1996ൽ 46–ാം വയസ്സിൽ മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായി. 2007 ൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലേക്ക്. അവിടെനിന്നു സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി. 2013ലാണ് ഇന്ത്യയുടെ 40–ാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. തമിഴ്നാട്ടുകാരനായ ആദ്യത്തെ ചീഫ് ജസ്റ്റിസാണ് അദ്ദേഹം. 2014 ഏപ്രിലിൽ വിരമിച്ച ശേഷം ജന്മനാട്ടിൽ തിരികെയെത്തി കർഷകജീവിതം തുടങ്ങി. അതിനിടെയാണു കേരള ഗവർണറായി നിയമിതനായത്. 2019ൽ ഗവർണർ സ്ഥാനമൊഴിഞ്ഞ ശേഷം വീണ്ടും കർഷകനായി കടപ്പനല്ലൂരിലേക്ക്. സരസ്വതിയാണ് സദാശിവത്തിന്റെ ഭാര്യ. രണ്ടു മക്കൾ, എസ്. ശ്രീനിവാസനും എസ്.സെന്തിലും. കംപ്യൂട്ടർ എൻജിനീയറാണ് ശ്രീനിവാസൻ. സെന്തിലാണ് കൃഷിയിൽ സദാശിവത്തെ സഹായിക്കുന്നത്.

വിധികളിലും ജനകീയൻ

1. ജസ്റ്റിസ് പി. സദാശിവം ഭാര്യ സരസ്വതിക്കൊപ്പം കടപ്പനല്ലൂരിലെ വീട്ടിൽ. 2. ജസ്റ്റിസ് പി. സദാശിവം കടപ്പനല്ലൂരിലെ വീടിനോടു ചേർന്നുള്ള പറമ്പിൽ.

മുംബൈ സ്ഫോടനക്കേസുകളിലേതടക്കമുള്ള സുപ്രധാന വിധികൾ പറഞ്ഞിട്ടുള്ള ജസ്റ്റിസ് സദാശിവം അക്കാര്യത്തിലും ഏറെ ജനകീയനാണ്. തിരഞ്ഞെടുപ്പിൽ ഇപ്പോഴുമോർക്കുന്ന പല പരിഷ്കാരങ്ങളും അദ്ദേഹം കൊണ്ടുവന്നു. ആർക്കും വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശം നൽകുന്ന ‘നോട്ട’, വോട്ടർ വെരിഫൈഡ് ഓഡിറ്റ് ട്രെയ്ൽ, നാമനിർദേശപത്രിക സമർപ്പിക്കുമ്പോൾ സ്ഥാനാർഥിയുടേതു മാത്രമല്ല, കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തുക തുടങ്ങിയവ അദ്ദേഹത്തിന്റെ വിധികളാണ്. സുപ്രീംകോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കേസായിരുന്നു മുംബൈ സ്ഫോടനക്കേസ്. 1,200 പേജായിരുന്നു ആ വിധി. തോട്ടിപ്പണി അവസാനിപ്പിച്ചതും ഭിന്നശേഷിക്കാർക്ക് 3% ജോലിസംവരണം വിധിച്ചതും അദ്ദേഹമാണ്.

അടയാളങ്ങൾ ഏറെ

സദാശിവം കേരള ഗവർണറായ കാലത്താണു സർവകലാശാലകളുടെ നിലവാരം മെച്ചപ്പെടുത്താനായി ചാൻസലേഴ്സ് അവാർഡ് കൊണ്ടുവന്നത്. മറ്റു പല സംസ്ഥാനങ്ങളും പിന്നീട് ഇത് അനുകരിച്ചു. വോട്ടർപട്ടികയിൽ പേരുചേർത്തു നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്ത ആദ്യത്തെ കേരള ഗവർണറായി അദ്ദേഹം. യോഗങ്ങളൊന്നും പുറത്തു നടത്താതെ രാജ്ഭവനിൽ തന്നെ നടത്തി ചെലവു കുറച്ചു. നഴ്സിങ് കോളജുകളിലേതടക്കം എല്ലാ ബിരുദദാനങ്ങളിലും നേരിട്ടു പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ 10നു കൃത്യമായി ഓഫിസിൽ ഹാജരായി. തമിഴ്നാട്ടിൽ എം.കരുണാനിധിയും ജയലളിതയും അന്തരിച്ച സമയങ്ങളിൽ സദാശിവത്തിന്റെ അഭിപ്രായപ്രകാരമാണ് അന്നത്തെ മുഖ്യമന്ത്രിമാർ നേരിട്ടുപോയി ആദരാഞ്ജലി അർപ്പിച്ചത്. രണ്ടവസരങ്ങളിലും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഗവർണറും ഒരുമിച്ചു സഞ്ചരിച്ച് ഒരേ കാറിൽ അവിടെയെത്തി അഞ്ജലിയർപ്പിച്ചതു തമിഴ്നാട്ടിലെ പത്രങ്ങളിൽ വാർത്തയായിരുന്നു.

ജഡ്ജിയായിരുന്ന 19 വർഷം ഒരു ലീവ് പോലും എടുത്തിട്ടില്ല സദാശിവം. മക്കളുടെ വിവാഹമടക്കം വ്യക്തിപരമായ എല്ലാ കാര്യങ്ങളും കോടതി അവധിയുള്ള സമയം നോക്കി നടത്തി. ‘ചെങ്കണ്ണ്’ വന്നപ്പോൾ പോലും ചേംബറിൽ ഒറ്റയ്ക്കിരുന്നു ജോലികൾ തീർത്തു.

ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ പ്രത്യേക ദൂതനായി ഈറോഡ് ആർഡിഒ സദാശിവത്തിന്റെ വീട്ടിലെത്തി. കേരള ഗവർണർ സ്ഥാനത്തിരുന്ന് അദ്ദേഹം നൽകിയ മികച്ച സേവനത്തിനുള്ള നന്ദിസൂചകമായി ഭാരത റിപ്പബ്ലിക്കിന്റെ ചിഹ്നം പതിച്ച ബാറ്റണും ഫലകവും പ്രശംസാപത്രവും കൈമാറി. ഒരു മുൻ ഗവർണർക്ക് ഇത്തരത്തിൽ രാഷ്ട്രപതി നൽകുന്ന ആദ്യ ബഹുമതി എന്ന നിലയിൽ അതും ചരിത്രമായി.

English Summary: Agricultural life of Justice P Sathasivam