വിലക്കിനെ തോൽപിച്ചു പറന്ന സീ കിങ്
2001 ഫെബ്രുവരി 8. നേരം പുലരുന്നതേയുള്ളൂ. കൊച്ചി ദക്ഷിണ നാവിക കമാൻഡിൽ നിന്നൊരു ഹെലികോപ്റ്റർ പറന്നുയർന്നു. മുംബൈയെ ലക്ഷ്യംവച്ചു പറന്ന ആ സീ കിങ് ഹെലികോപ്റ്റർ നാവികസേനയ്ക്കു ‘കിങ്’ ആയി. മാനത്തോളമുയർന്നു, ഇന്ത്യയുടെ | Sunday | Malayalam News | Manorama Online
2001 ഫെബ്രുവരി 8. നേരം പുലരുന്നതേയുള്ളൂ. കൊച്ചി ദക്ഷിണ നാവിക കമാൻഡിൽ നിന്നൊരു ഹെലികോപ്റ്റർ പറന്നുയർന്നു. മുംബൈയെ ലക്ഷ്യംവച്ചു പറന്ന ആ സീ കിങ് ഹെലികോപ്റ്റർ നാവികസേനയ്ക്കു ‘കിങ്’ ആയി. മാനത്തോളമുയർന്നു, ഇന്ത്യയുടെ | Sunday | Malayalam News | Manorama Online
2001 ഫെബ്രുവരി 8. നേരം പുലരുന്നതേയുള്ളൂ. കൊച്ചി ദക്ഷിണ നാവിക കമാൻഡിൽ നിന്നൊരു ഹെലികോപ്റ്റർ പറന്നുയർന്നു. മുംബൈയെ ലക്ഷ്യംവച്ചു പറന്ന ആ സീ കിങ് ഹെലികോപ്റ്റർ നാവികസേനയ്ക്കു ‘കിങ്’ ആയി. മാനത്തോളമുയർന്നു, ഇന്ത്യയുടെ | Sunday | Malayalam News | Manorama Online
ഇന്ത്യൻ നാവികസേനയുടെ അഭിമാന ദൗത്യങ്ങളിലൊന്നിന് നേതൃത്വം നൽകിയ മലയാളി ......
2001 ഫെബ്രുവരി 8. നേരം പുലരുന്നതേയുള്ളൂ. കൊച്ചി ദക്ഷിണ നാവിക കമാൻഡിൽ നിന്നൊരു ഹെലികോപ്റ്റർ പറന്നുയർന്നു. മുംബൈയെ ലക്ഷ്യംവച്ചു പറന്ന ആ സീ കിങ് ഹെലികോപ്റ്റർ നാവികസേനയ്ക്കു ‘കിങ്’ ആയി. മാനത്തോളമുയർന്നു, ഇന്ത്യയുടെ അഭിമാനം.
പൊഖ്റാനും പ്രതിരോധ വിലക്കും
1998ലെ പൊഖ്റാൻ ആണവ പരീക്ഷണത്തെത്തുടർന്നു യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതിരോധമേഖലയിൽ ഇന്ത്യയ്ക്കു വിലക്കേർപ്പെടുത്തി. സൈനികനീക്കങ്ങൾക്കും നിരീക്ഷണത്തിനും അത്യാവശ്യമായ സീ കിങ് ഹെലികോപ്റ്ററുകളെ വിലക്കു ബാധിക്കുമോയെന്ന ആശങ്കയുയർന്നു. യുഎസ് നിർമിതമാണു സീ കിങ് കോപ്റ്ററുകൾ.
സാങ്കേതികവിദ്യ യുഎസ് കമ്പനിയുടെ കയ്യിലാണ്. ഉപരോധം കാരണം, പുതിയ സീ കിങ്ങുകൾ കിട്ടില്ല; അറ്റകുറ്റപ്പണി നടത്താനോ പുതുക്കാനോ വേണ്ട സാങ്കേതിക സഹായവും യുഎസ് നൽകില്ല.
ഇതിനിടെ, 2001 ഫെബ്രുവരിയിലെ മുംബൈ ഫ്ലീറ്റ് റിവ്യൂവിന് ഇന്ത്യൻ നാവികസേന ഒരുക്കം തുടങ്ങുകയും ചെയ്തു. വിദേശരാജ്യങ്ങളിലെ നാവികസേനകളടക്കം പങ്കെടുക്കുന്ന ഫ്ലീറ്റ് റിവ്യൂവിൽ സീ കിങ് സുസജ്ജമാക്കിയേ തീരൂ എന്ന സ്ഥിതി വന്നു. ആ സമയത്തു നിലവിലുണ്ടായിരുന്ന സീ കിങ്ങുകളുടെ ഗിയർ ബോക്സിന്റെ ശേഷി ഏതാണ്ടു പൂർണമായി ഉപയോഗിച്ചിരുന്നു. വിലക്കുള്ളതിനാൽ, യുഎസ് നിർമിത സീ കിങ്ങുകളുടെ ഗിയർ ബോക്സ് മാറ്റാനും കഴിയില്ല.
പ്രതികൂല ഘടകങ്ങൾ ചേർത്തുവച്ച് 2000 സെപ്റ്റംബറോടെ നാവികസേന, ചരിത്രപരമായ തീരുമാനമെടുത്തു: ഫ്ലീറ്റ് റിവ്യൂവിൽ സീ കിങ് പറത്തുക. ഒറ്റ വഴി മാത്രമേയുള്ളൂ മുന്നിൽ – പഴയ മോഡൽ സീ കിങ്ങുകളിലെ, ആയുസ്സു ബാക്കിയുള്ള ഗിയർ ബോക്സുകൾ നിലവിലുള്ള സീ കിങ്ങുകളിലേക്കു ഘടിപ്പിക്കുക.
ഒരുതരത്തിൽ പറഞ്ഞാൽ അവയവമാറ്റം. പഴയ മോഡലുകളുടെ ഗിയർബോക്സ്, പുതിയ മോഡൽ സീ കിങ്ങുമായി ഇണങ്ങുമോ? ആ ചോദ്യത്തിനുള്ള ഉത്തരമാണ്, 4 മാസത്തിനകം കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തുനിന്നു പറന്നുയർന്ന 4 സീ കിങ്ങുകൾ.
കൊച്ചിയിലെ നേവൽ എയർക്രാഫ്റ്റ് യാഡിന്റെ ചരിത്രപരമായ ദൗത്യത്തിനു നേതൃത്വം നൽകിയത് ഒരു മലയാളിയാണ്. ഇപ്പോൾ ദക്ഷിണ നാവിക കമാൻഡ് നേവൽ എയർക്രാഫ്റ്റ് യാഡ് കമഡോർ സൂപ്രണ്ട് – കമഡോർ രമേഷ് എം.എസ്.മേനോൻ.
ദ് ടാസ്ക്
2000 ഒക്ടോബറിൽ, ലഫ്റ്റനന്റ് കമാൻഡറായിരിക്കെയാണു ദക്ഷിണ നാവിക കമാൻഡിലെ നേവൽ എയർ ക്രാഫ്റ്റ് യാഡിൽ സീ കിങ് പ്രൊഡക്‌ഷന്റെ ചുമതലക്കാരനായി രമേഷ് മേനോൻ നിയോഗിക്കപ്പെടുന്നത്. യഥാർഥത്തിൽ അതു സീ കിങ് ദൗത്യത്തിനുളള നിയോഗമായിരുന്നു. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ കമഡോർ രമേഷിനൊപ്പം എൻജിനീയർമാരടങ്ങുന്ന 70 പേരാണു ദൗത്യസംഘത്തിൽ.
രാജ്യാന്തര ഫ്ലീറ്റ് റിവ്യൂവിനു മുൻപ് ദൗത്യം പൂർത്തിയാക്കണമെന്ന കർശനനിർദേശമുണ്ടായിരുന്നു. മുന്നിലുള്ളത് 4 മാസം മാത്രം. ആളും സൗകര്യവും സംവിധാനങ്ങളുമടക്കം എല്ലാം സജ്ജം.
ആ ദിവസങ്ങൾ
‘വലിയ ഉത്തരവാദിത്തമാണു ചുമലിൽ. പരാജയപ്പെട്ടാൽ, എനിക്കു മാത്രമല്ല, നാവികസേനയ്ക്കും രാജ്യത്തിനും തിരിച്ചടിയാണ്. ദിവസം 12 മുതൽ 18 മണിക്കൂർ വരെ ജോലി ചെയ്തു. ചില ദിവസങ്ങളിൽ വീട്ടിൽ പോയതേയില്ല. 3 പ്രൊഡക്‌ഷൻ ലൈനുകളിൽ തുടർച്ചയായി പരീക്ഷണങ്ങൾ നടന്നു. ഗിയർ ബോക്സിൽ മാറ്റം വരുത്തിയില്ലെങ്കിലും അവ പുതിയ മോഡൽ ഹെലികോപ്റ്ററുകളിൽ ഘടിപ്പിക്കാനുള്ള പരീക്ഷണങ്ങൾ കടുത്തതായിരുന്നു.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിലായിരുന്നു അന്തിമഘട്ട പരീക്ഷണങ്ങൾ. പുതിയ ഗിയർ ബോക്സുമായി പറക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ, നിലത്തുറപ്പിച്ച ‘ഗ്രൗണ്ട് ടെസ്റ്റ് വെഹിക്കിൾ’ എന്ന സിമുലേറ്റർ സംവിധാനത്തിൽ പരീക്ഷിച്ചു നോക്കുകയായിരുന്നു.
‘ഒടുവിൽ, പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂർത്തിയായി. ഫ്ലീറ്റ് റിവ്യൂവിനു വേണ്ടി 4 ഹെലികോപ്റ്ററുകൾ തയാറാക്കി നൽകി. ഇതിൽ, നാലാമത്തേതു മുംബൈയിലേക്കു പറന്നുയർന്നതു റിവ്യൂ തുടങ്ങുന്നതിനു മണിക്കൂറുകൾക്കു മുൻപു മാത്രം.’ 2001 ഫെബ്രുവരി 8ന് ആയിരുന്നു ഫ്ലീറ്റ് റിവ്യൂ എന്നു കമഡോർ രമേഷ് ഓർക്കാൻ ഒരു കാരണം കൂടിയുണ്ട്: ഇളയ മകൾ മാധവി ജനിച്ച ദിവസം.
2 സീ കിങ്ങുകൾക്കു കൂടി ഗിയർ ബോക്സ് മാറ്റി ഘടിപ്പിച്ചു പ്രവർത്തന സജ്ജമാക്കി, ഫെബ്രുവരി അവസാനത്തോടെ ദൗത്യം പൂർത്തിയാക്കി. ഉപയോഗശൂന്യമാകുമായിരുന്ന 6 സീ കിങ്ങുകൾക്കു ലഭിച്ചതു പുതുജീവൻ. ഏറെ നാളുകൾ പറന്ന ശേഷമാണ് അവയ്ക്കു പുതിയ ഗിയർ ബോക്സുകൾ വച്ചത്.
2010 വരെ സീ കിങ്ങുകൾക്കൊപ്പം തന്നെയുണ്ടായിരുന്നു കമഡോർ രമേഷ്. വിശാഖപട്ടണത്ത് കമാൻഡ് എയർ ടെക്നിക്കൽ ഓഫിസർ, ഗോവയിൽ നേവൽ ഏവിയേഷൻ സീനിയർ സ്റ്റാഫ് ഓഫിസർ, ഡൽഹിയിൽ എയർ ലോജിസ്റ്റിക്സ് സപ്പോർട്ട് പ്രിൻസിപ്പൽ ഡയറക്ടർ തുടങ്ങിയ ചുമതലകൾക്കു ശേഷം 2019ൽ നേവൽ എയർക്രാഫ്റ്റ് യാഡ് കമഡോർ സൂപ്രണ്ടായി വീണ്ടും ദക്ഷിണ നാവിക കമാൻഡിൽ.
എയർ ഇവാക്വേഷൻ പോഡ്
ലോക്ഡൗൺ തുടങ്ങിയ സമയം. കോവിഡ് പോസിറ്റീവായവരെ രക്ഷാപ്രവർത്തകരുമായി സമ്പർക്കത്തിൽ വരാതെ, സുരക്ഷിതമായി ആകാശമാർഗം ആശുപത്രിയിലെത്തിക്കാൻ ചെലവു കുറഞ്ഞ എയർ ഇവാക്വേഷൻ പോഡ് വികസിപ്പിക്കാൻ നാവികസേന തീരുമാനിച്ചു. ദക്ഷിണ നാവിക കമാൻഡ് ഈ ദൗത്യമേൽപിച്ചതു നേവൽ എയർക്രാഫ്റ്റ് യാഡിനെ. ലോക്ഡൗണിൽ, നേവൽ എയർക്രാഫ്റ്റ് യാഡിൽ അടച്ചിട്ടിരുന്ന് കമഡോർ രമേഷും 12 സഹപ്രവർത്തകരും 5 ദിവസം കൊണ്ട് പോഡിന്റെ ആദ്യ മാതൃക വികസിപ്പിച്ചെടുത്തു. പിന്നീട്, ആരോഗ്യവിഭാഗത്തിന്റെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ഹെലികോപ്റ്ററുകളിലും ചെറുവിമാനങ്ങളിലും പ്രായോഗിക പരീക്ഷണം.
രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഇവാക്വേഷൻ പോഡിന്, 60,000 രൂപയാണു വില. മറ്റു രാജ്യങ്ങളിലുണ്ടാക്കുന്നവയ്ക്ക് 60 ലക്ഷം രൂപ വിലയുള്ളപ്പോഴാണിത്. വിദേശ രാജ്യങ്ങൾക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്കും പോഡ് ഇതിനകം നൽകിക്കഴിഞ്ഞു. ഇക്കൊല്ലം വിശിഷ്ട സേവാ മെഡലിനു കമഡോർ രമേഷിനെ അർഹനാക്കിയതും ഈ നേട്ടം തന്നെ.
കുടുംബവിശേഷം
തൃശൂർ കിഴക്കുംപാട്ടുകര സ്വദേശിയായ കമഡോർ രമേഷ് മേനോൻ 1991ൽ ആണ് നാവികസേനാംഗമായത്. 1994ൽ ഏവിയേഷൻ വിഭാഗത്തിലെത്തി. ഭാര്യ ദീപ മേനോൻ, മക്കൾ: മീനാക്ഷി, മാധവി. മരുമകൻ ക്യാപ്റ്റൻ വൈഭവ് രാജീവ് കരസേനയിൽ.