ചെറുതല്ല ഈ വെളിച്ചം
1972ലെ ഒരു ഞായർ, ഇടുക്കി അണക്കെട്ട് പദ്ധതി പ്രദേശം. സമയം സന്ധ്യയാകുന്നു. അണക്കെട്ടു നിർമാണത്തിനെത്തിയ മലയാളികളും ഇതര സംസ്ഥാനക്കാരുമുൾപ്പെടുന്ന വലിയൊരു കൂട്ടം തൊഴിലാളികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവർക്കു മുന്നിൽ 16 എംഎം ഫിലിം പ്രൊജക്ടറും സ്ക്രീനും ശബ്ദസംവിധാനങ്ങളും ഒരുക്കുന്ന തിരക്കിൽ ഏതാനും
1972ലെ ഒരു ഞായർ, ഇടുക്കി അണക്കെട്ട് പദ്ധതി പ്രദേശം. സമയം സന്ധ്യയാകുന്നു. അണക്കെട്ടു നിർമാണത്തിനെത്തിയ മലയാളികളും ഇതര സംസ്ഥാനക്കാരുമുൾപ്പെടുന്ന വലിയൊരു കൂട്ടം തൊഴിലാളികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവർക്കു മുന്നിൽ 16 എംഎം ഫിലിം പ്രൊജക്ടറും സ്ക്രീനും ശബ്ദസംവിധാനങ്ങളും ഒരുക്കുന്ന തിരക്കിൽ ഏതാനും
1972ലെ ഒരു ഞായർ, ഇടുക്കി അണക്കെട്ട് പദ്ധതി പ്രദേശം. സമയം സന്ധ്യയാകുന്നു. അണക്കെട്ടു നിർമാണത്തിനെത്തിയ മലയാളികളും ഇതര സംസ്ഥാനക്കാരുമുൾപ്പെടുന്ന വലിയൊരു കൂട്ടം തൊഴിലാളികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവർക്കു മുന്നിൽ 16 എംഎം ഫിലിം പ്രൊജക്ടറും സ്ക്രീനും ശബ്ദസംവിധാനങ്ങളും ഒരുക്കുന്ന തിരക്കിൽ ഏതാനും
1972ലെ ഒരു ഞായർ, ഇടുക്കി അണക്കെട്ട് പദ്ധതി പ്രദേശം.
സമയം സന്ധ്യയാകുന്നു. അണക്കെട്ടു നിർമാണത്തിനെത്തിയ മലയാളികളും ഇതര സംസ്ഥാനക്കാരുമുൾപ്പെടുന്ന വലിയൊരു കൂട്ടം തൊഴിലാളികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവർക്കു
മുന്നിൽ 16 എംഎം ഫിലിം പ്രൊജക്ടറും സ്ക്രീനും ശബ്ദസംവിധാനങ്ങളും ഒരുക്കുന്ന തിരക്കിൽ ഏതാനും പേർ. വേണ്ട നിർദേശങ്ങൾ കൊടുത്തു എറണാകുളം സ്വദേശി ബാലകൃഷ്ണ കാമത്ത്. പ്രധാന സഹായിയായി ഒപ്പം ഭാര്യ ജയ. കാത്തിരിപ്പിനൊടുവിൽ പ്രൊജക്ടറിൽ നിന്നുള്ള വെള്ളിവെളിച്ചത്തിൽ സ്ക്രീനിൽ തെളിയുന്ന സൂപ്പർഹിറ്റ് ഹിന്ദി ചലച്ചിത്രത്തിന്റെ ടൈറ്റിൽ. ഹൈറേഞ്ചിന്റെ ശാന്തതയെ ഭേദിച്ചുയർന്ന തൊഴിലാളികളുടെ കയ്യടിയും ചൂളംവിളിയും ആർപ്പുവിളികളും കുറവൻ–കുറത്തി മലകളിൽത്തട്ടി പ്രതിധ്വനിച്ചു.
‘ആറു ദിവസത്തെ ജോലിക്കു ശേഷമുള്ള അവധി ദിനത്തിൽ സിനിമാ പ്രദർശനത്തിനായി അന്നെല്ലാം കാത്തിരിക്കാറുണ്ടായിരുന്നത് ഡാം നിർമാണത്തിനെത്തിയ അയ്യായിരത്തോളം തൊഴിലാളികളാണ്. ഉല്ലാസത്തിന് മറ്റു വഴികളൊന്നുമില്ലാതിരുന്ന അവർക്കു ഞായറാഴ്ചകളിലെ സിനിമാപ്രദർശനം വലിയ ആശ്വാസമായിരുന്നു. ‘റീലിലെ ഹീറോ’സിനൊപ്പം മുടങ്ങാതെ മലകയറി എത്തിയിരുന്ന ബാലകൃഷ്ണ കാമത്തായിരുന്നു അന്നെല്ലാം തൊഴിലാളികളുടെ റിയൽ ഹീറോ!’. അഞ്ചു പതിറ്റാണ്ടു മുൻപുള്ള ഞായറാഴ്ചകളിൽ ഇടുക്കി ഡാം സൈറ്റിലുയർന്ന ആരവങ്ങൾ ജയ കാമത്തിന്റെ മനസ്സിൽ നിന്നു പ്രതിധ്വനിച്ചു.
കൊച്ചി എംജി റോഡിനു സമീപം നെട്ടേപ്പാടം റോഡിലുള്ള വീടിന്റെ സ്വീകരണ മുറിയിലിരിക്കുമ്പോൾ ഓർമകളുടെ വേലിയേറ്റമാണു ജയയുടെ മുഖത്ത്. മുന്നിലെ ചുമരിലുള്ള ഭർത്താവിന്റെ ചിത്രത്തിലേക്ക് ഇടയ്ക്കു നോക്കും. അദ്ദേഹം ഏൽപിച്ചു പോയ സാധനങ്ങളാണ് ചുറ്റും. ഒരു കാലത്തു കേരളത്തിലങ്ങോളമിങ്ങോളം സിനിമയുടെ വെള്ളിവെളിച്ചം നിറച്ച പ്രൊജക്ടറുകളും പഴയ സിനിമകളുടെ പ്രിന്റുകളും ബഹുവർണ പോസ്റ്ററുകളുമെല്ലാം മുറികളിൽ മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. ബാലകൃഷ്ണ കാമത്തുമൊത്ത് ജീവിച്ച വീടിനെ 16 എംഎം ഫിലിം മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണു ജയ. ‘എച്ച്ബികെ മെമ്മോറിയൽ മ്യൂസിയം’.
ചരിത്രത്തിന്റെ റീലുകൾ
തിയറ്ററിൽ നിന്നു വിട്ടു കഴിഞ്ഞാൽ സിനിമകൾ നാടെങ്ങും 16 എംഎം പ്രൊജക്ടറുകൾ ഉപയോഗിച്ചു പ്രദർശിപ്പിക്കുന്ന പതിവ് എൺപതുകൾ വരെ സജീവമായിരുന്നു. വിവാഹം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്കെത്തിയപ്പോൾ മുതൽ ജയ ഭർത്താവിനു സഹായിയായി ഒപ്പം നിന്നു. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, ബംഗാളി തുടങ്ങിയ ഇന്ത്യൻ ഭാഷാ സിനിമകൾക്കൊപ്പം ഹോളിവുഡ്, കൊറിയൻ ചിത്രങ്ങൾ വരെ ബാലകൃഷ്ണ കേരളത്തിൽ എത്തിച്ചു പ്രദർശിപ്പിച്ചിരുന്നു. സ്കൂളുകളിലും കോളജുകളിലും വായനശാലകളിലും വ്യവസായ സ്ഥാപനങ്ങളിലുമൊക്കെ ഫിലിം ക്ലബ്ബുകൾ സജീവമായിരുന്നു. തേയില തോട്ടത്തിലെ തൊഴിലാളികൾക്കായി മൂന്നാറിലും മത്സ്യത്തൊഴിലാളികൾക്കായി തീരദേശത്തുമെല്ലാം പ്രദർശനവുമായി ബാലകൃഷ്ണയെത്തി.
‘ നീട്ടിവളർത്തിയ മുടിയും താടിയുമുള്ള ഒരു യുവാവു വീട്ടിൽ അടിക്കടി വരും. ബാലകൃഷ്ണയോടു സിനിമകളെപ്പറ്റി ഏറെ നേരം സംസാരിച്ചിരിക്കും. പിന്നീടറിഞ്ഞു, സംവിധായകൻ ജോൺ ഏബ്രഹാമാണ് അതെന്ന്. ജോണിന്റെ ‘അമ്മ അറിയാൻ’ എന്ന ചിത്രത്തിന്റെ പ്രദർശനങ്ങളിലേറെയും ബാലകൃഷ്ണ മുഖേനയായിരുന്നു’, ജയയുടെ ഓർമകളിൽ ജോൺ ഏബ്രഹാമും അമ്മ അറിയാനും ഇന്നും തിളങ്ങി നിൽക്കുന്നു.
പ്രദർശനങ്ങളുടെ കൊടിയിറക്കം
തൊണ്ണൂറുകളുടെ തുടക്കത്തോടെ 16 എംഎം പ്രദർശനങ്ങൾ വിരളമായി. ബാലകൃഷ്ണ പതിയെ ഉൾവലിഞ്ഞു വീട്ടിൽ പുസ്തകങ്ങളിലേക്കു ഒതുങ്ങി. വരുംതലമുറയ്ക്കായി 16എംഎം സിനിമയുടെ കഥ പറയാൻ ബാക്കിയുണ്ടാവണമെന്ന ആഗ്രഹത്തോടെ കയ്യിലെ സാധനങ്ങളെല്ലാം വീട്ടിൽത്തന്നെ സുരക്ഷിതമാക്കി വച്ചു. 2015ലായിരുന്നു മരണം. ബാലകൃഷ്ണ–ജയ ദമ്പതികൾക്കു മക്കളുണ്ടായിരുന്നില്ല. ഒറ്റയ്ക്കായതോടെ ജയ സഹോദരിയുടെ ആലുവയിലെ വീട്ടിലേക്കു മാറി. ഇടയ്ക്കു കൊച്ചിയിലെ വീട്ടിലെത്തി പകൽ ചെലവഴിച്ചു മടങ്ങും. കാലപ്പഴക്കം ബാധിച്ചു തുടങ്ങിയ വീട് ഒന്നു പുതുക്കിയെടുക്കണമെന്ന മോഹം ജയയിൽ ഉദിച്ചതും ഇക്കാലത്താണ്.
‘ആക്രി’യായ ഓർമകൾ
2016ൽ വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ജയ തന്റെ അടുത്ത ബന്ധുവിനെ ചുമതലപ്പെടുത്തി. ഇതരസംസ്ഥാനക്കാർ ഉൾപ്പെടെയുള്ള ജോലിക്കാരെത്തി പണിയും ആരംഭിച്ചു. എന്നാൽ, വീടിനുള്ളിൽ സൂക്ഷിച്ചു വച്ചിരുന്ന പഴമയുടെ പൊടി പുരണ്ട വസ്തുക്കളുടെ മൂല്യം അവർ തിരിച്ചറിഞ്ഞില്ല. വിലയേറിയ പ്രൊജക്ടറുകളും ചിത്രങ്ങളുടെ പ്രിന്റുകളുമുൾപ്പെടെ ‘ആക്രി’യായി കണക്കാക്കി നിർമാണ സാമഗ്രികൾക്കൊപ്പം മുറികളുടെ മൂലയ്ക്കു കൂട്ടിയിട്ടു. സിമന്റും ചെളിവെള്ളവുമെല്ലാം ഒഴുകിപ്പരന്ന തറയിലായി അമൂല്യമായ വസ്തുക്കളുടെ സ്ഥാനം. പഴയ സിനിമകളുടെ പോസ്റ്ററുകളിലേറെയും പണിക്കാർ കത്തിച്ചു ‘സ്ഥലം ഒഴിവാക്കി’. പ്രൊജക്ടറുകളുടെയും സ്ക്രീനിന്റെയുമെല്ലാം ഇരുമ്പു ഭാഗങ്ങൾ തൂക്കി വിറ്റു.
ഇടയ്ക്കൊരു ദിവസം വീടു പണി വിലയിരുത്താനെത്തിയ ജയ ഈ കാഴ്ചകൾ കണ്ട് ആകെ തകർന്നു. ഉടൻ പണി നിർത്തിവയ്ക്കാൻ നിർദേശിച്ചു. എന്നാൽ പൊളിച്ച് അലങ്കോലമാക്കിയ വീടും അതിനുള്ളിൽ കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങളും പൂർവസ്ഥിതിയിലാക്കാനുള്ള മാർഗം മനസ്സിൽ തെളിഞ്ഞില്ല. അതിനു ആവശ്യമായ വലിയ പണച്ചെലവും പ്രശ്നമായിരുന്നു.
ഇത്രയും കാലം സൂക്ഷിച്ചു വച്ചവയെല്ലാം ഉപയോഗശൂന്യമായി മാറിയല്ലോ എന്ന വേദന മാത്രം ബാക്കിയായി. ഒടുവിൽ, വീടു പൂട്ടി ജയ പടിയിറങ്ങി. വേദനിപ്പിക്കുന്ന ദൃശ്യങ്ങളിലേക്കു മടങ്ങിച്ചെല്ലാൻ പിന്നീട് മനസ്സ് അനുവദിച്ചില്ല. നീണ്ട എട്ടു വർഷങ്ങൾ. നഗരമധ്യത്തിലെ പേരില്ലാത്ത 39/2161–ാം നമ്പർ വീടിനു വനവാസ കാലമായിരുന്നു അത്. ആൾപ്പെരുമാറ്റമില്ലാതായതോടെ വീടിനു ചുറ്റും കാടു നിറഞ്ഞു. ഇരുട്ടു വീണാൽ, സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി. ജയയുടെ മനസ്സിന്റെ സ്ക്രീനിൽ മാത്രം അപ്പോഴും 16 എംഎം പ്രൊജക്ടറുകളുടെ വെള്ളിവെളിച്ചം മിന്നിത്തെളിഞ്ഞു കൊണ്ടേയിരുന്നു. പക്ഷേ, സിനിമകളിലെ പോലെ തന്നെ ഒരു ‘മേജർ ട്വിസ്റ്റ്’ ജയയുടെ ജീവിതത്തിൽ അപ്പോഴും ബാക്കിയായിരുന്നു.
നിയോഗം പോലെ ഒരു കൂടിക്കാഴ്ച
2023. എറണാകുളം സെന്റ് തെരേസാസ് കോളജ് വിദ്യാർഥികൾക്കായി ‘ഗ്രീൻമാൻ’ എന്ന തന്റെ ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തിയ ശേഷം ഇറങ്ങിയതാണ് എളമക്കര സ്വദേശി വി.കെ.സുഭാഷ്. വിദ്യാർഥികൾക്കിടയിലൂടെ തിക്കിത്തിരക്കിയെത്തിയ സ്ത്രീ സുഭാഷിന്റെ കൈപിടിച്ചു നിർത്തി. കയ്യിൽ ചില സാധനങ്ങളുണ്ട്, അതിനെപ്പറ്റിയും ഒരു ഡോക്യുമെന്ററി ചെയ്യുമോ എന്നായിരുന്നു ചോദ്യം. ജയയായിരുന്നു അത്. അമ്മയുടെ പ്രായമുള്ള സ്ത്രീ തേടിപ്പിടിച്ചെത്തി ഇത്തരത്തിലൊരു കാര്യം പറയുമ്പോൾ അക്കാര്യം ഒന്നു പരിശോധിക്കാൻ തന്നെ സുഭാഷ് തീരുമാനിച്ചു.
സിനിമകളുടെ ‘ഭാർഗവി നിലയം’
ജയയുടെ വീട്ടിൽ സുഭാഷിനെ കാത്തിരുന്നതു കഴിഞ്ഞു പോയൊരു സിനിമാ കാലത്തെ അടയാളപ്പെടുത്തിയ വിസ്മയങ്ങളായിരുന്നു. ‘ഭാർഗവി നിലയം’ എന്ന ചിത്രത്തിന്റെ ഒറിജിനൽ പോസ്റ്ററിലാണ് ആദ്യം കണ്ണുടക്കിയത്. ഒരു മൂലയ്ക്കു ഷിക്കാഗോയിൽ നിർമിച്ച ജിബി ബെൽ ആൻഡ് ഹവൽ 16 എംഎം പ്രൊജക്ടർ.
1980കളിലെ ആർസിഎ 400 സ്പീക്കറുകൾ. 1967ൽ റിലീസ് ചെയ്ത ജംഗിൾ ബുക്ക് ഉൾപ്പെടെയുള്ള അനിമേഷൻ സിനിമകളുടെയും സത്യജിത് റേയുടെ പഥേർ പാഞ്ചാലി ഉൾപ്പെടെ ഒട്ടേറെ ക്ലാസിക് സിനിമകളുടെയും 16 എംഎം പ്രിന്റുകൾ. സിനിമാസ്കോപ്പിനായി ഉപയോഗിച്ചിരുന്ന അനമോർഫിക് ലെൻസുകൾ, സ്ലൈഡ് പരസ്യങ്ങൾ കാണിക്കാനായി ഉപയോഗിച്ചിരുന്ന, പോളണ്ടിൽ നിർമിച്ച സ്ലൈഡ് പ്രൊജക്ടർ, നോട്ടിസുകൾ പ്രിന്റ് ചെയ്യാൻ ഉപയോഗിച്ചിരുന്ന അച്ചുകൾ, വിദേശ സിനിമാക്കമ്പനികളുമായി ബാലകൃഷ്ണ നടത്തിയ കത്തിടപാടുകളുടെ ഫയൽ.
മ്യൂസിയം ഉയരുന്നു
വീടു വെറുതേ നന്നാക്കിയിട്ടു കാര്യമില്ലെന്നും അതിലുള്ള വസ്തുക്കൾ സുരക്ഷിതമായി തുടരണമെങ്കിൽ മ്യൂസിയമാക്കുകയാണു നല്ലതെന്നും സുഭാഷിനു തോന്നി. ജയയോട് ഇക്കാര്യം പങ്കുവച്ചപ്പോൾ നൂറുവട്ടം സമ്മതം. നിർമാണ ചുമതല സുഭാഷ് തന്നെ ഏറ്റെടുത്തു. സഹായിയായ അജിയെ ഒപ്പം കൂട്ടി മൂന്നു മാസങ്ങൾ വിശ്രമമില്ലാതെ പണിയെടുത്തു. വീടിന്റെ പെയിന്റിങ് ഉൾപ്പെടെയുള്ള ജോലികൾ ഇരുവരും ചേർന്നു പൂർത്തിയാക്കി. പൊടിഞ്ഞു പോകാറായിരുന്ന സിനിമാ പോസ്റ്ററുകൾ ഒട്ടിച്ചെടുത്തു. പ്രൊജക്ടറുകളും പ്രിന്റുകളുമെല്ലാം സജ്ജീകരിച്ചു. പതിയെപ്പതിയെ നെട്ടേപ്പാടത്തെ വീട് ചെറിയൊരു മ്യൂസിയമായി രൂപം മാറുകയായിരുന്നു. ബാലകൃഷ്ണ നിധി പോലെ സൂക്ഷിച്ചു വച്ച പുസ്തകങ്ങളുടെ വലിയൊരു ശേഖരവും ആദ്യ മുറിയിൽത്തന്നെയുണ്ട്.
മാലിന്യക്കൂമ്പാരത്തിൽ നിന്നൊരു മ്യൂസിയം സൃഷ്ടിച്ച കഥയും കേരളത്തിലെ ജനകീയ സിനിമാ പ്രദർശനങ്ങളുടെ ചരിത്രവും ചേർത്തു സുഭാഷ് ‘16 എംഎം സ്റ്റോറീസ് – റീവൈൻഡിങ് ഹിസ്റ്ററീസ്’ എന്ന ഡോക്യുമെന്ററിയാക്കി. ജൂൺ 20ന് ‘എച്ച്ബികെ മെമ്മോറിയൽ 16 എംഎം ഫിലിം മ്യൂസിയം’ സിനിമാ സ്നേഹികൾക്കായി തുറന്നു നൽകി. ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനവും അന്നു തന്നെയായിരുന്നു. ബാലകൃഷ്ണ കാമത്തിന്റെ ആഗ്രഹം പോലെ, ജയയുടെ സ്വപ്നം പോലെയൊരു സ്മാരകം ഇന്നു കൊച്ചി നഗരത്തിലുണ്ട്. വരും തലമുറയ്ക്കായി തുടർന്നും 16 എംഎം കഥകൾ പറഞ്ഞുകൊടുക്കാൻ.