‘കേരളത്തിലേക്കു വരുന്നോ... ’: കിംഷിയെ തേടി ആ സന്ദേശമെത്തി; കൈ പിടിച്ച നാടിന് ഇന്ന് കൈത്താങ്ങായി അവർ
പാതിയിൽ നിലച്ചു പോയൊരു ഗാനം പോലെയായിരുന്നു കിംഷി ലഹൈനെകിമ്മിന്റെ ജീവിതം. അശാന്തിയുടെ താഴ്‌വരയിൽ ജീവിതം ഹോമിക്കപ്പെടുമെന്നുറപ്പിച്ചു കണ്ണീരോടെ കഴിയുമ്പോഴാണു സുഹൃത്തിന്റെ ഒരു സന്ദേശം വരുന്നത്. കേരളത്തിലേക്കു വരുന്നോ... രക്ഷപ്പെടാനുള്ള അവസാനത്തെ പിടിവള്ളിയായി കിംഷിക്കു തോന്നി. അവൾ മറുപടിയയച്ചു.. ഞാനും വരുന്നു...
പാതിയിൽ നിലച്ചു പോയൊരു ഗാനം പോലെയായിരുന്നു കിംഷി ലഹൈനെകിമ്മിന്റെ ജീവിതം. അശാന്തിയുടെ താഴ്‌വരയിൽ ജീവിതം ഹോമിക്കപ്പെടുമെന്നുറപ്പിച്ചു കണ്ണീരോടെ കഴിയുമ്പോഴാണു സുഹൃത്തിന്റെ ഒരു സന്ദേശം വരുന്നത്. കേരളത്തിലേക്കു വരുന്നോ... രക്ഷപ്പെടാനുള്ള അവസാനത്തെ പിടിവള്ളിയായി കിംഷിക്കു തോന്നി. അവൾ മറുപടിയയച്ചു.. ഞാനും വരുന്നു...
പാതിയിൽ നിലച്ചു പോയൊരു ഗാനം പോലെയായിരുന്നു കിംഷി ലഹൈനെകിമ്മിന്റെ ജീവിതം. അശാന്തിയുടെ താഴ്‌വരയിൽ ജീവിതം ഹോമിക്കപ്പെടുമെന്നുറപ്പിച്ചു കണ്ണീരോടെ കഴിയുമ്പോഴാണു സുഹൃത്തിന്റെ ഒരു സന്ദേശം വരുന്നത്. കേരളത്തിലേക്കു വരുന്നോ... രക്ഷപ്പെടാനുള്ള അവസാനത്തെ പിടിവള്ളിയായി കിംഷിക്കു തോന്നി. അവൾ മറുപടിയയച്ചു.. ഞാനും വരുന്നു...
പാതിയിൽ നിലച്ചു പോയൊരു ഗാനം പോലെയായിരുന്നു കിംഷി ലഹൈനെകിമ്മിന്റെ ജീവിതം. അശാന്തിയുടെ താഴ്‌വരയിൽ ജീവിതം ഹോമിക്കപ്പെടുമെന്നുറപ്പിച്ചു കണ്ണീരോടെ കഴിയുമ്പോഴാണു സുഹൃത്തിന്റെ ഒരു സന്ദേശം വരുന്നത്. കേരളത്തിലേക്കു വരുന്നോ... രക്ഷപ്പെടാനുള്ള അവസാനത്തെ പിടിവള്ളിയായി കിംഷിക്കു തോന്നി. അവൾ മറുപടിയയച്ചു.. ഞാനും വരുന്നു...
ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നെത്തിയ ക്ഷണം കിംഷിയെ പോലെയുള്ള നൂറുകണക്കിനു വിദ്യാർഥികൾക്കു നൽകിയ ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റുന്നതായിരുന്നില്ല. കൈപിടിച്ചു കൂടെ നിർത്തിയ നാടിനു കൈത്താങ്ങു വേണ്ടിവന്ന സമയത്ത് അവരും ഉണർന്നു പ്രവർത്തിച്ചു. ചൂരൽമലയിലെയും മുണ്ടക്കൈയിലെയും നാട്ടുകാരുടെ വിഷമം അവർക്കു പെട്ടെന്നു മനസ്സിലാവുന്നതായിരുന്നു.
സുഹൃത്തുക്കളിൽ നിന്നുൾപ്പെടെ പണം സ്വരൂപിച്ച് ഒരു ലക്ഷം രൂപയാണ് കണ്ണൂർ ജില്ലാ കലക്ടറെ അവർ ഏൽപ്പിച്ചത്. മറ്റുള്ളവരുടെ കനിവോടെ ഇവിടെ പഠനം തുടരുന്നവരാണ് ഇത്രയും വലിയൊരു തുക സമാഹരിച്ചത്!. അഭയമേകിയവർക്ക് ആശ്വാസം പകരാൻ കാണിച്ച ഹൃദയവിശാലത..
ഇരുകയ്യും നീട്ടി കണ്ണൂർ
കഴിഞ്ഞവർഷം ആദ്യമാണ് മണിപ്പുരിലെ കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ കത്ത് കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർക്കു ലഭിക്കുന്നത്. വിദ്യാഭ്യാസം മുടങ്ങിപ്പോയവരുടെ തുടർപഠനത്തിനു സഹായം നൽകാമോയെന്നഭ്യർഥിച്ച്. കലാപത്തെ തുടർന്ന് അവിടുത്തെ കോളജുകളും സർവകലാശാലകളും അനിശ്ചിതമായി അടച്ചിരുന്നു. അന്നത്തെ വിസി ഡോ.ഗോപിനാഥ് രവീന്ദ്രൻ ഇതു സർവകലാശാല വിദ്യാർഥി ക്ഷേമകാര്യ ഡയറക്ടർ ഡോ. ടി.പി.നഫീസ ബേബിയെ അറിയിച്ചു. സിൻഡിക്കറ്റ് ചേർന്ന് ഇക്കാര്യം ചർച്ച ചെയ്ത് എല്ലാവരെയും ക്ഷണിക്കാൻ തീരുമാനിച്ചു. പിന്നീടു കാര്യങ്ങൾക്കു വേഗം കൂടി. വിമാനത്തിലും ട്രെയിനിലും ബസിലുമായി ബിരുദ, ബിരുദാനന്തര, ഗവേഷക വിദ്യാർഥികൾ കണ്ണൂരിലെത്തി.
വിദ്യാർഥികളെ സ്വീകരിക്കുന്നതിലും സൗകര്യമൊരുക്കുന്നതിലും മുൻകയ്യെടുത്ത ടി.പി.നഫീസ ബേബി പറയുന്നു. ‘‘ ഒരുതരം മരവിച്ച മനസ്സോടെയാണ് അവർ വന്നിറങ്ങിയത്. നാട്ടിൽ നിന്നനുഭവിച്ച മാനസികസംഘർഷം കുട്ടികളെ വല്ലാതെ ബാധിച്ചിരുന്നു. അതോടൊപ്പം പഠനം നിലച്ചു പോകുമോയെന്ന പേടിയും. അതു കൊണ്ടുതന്നെ ആദ്യം അവർക്കു കൗൺസലിങ് നൽകി സാധാരണ മാനസിക നിലയിലേക്കു കൊണ്ടുവരികയാണു ഞങ്ങൾ ചെയ്തത്’’.
തീകൊളുത്തിയ പ്രതീക്ഷകൾ
നരവംശ ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന കിംഷി ലഹൈനെകിം ആണ് സർവകലാശാലയിലെ വിദ്യാർഥികളുടെ കാര്യങ്ങളൊക്കെ ഏകോപിപ്പിക്കുന്നത്. മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിലാണു കിംഷിയുടെ വീട്. കർഷകകുടുംബം.
കേരളത്തിലേക്കുള്ള യാത്രയെ കിംഷി ഓർക്കുന്നു. ‘‘ അഗ്നിക്കിരയാക്കിയ വീടുകൾ.. അതിൽ കത്തിനശിച്ച പുസ്തകങ്ങൾ.. സർട്ടിഫിക്കറ്റുകൾ...പ്രതീക്ഷ നശിച്ചവരായിരുന്നു ഞങ്ങൾ കുക്കി വിദ്യാർഥികൾ. ധനമഞ്ജുരി സർവകലാശാലയിൽ നരവംശ ശാസ്ത്രത്തിൽ ഗവേഷക വിദ്യാർഥിയായിരുന്നു ഞാൻ. ഗവേഷണം തുടങ്ങി രണ്ടുമാസമായപ്പോഴേക്കും കലാപം തുടങ്ങി.
അതോടെ സർവകലാശാല അടച്ചു. കുക്കി–മെയ്തെയ് പോരാട്ടം നടക്കുന്ന മേഖലയായതിനാൽ സർവകലാശാല തുറന്നാലും പോകാൻ പറ്റാത്ത സ്ഥിതിയായി. വലിയ പ്രതീക്ഷയോടെയായിരുന്നു രക്ഷിതാക്കൾ എന്നെ പഠിപ്പിച്ചത്. ഞങ്ങൾ അഞ്ചു മക്കളാണ്. ഞാൻ രണ്ടാമത്തേതാണ്. എനിക്കു താഴെയുള്ളവൾക്ക് കേന്ദ്രസർക്കാർ ജോലി കിട്ടി ഡൽഹിയിലാണ്. സഹോദരൻ അസം റൈഫിൾസിലും.
കണ്ണൂരിൽനിന്ന് ക്ഷണം ലഭിച്ചപ്പോൾ കേരളത്തെക്കുറിച്ചു ഞങ്ങൾക്ക് അറിയുക പോലുമില്ലായിരുന്നു. രക്ഷപ്പെടാൻ അവസരം ലഭിച്ചപ്പോൾ ചിലർക്കു പേടിയായി. രക്ഷിതാക്കളെയും സഹോദരങ്ങളെയും കലാപമേഖലയിൽ ഉപേക്ഷിച്ചു പോകുന്നതായിരുന്നു ഏറ്റവും വലിയ വേദന. തിരിച്ചു ചെല്ലുമ്പോൾ നാട്ടിൽ ആരാണു ബാക്കിയുണ്ടാകുക എന്നൊന്നും പറയാൻ പറ്റാത്ത അനിശ്ചിതത്വം.
മക്കൾക്ക് ഉന്നതവിദ്യാഭ്യാസം നൽകാൻ താൽപര്യം കാണിച്ചിരുന്ന എന്റെ രക്ഷിതാക്കൾ എത്രയും പെട്ടെന്നു രക്ഷപ്പെടാൻ പറഞ്ഞു. ഞാൻ തന്നെ കുറെ കൂട്ടുകാരെ നിർബന്ധിച്ചു. കെഎസ്ഒ പ്രവർത്തകർ മുൻകയ്യെടുത്ത് ആദ്യ ബാച്ചിനെ കണ്ണൂരിലേക്കു വിമാനത്തിൽ കയറ്റിവിട്ടു.
സർട്ടിഫിക്കറ്റുകളൊന്നുമില്ലാതെയാണു ഞങ്ങളിൽ പലരും ഇങ്ങോട്ടു വന്നത്. ഇവിടെ ഞങ്ങൾ പ്രതീക്ഷിച്ചതു പോലെയായിരുന്നില്ല. സർവകലാശാലയിലുള്ളവരും രാഷ്ട്രീയക്കാരുമെല്ലാം വിമാനത്താവളത്തിൽ ഞങ്ങളെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നു. ഇതു ദൈവത്തിന്റെ നാടു തന്നെയാണെന്നു ഞങ്ങൾക്ക് അപ്പോഴെ ബോധ്യമായി. എല്ലാവരിൽനിന്നും ആശ്വാസവാക്കുകൾ..സ്വന്തം വീട്ടിൽ തിരിച്ചെത്തിയ ഫീലിങ് ആയിരുന്നു’’– ചിരിച്ചുകൊണ്ട് കിംഷി പറഞ്ഞു.
കലാപം തകർത്ത മനസ്സ്
‘‘കലാപം അവരെ വല്ലാതെ തകർത്തിരുന്നു. ഉറ്റവരെയൊക്കെ കൊലപ്പെടുത്തുന്നതിനു സാക്ഷികളായവരായിരുന്നു അവരിൽ ചിലർ. കലാപകാരികൾ തീയിട്ട വീട്ടിൽനിന്നു രക്ഷപ്പെട്ടോടിയവർ. അങ്ങനെയുള്ളവരായിരുന്നു വന്നവരിൽ ഭൂരിഭാഗം പേരും. പരിചയമില്ലാത്തൊരു നാട്ടിലേക്കു പറിച്ചുനടുകയല്ലേ. അതിന്റേതായ പ്രശ്നങ്ങൾ അവർക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രത്യേക പരിഗണനയോടെയാണ് ഞങ്ങൾ അവരെ സ്വീകരിച്ചത്’’ – ഡോ.നഫീസ ബേബി പറഞ്ഞു.
സർവകലാശാലയിൽ പുതിയ അധ്യയനം തുടങ്ങിയ ശേഷമാണ് ഇവരൊക്കെ വരുന്നത്. സ്പെഷൽ കാറ്റഗറിയിൽ ആണ് പലരെയും ചേർത്തത്. ചിലർക്കു അതുവരെ പഠിച്ചുകൊണ്ടിരുന്ന കോഴ്സുകൾ തുടരാൻ സാധിച്ചു. ചിലർ പുതിയ കോഴ്സുകളിൽ ചേർന്നു. സർവകലാശാലയ്ക്കു കീഴിലെ കോളജുകളെല്ലാം ഇവർക്ക് ഇഷ്ടമുള്ള കോഴ്സുകളിൽ ചേരാൻ അവസരം നൽകി.
ഒറ്റപ്പെട്ടു പോകാതിരിക്കാൻ ഓരോ സംഘമായിട്ടാണ് കോളജുകളിൽ ചേർത്തത്. എന്നിട്ടും ചില കുട്ടികൾ തിരിച്ചുപോയി. പയ്യന്നൂർ കോളജിലെ ഒരു കുട്ടി ആരോടും പറയാതെ പൊയ്ക്കളഞ്ഞു. അവിടെ ചെന്ന േശഷം അവൻ ക്ഷമ ചോദിച്ചു കത്തെഴുതി. നാട്ടിലെ കാര്യങ്ങളോർത്തു മാനസികസംഘർഷം സഹിക്കാനാവാതെ തിരിച്ചു പോയതായിരുന്നു.
പഠനം, താമസം, ഭക്ഷണം ഇതൊക്കെ സൗജന്യമാണ്. പലരും കുട്ടികളെ സ്പോൺസർ ചെയ്യാൻ തയാറായി. മാസങ്ങൾക്കു മുൻപ് കൂത്തുപറമ്പ് നിർമലഗിരി കോളജിൽ അവരുടെ ഒരു സംഗമം നടത്തിയിരുന്നു. മണിപ്പുർ ഭക്ഷണമായിരുന്നു അവിടെ നൽകിയത്. നാട്ടിൽ നിന്നു പോന്നതിൽ പിന്നെ ഇഷ്ടഭക്ഷണം അവർക്കൊന്നും ലഭിച്ചിരുന്നില്ല. ഒരുദിവസം ഒന്നിച്ചു താമസിച്ച ശേഷമാണ് എല്ലാവരും മടങ്ങിയത്’’ - നഫീസ ബേബി പറഞ്ഞു.
ചോറും ചൂടും സഹിക്കാനാവുന്നില്ല
‘‘ടീച്ചർ പറഞ്ഞതു ശരിയാണ്. ഭാഷ, ദേശം, ഭക്ഷണം, കാലാവസ്ഥ ഇതൊക്കെ ഞങ്ങൾക്കു വലിയ പ്രശ്നമായിരുന്നു– കിംഷി തുടർന്നു. മലയാളം മനസ്സിലാക്കാൻ ശരിക്കും പ്രയാസപ്പെട്ടു. ഇപ്പോൾ തന്നെ നമസ്കാരം എന്ന വാക്കു പറയാൻ മാത്രമേ ഞാൻ പഠിച്ചുള്ളൂ. ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ചാണ് യാത്രയൊക്കെ. അതുപോലെ തന്നെ ഭക്ഷണവും. ഇവിടുത്തെ ചോറാണ് വലിയ പ്രശ്നമുണ്ടാക്കിയത്. ബിരിയാണി ഇഷ്ടപ്പെട്ടു. അതുപോലെ ബോണ്ടയും.
നാട്ടിലെ ഭക്ഷണം ഇവിടെയെവിടെയും കിട്ടാനില്ലെന്ന വിഷമമാണ് പഞ്ചവത്സര നിയമവിദ്യാർഥിയായ സമിൻലാൽ കോൺസായിക്കുള്ളത്. കഴിഞ്ഞ വേനൽ ശരിക്കും ബുദ്ധിമുട്ടിച്ചു. ഇത്രയും ചൂടുള്ള കാലാവസ്ഥയിൽ ഞങ്ങൾ ജീവിച്ചിട്ടേയില്ലായിരുന്നു. മേയ് മാസത്തിലൊക്കെ നാടുവിട്ടുപോയാലോ എന്നുവരെ ചിന്തിച്ചിരുന്നു. ഇപ്പോൾ നല്ല കാലാവസ്ഥയാണ്’’. സമിൻലാൽ പറഞ്ഞു.
വയനാടിനൊരു കൈത്താങ്ങ്
‘‘കണ്ണൂർ യൂണിവേഴ്സിറ്റി കാണിച്ച സന്മനസ്സു കൊണ്ടാണ് ഞങ്ങളുടെ മോഹം പാതിവഴിയിലാകാതിരുന്നത്. ഞങ്ങളെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച നാട്. അങ്ങനെയുള്ള നാടിനൊരു സഹായം വേണ്ടിവന്നപ്പോൾ പ്രതികരിക്കാതിരിക്കാൻ പറ്റില്ലല്ലോ. കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷനുമായി ബന്ധപ്പെട്ടാണ് പണം സ്വരൂപിച്ചത്. അൻപതും നൂറുമൊക്കെ തന്നു പലരും സഹായിച്ചു. അങ്ങനെയാണ് ഒരു ലക്ഷം രൂപയാക്കി ഞങ്ങൾ കലക്ടർക്കു കൈമാറിയത്.ജോലി ലഭിച്ചാൽ എനിക്ക് ഇവിടെ കുടുംബമായി കഴിയാനാണ് താൽപര്യം. വരൻ ഇവിടുത്തുകാരൻ ആയാൽ വലിയ സന്തോഷം’’ – ചിരിച്ചുകൊണ്ട് കിംഷി പറഞ്ഞു.