ഹൈവേകളിലെ മദ്യവിൽപന നിരോധനം നീക്കാൻ സ്വിസ് മന്ത്രിസഭ

സൂറിക് ∙ ഹൈവേകളിലെ പെട്രോൾ പമ്പുകളിൽ 50 വർഷമായി തുടരുന്ന മദ്യവിൽപന നിരോധനം എടുത്തുകളയാൻ സ്വിസ് മന്ത്രിസഭയുടെ അനുമതി. പാർലമെന്റിന്റെ ട്രാൻസ്‌പോർട് ഉപസമിതി വോട്ടിനിട്ടു പാസാക്കിയ നിർദേശം മന്ത്രിസഭയും അംഗീകരിക്കുകയായിരുന്നു. 

ഡ്രൈവർക്കു വേണ്ട; എന്നാൽ കൂടെ ഉള്ളവർക്ക് ഒരു ബീയർ എങ്കിലും കുടിക്കാനുള്ള ലഭ്യത നിഷേധിക്കാൻ പാടില്ലെന്നായിരുന്നു ട്രാൻസ്‌പോർട് കമ്മിഷന്റെ ശുപാർശ.

ഹൈവേകളിൽനിന്നു പുറത്തേക്കുള്ള പാതയിലെ പമ്പുകളിലും, റസ്റ്ററന്റുകളിലും മദ്യവിൽപനയ്ക്ക് അനുമതിയുള്ളപ്പോൾ, ഹൈവേയ്ക്കുള്ളിലെ പമ്പുകളിൽ അതു നിഷേധിക്കുന്നത്, അവരുടെ വിൽപനശേഷി പുറകോട്ടടിക്കും എന്ന വാദവും സമിതി പരിഗണിച്ചു. 

കേന്ദ്രമന്ത്രിസഭയുടെ അനുമതി കിട്ടിയെങ്കിലും, പാർലമെന്റിൽ കൂടി പാസ്സായാലേ ഹൈവേകളിലെ പെട്രോൾ പമ്പുകളിലേക്കു മദ്യം അരനൂറ്റാണ്ടിനു ശേഷം തിരിച്ചെത്തൂ.