കൊളംബോ ∙ കനത്ത നാശം വിതച്ചു ശ്രീലങ്കയിലുണ്ടായ പേമാരിയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 150 ആയി. പ്രകൃതിക്ഷോഭത്തിൽ പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനവും മാറ്റി പാർപ്പിച്ചവർക്കുള്ള സഹായ വിതരണവും നടന്നുവരുന്നു. രാജ്യാന്തര സഹായം അഭ്യർഥിച്ച ലങ്കയ്ക്കുള്ള ആദ്യസഹായം ഇന്ത്യയിൽ നിന്നായിരുന്നു.
അടിയന്തരാവശ്യത്തിനുള്ള മരുന്നും ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളുമായി നാവിക സേനയുടെ മൂന്നു കപ്പലുകളാണ് ഇന്ത്യ അയച്ചത്. ഇതിൽ ഒരെണ്ണം ശനിയാഴ്ചയും മറ്റൊന്ന് ഇന്നലെയും ലങ്കയിൽ എത്തി. മൂന്നാമത്തെ കപ്പൽ ഇന്ന് എത്തിയേക്കും.