സെന്റ് പീറ്റേഴ്സ്ബർഗ്∙ പാമ്പുകളെക്കുറിച്ചുള്ള യുട്യൂബ് വിഡിയോകളിലൂടെ ശ്രദ്ധേയനായ റഷ്യൻ യുവാവ്, ഓമനിച്ചു വളർത്തിയ സ്വന്തം പാമ്പിനെ കൊണ്ടു ദംശനമേൽപ്പിച്ചു ജീവനൊടുക്കി. അന്ത്യനിമിഷങ്ങൾ യുട്യൂബിലൂടെ തൽസമയം സംപ്രേഷണം ചെയ്തു. ഭാര്യയുമായി പിണങ്ങിയതാണ് ഈ കടുംകൈ ചെയ്യാൻ അർസ്‌ലൻ വാലീവിനെ (31) പ്രേരിപ്പിച്ചതെന്നു കരുതുന്നു.
എന്നാൽ, അർസ്‌ലൻ മനഃപൂർവം ചെയ്തതല്ലെന്നും അബദ്ധം പറ്റിയതാണെന്നും ചില സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു. മൃഗശാല മുൻ ജീവനക്കാരനായ അർസ്‌ലനും ഭാര്യ എക്തെറീന കാത്യയ്ക്കും റഷ്യയിൽ ഒട്ടേറെ ആരാധകരുണ്ട്. യുട്യൂബിലെ ഇവരുടെ ചാനൽ ആയിരങ്ങൾ കാണാറുണ്ട്. ഒട്ടേറെ പാമ്പുകളെയും കാട്ടുപൂച്ചകളെയും ഇവർ വീട്ടിൽ വളർത്തുന്നുമുണ്ട്.
ആഫ്രിക്കയിൽ കണ്ടുവരുന്ന കൊടുംവിഷമുള്ള ‘ബ്ലാക്ക് മാംബ’ ഇനത്തിൽപെട്ട പാമ്പാണു സംരക്ഷകന്റെ ജീവനെടുത്തത്. അർസ്‌ലനെ പാമ്പു കടിക്കുന്നതു ക്യാമറയിൽ കാണാനില്ല. എന്നാൽ, കടിയേറ്റ നിമിഷത്തെ അപ്രതീക്ഷിത ശബ്ദം കേൾക്കാം. പിന്നീടു വിരലിലേറ്റ മുറിപ്പാട് അർസ്‌ലൻ പ്രേക്ഷകരെ കാണിക്കുന്നുമുണ്ട്. അസ്വസ്ഥതയോടെ ശ്വാസം വലിക്കുന്നതും കണ്ണുകൾ പിന്നിലേക്കു മറിയുന്നതും ഉൾപ്പെടെ അന്ത്യനിമിഷങ്ങളുടെ വെപ്രാളവും ലൈവായി.
ഒടുവിൽ വേച്ചുവേച്ചു ക്യാമറയിൽ നിന്നു പിന്നിലേക്കു പോകുന്നതും കാണാം. തൽസമയം ഇതു കണ്ട പ്രേക്ഷകരിലൊരാൾ പൊലീസിനെ അറിയിച്ചതോടെ ആംബുലൻസ് എത്തി വാലീവിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ മാസം യുവാവു ഭാര്യയെ മർദിച്ചതിനെ തുടർന്ന് അവർ പിണങ്ങിപ്പോയിരുന്നു. വിവാഹമോചനത്തിനു കേസ് കൊടുക്കുകയും ചെയ്തു. ഭാര്യയോടു ക്ഷമ പറഞ്ഞ അർസ്‌ലൻ, ഏറ്റവും അരുമയായ പാമ്പിനെ ഉപയോഗിച്ചു പ്രത്യേക ഷോ അടുത്ത ദിവസമുണ്ടെന്നു പ്രേക്ഷകരെ അറിയിച്ചിരുന്നു.