ബർലിൻ∙ യൂറോപ്പിലെ പ്രഭാതങ്ങളിൽ ഇനി പതിവിലും നേരത്തേ വെട്ടം വീഴും; സന്ധ്യകൾ കുറച്ചുകൂടി നേരത്തേയാകും. ഇന്നു പുലർച്ചെ മൂന്നുമണി രണ്ടാക്കി മാറ്റി, ശൈത്യകാല സമയമാറ്റത്തിനു തുടക്കംകുറിച്ചു.
ഒക്ടോബറിലെ അവസാന ഞായറാഴ്ച വാച്ചുകളും ക്ലോക്കുകളും ഒരു മണിക്കൂർ പിന്നിലേക്കാക്കിയാണു യൂറോപ്പിൽ ശൈത്യസമയം ക്രമീകരിക്കുന്നത്. രാത്രി ജോലിക്കാർ ഒരു മണിക്കൂർ കൂടുതൽ ജോലിയെടുക്കണം. അടുത്ത മാർച്ചിലെ അവസാനത്തെ ഞായറാഴ്ചയാണു ശൈത്യകാലസമയം അവസാനിക്കുന്നത്. അന്നു പുലർച്ചെ രണ്ടുമണി മൂന്നാക്കി മാറ്റുന്നതോടെ വേനൽസമയത്തിനു തുടക്കമാകും.
ശൈത്യസമയമെന്ന ആശയം യൂറോപ്പിൽ വിമർശിക്കപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ പഠന റിപ്പോർട്ട് ഉടൻ പുറത്തുവരും. സമയമാറ്റം തുടരണമോയെന്നത് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും.