കാറ്റലോണിയ: സ്വാതന്ത്ര്യം ജയിച്ചു; ഭരണം തിരിച്ചു പിടിക്കാൻ കാറ്റലോണിയയിലെ പഴയ സർക്കാർ

കാർലസ് പുജമോണ്ട്

ബാർസിലോന∙ സ്പെയിനിലെ കേന്ദ്രസർക്കാർ പിരിച്ചുവിട്ട കാറ്റലോണിയയിലെ പ്രാദേശിക ഭരണനേതൃത്വത്തിന്റെ തിരിച്ചുവരവിനു കളമൊരുക്കി തിരഞ്ഞെടുപ്പു ഫലം. കാറ്റലോണിയയുടെ സ്വാതന്ത്യമോഹത്തെ അടിച്ചമർത്തിയ സ്പെയിൻ പ്രസിഡന്റ് മരിയാനോ രജോയിക്കും അദ്ദേഹത്തെ പിന്താങ്ങുന്ന യൂറോപ്യൻ യൂണിയനും ഫലം കനത്ത തിരിച്ചടിയായി. 135 അംഗ സഭയിൽ സ്വാതന്ത്ര്യവാദി പാർട്ടികൾക്ക് 70 സീറ്റുകൾ ലഭിച്ചു. കാറ്റലോണിയ മുൻ പ്രസിഡന്റ് കാർലസ് പുജമോണ്ടിന്റെ ‘ടുഗദർ ഫോർ കാറ്റലോണിയ’ പാർട്ടിക്കു 34 സീറ്റു ലഭിച്ചു. കാറ്റലോണിയ സ്വാതന്ത്ര്യത്തിനു വാദിക്കുന്ന മറ്റു രണ്ടു പാർട്ടികളും കൂടി ചേർന്നു കേവലഭൂരിപക്ഷം നേടി.

പുജമോണ്ടിന്റെ എതിരാളിയായി മൽസരിച്ച ഇനെസ് അരിമഡാസിന്റെ സിറ്റിസൺസ് പാർട്ടി 37 സീറ്റോടെ ചരിത്രവിജയം നേടി. സ്പെയിൻ പ്രധാനമന്ത്രി രജോയിയുടെ പാർട്ടിക്കു കിട്ടിയതു വെറും മൂന്നു സീറ്റ്. 80% പോളിങ് നടന്നതു കാറ്റലോണിയയിൽ റെക്കോർഡാണ്. സ്വാതന്ത്ര്യാനുകൂലികളായ പാർട്ടികൾ ബാർസിലോനയിൽ ആഹ്ലാദറാലി നടത്തി. അതിസമ്പന്ന മേഖലയായ കാറ്റലോണിയയിലെ തിരഞ്ഞെടുപ്പു ഫലം സ്പെയിൻ ഓഹരി വിപണിയിലും ബാങ്കിങ് രംഗത്തും ഇടിവുണ്ടാക്കി. യൂറോ മൂല്യവും ഇടിഞ്ഞു. 

സ്പെയിൻ ചോദിച്ചുവാങ്ങിയ വിധി

രാഷ്ട്രീയ പ്രതിസന്ധി നീക്കി സമാധാനവും വ്യവസ്ഥയും തിരിച്ചുകൊണ്ടുവരാനെന്ന പേരിലാണു സ്പെയിൻ പ്രസിഡന്റ് മരിയാനോ രജോയ് കാറ്റലോണിയയിലെ പ്രാദേശിക ഭരണകൂടത്തെ പിരിച്ചുവിട്ടതും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതും. ആ തീരുമാനം വൻഅബദ്ധമായിപ്പോയെന്നാണു സ്വാതന്ത്ര്യവാദികളുടെ വിജയം തെളിയിക്കുന്നത്. ഗ്രീസിലും ബ്രിട്ടനിലും ഇറ്റലിയിലും മോശം തീരുമാനമെടുത്ത നേതാക്കൾക്കു പിണഞ്ഞ അതേ അബദ്ധത്തോടാണു കാറ്റലോണിയ തിരഞ്ഞെടുപ്പു ഫലവും താരതമ്യം ചെയ്യപ്പെടുന്നത്. കാറ്റലോണിയ തിരഞ്ഞെടുപ്പു ഫലം ഇപ്പോഴത്തെ പ്രശ്നങ്ങൾക്കൊന്നും പരിഹാരമുണ്ടാക്കാത്ത സ്ഥിതിക്ക് അടുത്ത വർഷം പുതിയ തിരഞ്ഞെടുപ്പു നടന്നേക്കുമെന്നും സൂചനയുണ്ട്. 

‘തിരിച്ചുവരാൻ’ പുജമോണ്ട്

ഒക്ടോബറിൽ ഹിതപരിശോധനയ്ക്കു ശേഷം സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയയുടെ ഭരണം സ്പെയിൻ ഏറ്റെടുത്തതു മുതൽ ബെൽജിയത്തിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണു മുൻ പ്രസിഡന്റ് കാർലസ് പുജമോണ്ട്. നാട്ടിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യുമെന്നു സ്പെയിൻ ഭീഷണി നിലനിൽക്കുന്നതിൽ പുജമോണ്ടിന്റെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ല. സഖ്യകക്ഷികൾക്കു കൂടി സമ്മതനായ ഒരാളെ പുജമോണ്ടിനു പകരം താൽക്കാലിക പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതും ടുഗദർ ഫോർ കാറ്റലോണിയ’ പാർട്ടിക്കു വെല്ലുവിളിയാകും.

∙ ‘ഒന്നുകിൽ സ്പെയിൻ പ്രധാനമന്ത്രി തന്ത്രങ്ങൾ മാറ്റും അല്ലെങ്കിൽ ഞങ്ങൾ നാടിനെ മാറ്റും. ‌ഞങ്ങൾ തിരിച്ചുവരവിന്റെ സന്തതികൾ’– കാർലസ് പുജമോണ്ട് (കാറ്റലോണിയ മു‍ൻ പ്രസിഡന്റ്)