ഈജിപ്തിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ഭീകരാക്രമണം; 10 മരണം

ദക്ഷിണ കയ്റോയിൽ ആക്രമിക്കപ്പെട്ട പള്ളിക്കു മുൻപിൽ വൈദികൻ ഡേവിഡും വിശ്വാസികളും.

കയ്റോ ∙ ഈജിപ്തിലെ ദക്ഷിണ കയ്റോയിൽ കോപ്റ്റിക് ക്രിസ്ത്യൻ പള്ളിക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സ്ത്രീകളുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. എട്ടുപേർക്കു പരുക്കേറ്റു. മോട്ടോർ ബൈക്കിലെത്തിയ രണ്ടു ഭീകരർ ഹെൽവാൻ മേഖലയിലെ മാർമിനാ പള്ളിയിൽ വന്നവർക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ഭീകരരിൽ ഒരാളെ പള്ളിക്കു കാവൽ നിന്ന പൊലീസുകാർ വെടിവച്ചുകൊന്നു. രണ്ടാമൻ പിടിയിലായി.

ജനുവരി ഏഴിനു ക്രിസ്മസ് ആഘോഷിക്കുന്ന കോപ്റ്റിക് ക്രിസ്ത്യാനികൾ അതിനുള്ള ഒരുക്കങ്ങൾ പള്ളിയിൽ നടത്തുമ്പോഴാണു വെടിവയ്പുണ്ടായത്. രാജ്യത്തു ന്യൂനപക്ഷമായ ക്രിസ്ത്യാനികളുടെ നേർക്ക് ഐഎസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ അടുത്ത കാലത്തു നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 100 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഡിസംബറിൽ കയ്റോയിലെ ഏറ്റവും വലിയ കോപ്റ്റിക് പള്ളിയിൽ നടത്തിയ സ്ഫോടനത്തിൽ 28 പേർ കൊല്ലപ്പെട്ടു.