Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈജിപ്തിൽ വീണ്ടും അൽ സിസി

al-sissy അൽ സിസി

കയ്റോ∙ ഈജിപ്തിന്റെ പ്രസിഡന്റ് പദത്തിൽ അബ്ദൽ ഫത്താ അൽ സിസി (63) തുടരും. മൂന്നു ദിവസങ്ങളിലായി നടന്ന വോട്ടെടുപ്പിൽ ആകെ വോട്ടിന്റെ 92% സ്വന്തമാക്കിയാണു നിലവിലെ പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി അധികാരം ഉറപ്പിച്ചത്. 2014ൽ 47% പോളിങ് നടന്നപ്പോൾ അൽ സിസിക്ക് 97% വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇത്തവണ പ്രാഥമിക കണക്കുകൾ പ്രകാരം 40% മാത്രമാണു പോളിങ്. ഔദ്യോഗിക ഫലപ്രഖ്യാപനം ഏപ്രിൽ രണ്ടിനു നടക്കും.

താരതമ്യേന അപ്രശസ്തനായ, ഗാഡ് പാർട്ടിയുടെ മേധാവി മൂസ മുസ്തഫ മൂസയായിരുന്നു അൽ സിസിയുടെ മുഖ്യഎതിരാളി. നാമനിർദേശപത്രിക സമർപ്പിച്ചിരുന്ന മറ്റു സ്ഥാനാർഥികളിൽ പലരും പത്രിക പിൻവലിക്കുകയും മറ്റുള്ളവരുടേതു തള്ളിപ്പോകുകയും ചെയ്തിരുന്നു. വോട്ടെടുപ്പ് പ്രഹസനമാണെന്ന പേരിൽ ബഹിഷ്കരണത്തിനു പ്രതിപക്ഷം ആഹ്വാനം ചെയ്തിരുന്നു. 5.9 കോടി വോട്ടർമാരിൽ രണ്ടരക്കോടിയിൽ താഴെ പേരാണു വോട്ടു ചെയ്തത്.

2013ൽ ഈജിപ്തിൽ ആദ്യമായി ജനാധിപത്യമാർഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയുടെ ഭരണം സൈന്യം അട്ടിമറിച്ചതു സിസിയുടെ നേതൃത്വത്തിലായിരുന്നു. തുടർന്ന്, 2014 ജൂണിലാണ് സിസി പ്രസിഡന്റായി അധികാരമേറ്റത്. നാലു വർഷമാണു പ്രസിഡന്റിന്റെ കാലാവധി.

വോട്ട് നിർബന്ധം; പിഴ ഭീഷണി

വോട്ടെടുപ്പ് ബഹിഷ്കരണ ആഹ്വാനവും പോളിങ് ശതമാനം കുറയുമെന്ന സൂചനയും മൂലം പരമാവധി ജനങ്ങളെ പോളിങ് ബൂത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു സർക്കാർ. വോട്ടു നിർബന്ധമാണെന്നും ചെയ്യാത്തവർക്ക് 30 ഡോളർ (ഏകദേശം 2000 രൂപ) പിഴ ചുമത്തുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. എന്നിട്ടും പോളിങ് ശതമാനം ഉയർന്നില്ല. ചില സ്ഥലങ്ങളിൽ വോട്ടർമാർക്ക് പണം നൽകിയതായും ഭക്ഷണം വിതരണം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.