പാം ബീച്ച് / വാഷിങ്ടന്‍∙ ഫ്ലോറിഡ സ്കൂളിലെ വെടിവയ്പിൽ 17 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ തോക്കുനയത്തിൽ പ്രസിഡന്റ് ട്രംപ് അയയുന്നതായി സൂചന. തോക്കു വാങ്ങാനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാനുള്ള നിയമത്തെക്കുറിച്ചാണു യുഎസ് പ്രസിഡന്റിന്റെ പുനരാലോചന. പശ്ചാത്തലം പരിശോധിച്ചതിനുശേഷം മാത്രം തോക്കു വാങ്ങാനും കൈവശം വയ്ക്കാനും അനുവദിക്കുന്ന ബില്ലിനെക്കുറിച്ചു റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോണിനുമായി ട്രംപ് ചർച്ച നടത്തിയതായി വൈറ്റ്‌ഹൗസ് വക്താവ് സാറ സാൻഡേഴ്സ് അറിയിച്ചു.
ഡമോക്രാറ്റിക് സെനറ്റർ ക്രിസ് മർഫി മുൻകയ്യെടുത്തുള്ളതാണു ബിൽ. തോക്കുലോബിയായ നാഷനൽ റൈഫിൾ അസോസിയേഷനിൽനിന്നു വൻതുക സംഭാവന സ്വീകരിച്ചിട്ടുള്ള ട്രംപ് തോക്കു കൈവശം വയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനായി വാദിച്ചു പലതവണ വിവാദത്തിൽപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, പ്രസിഡന്റ് വാരാന്ത്യം ചെലവഴിക്കുന്ന മാരലാഗോ എസ്റ്റേറ്റിലേക്കു മാധ്യമപ്രവർത്തകരെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറെ, കയ്യിൽ തോക്കു കണ്ടെത്തിയതിനെത്തുടർന്ന് അൽപനേരം തടഞ്ഞുവച്ചു.