വാഷിങ്ടൻ∙ ഇടനാഴികളിൽ വെടിയൊച്ചകൾ വേട്ടയാടുന്ന സ്കൂളിലേക്ക് ആ കുട്ടികളും അധ്യാപകരും തേങ്ങലോടെ തിരിച്ചെത്തി. ഫ്ലോറിഡയിലെ പാർക്‌ലൻഡിലുള്ള മാർജരി സ്റ്റോൺമൻ ഡഗ്ലസ് ഹൈസ്കൂൾ വീണ്ടും തുറന്നതു കൊല്ലപ്പെട്ടവർക്കുള്ള സ്മരണാഞ്ജലികളും ജീവിതം മുന്നോട്ടെന്ന നിശ്ചയദാർഢ്യവുമായി.
നോട്ട് ബുക്കുകൾ ചിതറിക്കിടക്കുന്ന ഡെസ്കുകളും ഫെബ്രുവരി 14ന്റെ താൾ മറിക്കാത്ത കലണ്ടറും വീണ്ടും കണ്ട ചില അധ്യാപകരും വിദ്യാർഥികളും അസ്വസ്ഥരായി.
തോക്കുമായെത്തിയ പൂർവവിദ്യാർഥിയുടെ വെടിയേറ്റു 17 പേരാണ് അന്നു മരിച്ചത്. സംഭവത്തിനു പിന്നാലെ, തോക്കുനിയന്ത്രണത്തിനു കർശന നിയമം കൊണ്ടുവരണമെന്ന ആവശ്യം വ്യാപകമായതോടെ അധ്യാപകർക്കു തോക്ക് നൽകുക എന്ന നിർദേശവുമായി ട്രംപ് രംഗത്തുവന്നത് വിവാദമായിരുന്നു.
ആവശ്യം വന്നാൽ തോക്കുപയോഗിക്കാൻ അധികാരപ്പെട്ടവർ സ്കൂളിലുണ്ടെന്ന ബോധം ആക്രമണസാധ്യത കുറയ്ക്കുമെന്നാണു ട്രംപിന്റെ വാദം. ട്രംപിന്റെ ആശയം സ്വാഗതം ചെയ്തു നാഷനൽ റൈഫിൾസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.