കഠ്മണ്ഡു∙ കൊടുംതണുപ്പിൽ, എവറസ്റ്റിന്റെ നെറുക തൊടാൻ കൊതിച്ച അലക്സ് ചികൊനിനെ ഇത്തവണയും കാലാവസ്ഥ തോൽപിച്ചു. കയറ്റം നിർത്തേണ്ടിവന്നതു കൊടുമുടി കീഴടക്കാൻ 900 മീറ്റർ ബാക്കിയുള്ളപ്പോൾ. ഓക്സിജൻ സിലണ്ടറിന്റെ സഹായമില്ലാതെ എവറസ്റ്റ് കയറാൻ പദ്ധതിയിട്ട സ്പെയിൻകാരനാണ് 7950 മീറ്റർ ഉയരത്തിൽ നാലാം ക്യാംപ് വരെയെത്തി ദൗത്യം അവസാനിപ്പിക്കേണ്ടിവന്നത്.
ശ്വാസം കിട്ടാതെ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണെന്നു ബോധ്യപ്പെട്ടതോടെ അലക്സും സംഘവും ബേസ് ക്യാംപിലേക്കു മടങ്ങി. മഞ്ഞുകാറ്റ് അടങ്ങുമെന്ന കാലാവസ്ഥാ പ്രവചനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുമ്പോഴാണു മണിക്കൂറിൽ നൂറു കിലോമീറ്ററിൽ വേഗത്തിൽ കാറ്റെത്തിയത്. പാക്ക് പർവതാരോഹകൻ മുഹമ്മദ് അലി സദ്‌പരയും സംഘത്തിലുണ്ടായിരുന്നു. എവറസ്റ്റിന്റെ മുകളറ്റം എത്തുമ്പോൾ മൈനസ് 40 സെൽഷ്യസിനും താഴെയാണു തണുപ്പ്. കാലാവസ്ഥ അനുകൂലവും കയറ്റം സുരക്ഷിതവുമായ ഏപ്രിൽ–മേയ് മാസങ്ങളിലാണു പർവതാരോഹകരേറെയും എവറസ്റ്റിലെത്തുന്നത്. ശൈത്യം തിരഞ്ഞെടുക്കുന്നത് അലക്സ് ചികൊനിനെപ്പോലെ അപൂർവം പേർ മാത്രം. 2016ൽ സദ്‌പരയും ചികൊനും ചേർന്നു പാക്കിസ്ഥാനിലെ നംഗ പർവതം ഓക്സിജൻ സിലണ്ടറിന്റെ സഹായമില്ലാതെ കീഴടക്കി ചരിത്രം സൃഷ്ടിച്ചതാണ്.
ആദ്യം ആങ്ക് റിത
ആങ്ക് റിത (Ang Rita) എന്ന ഷെർപയാണ് ഏറ്റവും അവസാനമായി ശൈത്യകാലത്ത് ഓക്സിജൻ സിലണ്ടർ സഹായമില്ലാതെ എവറസ്റ്റ് നെറുകയിലെത്തിയത്. 1987 ഡിസംബർ 22ന് ആയിരുന്നു ഈ നേട്ടം. ഓക്സിജൻ സിലണ്ടറുകളില്ലാതെ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ റെക്കോർഡും ഇദ്ദേഹത്തിന്റെ പേരിലാണ് – പത്തു തവണ. ‘ഹിമപ്പുലി’ (snow leopard) എന്ന പേരിൽ അറിയപ്പെടുന്ന റിത നേപ്പാൾ സ്വദേശിയാണ്.