കയ്റോ∙ ഈജിപ്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്നുദിവസത്തെ വോട്ടെടുപ്പിനു തുടക്കമായി. നാളെവരെയാണു വോട്ടെടുപ്പ്. നിലവിലെ പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി വീണ്ടും തിരഞ്ഞെടുക്കപ്പെടാനാണു സാധ്യത. അധികമാരുമറിയാത്ത ഗാഡ് പാർട്ടിയുടെ മേധാവി മൂസ മുസ്തഫ മൂസയാണ് എതിരാളി. ഏപ്രിൽ രണ്ടിനു ഫലം പ്രഖ്യാപിക്കും. 2013ൽ ഈജിപ്തിൽ ആദ്യമായി ജനാധിപത്യമാർഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയുടെ ഭരണം സൈന്യം അട്ടിമറിച്ചതു സിസിയുടെ നേതൃത്വത്തിലായിരുന്നു. 2014 ജൂൺ എട്ടിനാണു സിസി പ്രസിഡന്റായി അധികാരമേറ്റത്. നാലുവർഷമാണു പ്രസിഡന്റിന്റെ കാലാവധി.