ഓർമകൾ ഉള്ളുലച്ചു; പാക്കിസ്ഥാനിലെത്തി മലാല കരഞ്ഞു

പാക്ക് പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസിക്കൊപ്പം (ഇടത്തുനിന്ന് രണ്ടാമത്) മലാലയും മാതാപിതാക്കളും.

ഇസ്‌ലാമാബാദ്∙ പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിനു വേണ്ടി പരസ്യ നിലപാടെടുത്തതിനു ഭീകരരുടെ വെടിയേല്‍ക്കേണ്ടിവന്ന മലാല യൂസഫ്‌സായി സ്വരാജ്യത്തു തിരിച്ചെത്തി. ആറുവർഷത്തിനുശേഷം ഇതാദ്യമായി പാക്കിസ്ഥാനിൽ തിരിച്ചെത്തുമ്പോൾ ഹൃദയഭാരത്താല്‍ സമാധാന നൊബേല്‍ ജേതാവ് വിതുമ്പിക്കരഞ്ഞു.

അഞ്ചുവര്‍ഷം മുന്‍പു പതിനഞ്ചാം വയസ്സിൽ പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ മേഖലയായ സ്വാത്‌ താഴ്‌വരയിലെ സ്കൂളിനു മുന്നിലാണു മലാലയുടെ തലയ്ക്കു വെടിയേറ്റത്. ‘എന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ദിനമാണിത്. എനിക്കിപ്പോഴും ഇതു വിശ്വസിക്കാനാവുന്നില്ല,’ കണ്ണീരു തുടച്ചുകൊണ്ടു മലാല പറഞ്ഞു. ‘സാധാരണ ഞാൻ കരയാറില്ല. എനിക്ക് 20 വയസ്സേയുള്ളൂ. പക്ഷേ, എന്റെ ജീവിതത്തിൽ ഞാൻ ഒരുപാടു കണ്ടിരിക്കുന്നു,’– പാക്ക് പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസിയെ സന്ദർശിച്ചശേഷം മലാല പറഞ്ഞു. പാക്ക് ദേശീയ ടിവിയിലൂടെ മലാല ചെറിയ പ്രസംഗവും നടത്തി.

പാക്കിസ്ഥാനില്‍ നാലുദിവസം തങ്ങും. സുരക്ഷാകാരണങ്ങളാൽ ജന്മനാടായ സ്വാത് സന്ദർശിക്കാനിടയില്ല. സ്വാത് മേഖലയിൽ 2007ൽ താലിബാൻ ഭീകരർ പിടിമുറുക്കിയപ്പോൾ ബിബിസിയുടെ ഉർദു ചാനലിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വാദിച്ച് എഴുതിയ ബ്ലോഗാണു മലാലയെ ഭീകരരുടെ നോട്ടപ്പുള്ളിയാക്കിയത്. 2012ല്‍ വെടിയേറ്റശേഷം വിദഗ്ധചികില്‍സയ്ക്കായി ലണ്ടനിലേക്കു കൊണ്ടുപോകുകയായിരുന്നു. പിന്നീടു മലാലയും കുടുംബവും ബ്രിട്ടനിലേക്കു കുടിയേറി. ഇപ്പോൾ ഓക്‌സ്ഫഡ് സർവകലാശാലാ വിദ്യാർഥിയായ മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പ്രവർത്തനങ്ങൾക്കായി പിതാവ് സിയാവുദ്ദിനൊപ്പം സജീവമാണ്.

സ്വാതിൽ ഈയിടെ പെൺപള്ളിക്കൂടം തുടങ്ങിയിരുന്നു. 2014ൽ ആണു കൈലാഷ് സത്യാര്‍ഥിക്കൊപ്പം നൊബേല്‍ പുരസ്കാരം ലഭിച്ചത്.