ക്യൂബയിൽ കാസ്ട്രോ യുഗത്തിന് വിരാമം; പുതിയ പ്രസിഡന്റ് ഇന്ന്

ഫിദൽ കാസ്ട്രോയും സഹോദരൻ റൗൾ കാസ്ട്രോയും.

ഹവാന∙ കാസ്ട്രോ എന്ന രണ്ടാം പേരില്ലാത്ത ഒരാൾ അറുപതു വർഷത്തിനുശേഷം ക്യൂബയുടെ ഭരണനേതൃത്വത്തിലേക്ക്. എൺപത്തിയാറുകാരനായ റൗൾ കാസ്ട്രോയുടെ പിൻഗാമിയെ നാഷനൽ അസംബ്ലി ഇന്നു തിരഞ്ഞെടുക്കും.

1959ലെ ക്യൂബൻ വിപ്ലവം നയിച്ച ഇതിഹാസ നേതാക്കൾ മാത്രം പിന്നീടു ഭരിച്ച രാജ്യത്ത്, വിപ്ലവത്തിനുശേഷം ജനിച്ചയാൾ ചുതമലയേറ്റെടുക്കുന്നു എന്നതാണു പ്രത്യേകത. പുതിയ പ്രസിഡന്റിന്റെ പേരു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒന്നാം വൈസ് പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കാനലിനാണ് (57) എല്ലാ സാധ്യതകളും.

റൗളിന്റെ മകൾ നാഷനൽ അസംബ്ലി അംഗം മരിയേലയോ, രഹസ്യാന്വേഷണ വിഭാഗത്തിൽ കേണലായ മകൻ അലിജാൻഡ്രോയോ എന്നിവരും പിൻഗാമിയാകാൻ സാധ്യതയുണ്ടെന്നു മുൻപു റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ആ സാധ്യത ഇപ്പോഴില്ല.

49 വർഷം ക്യൂബയെ നയിച്ച ഇതിഹാസ നായകൻ ഫിദൽ കാസ്ട്രോയ്ക്കും 10 വർഷം ഭരിച്ച സഹോദരൻ റൗൾ കാസ്ട്രോയ്ക്കു ശേഷമെത്തുന്ന മിഗ്വേൽ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃനിരയിൽ താരതമ്യേന ചെറുപ്പക്കാരനാണ്. 2013ലാണു വൈസ് പ്രസിഡന്റായി ചുമതലയേറ്റത്.

ക്യൂബൻ ഏകാധിപതി ഫുൽജെൻഷ്യോ ബാറ്റിസ്റ്റയ്ക്കെതിരെ ഫിദലിന്റെ നേതൃത്വത്തിൽ വർഷങ്ങൾ നീണ്ട സായുധ പോരാട്ടങ്ങൾക്കൊടുവിലാണു ക്യൂബയിൽ ജനകീയ ഭരണകൂടം വരുന്നത്. ബാറ്റിസ്റ്റയുടെ പതനശേഷം 1959ൽ അധികാരത്തിലെത്തുമ്പോൾ 32കാരനായ ഫിദൽ ലാറ്റിനമേരിക്കയിലെ ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരിയായിരുന്നു. ആറുവട്ടം ക്യൂബൻ പ്രസിഡന്റായി.

രോഗാധിക്യത്തെത്തുടർന്ന് 2008 ഫെബ്രുവരിയിൽ സഹോദരൻ റൗളിനു ഭരണം കൈമാറി സ്ഥാനമൊഴിയുകയായിരുന്നു. 2016 നവംബറിൽ വിടവാങ്ങി. അടുത്തവർഷം നാഷനൽ അസംബ്ലി ചേരുമ്പോൾ താൻ സ്ഥാനമൊഴിയുമെന്നു കഴിഞ്ഞവർഷം തന്നെ റൗൾ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയിൽ കാലാവധി അവസാനിച്ചെങ്കിലും രണ്ടുമാസം കൂടി നീട്ടി നൽകുകയായിരുന്നു.

റൗൾ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറുമെങ്കിലും പാർട്ടി ഫസ്റ്റ് സെക്രട്ടറി എന്ന നിലയിൽ രാജ്യത്തെ ശക്തികേന്ദ്രമായി തുടരും. സ്ഥാനമൊഴിഞ്ഞാലും റൗൾ തന്നെയാകും ഏറ്റവും ജനകീയനായ നേതാവ്. സഹോദരൻ ഫിദലിനെ അടക്കംചെയ്ത നഗരമായ സാന്തിയാഗോയിലാകും റൗളിന്റെയും വിശ്രമജീവിതം.

ഭരണനേതൃത്വത്തിൽ കാസ്ട്രോയുടെ പേരുണ്ടാകില്ലെങ്കിലും കാസ്ട്രോ ചിന്തകളും ആശയസംഹിതകളുമാകും പുതിയ സർക്കാരിനെ നയിക്കുക എന്നാണു ജനങ്ങളുടെ പ്രതീക്ഷ.

ക്യൂബ

∙ 1953 ജൂലൈ 26: ക്യൂബൻ ഏകാധിപതി ഫുൾജെൻസിയോ ബാറ്റിസ്റ്റെക്കെതിരായി സായുധ സമരത്തിനു തുടക്കം.

∙ 1958 ഡിസംബർ 31: ഫിദൽ കാസ്‌ട്രോയുടെയും ചെ ഗവാരയുടെയും നേതൃത്വത്തിൽ കമ്യൂണിസ്‌റ്റ് വിപ്ലവകാരികൾ ബാറ്റിസ്‌റ്റയെ അട്ടിമറിച്ചു ഭരണം പിടിച്ചു.

∙ 1959 ഫെബ്രുവരി 16: ഫിദൽ കാസ്‌ട്രോ ക്യൂബയുടെ പ്രധാനമന്ത്രി.

∙ 1976 ഡിസംബർ രണ്ട്: ഫിദൽ കാസ്‌ട്രോ ക്യൂബയുടെ പ്രസിഡന്റായി.

∙ 2008 ഫെബ്രുവരി 19: പ്രസിഡന്റ് സ്ഥാനത്തു നിന്നു ഫിദൽ കാസ്ട്രോ രാജിവച്ചു.

∙ 2008 ഫെബ്രുവരി 24: സഹോദരൻ റൗൾ കാസ്ട്രോ ക്യൂബയുടെ പുതിയ പ്രസിഡന്റ്.

∙ 2011 ഏപ്രിൽ 19: ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി പദവിയിൽ നിന്നു ഫിദൽ കാസ്ട്രോ ഒഴിഞ്ഞു.

∙ 2016 നവംബർ 25: ഫിദൽ കാസ്ട്രോ അന്തരിച്ചു.

∙ 2018 ഏപ്രിൽ 18: റൗൾ കാസ്ട്രോ പടിയിറങ്ങുന്നു. പുതിയ പ്രസിഡന്റ്.