കാസ്ട്രോ യുഗത്തിന് ഔപചാരിക പരിസമാപ്തി കുറിച്ച് പ്രസിഡന്റ് പദവിയില്‍ റൗള്‍ കാസ്ട്രോയുടെ പിന്‍ഗാമിയായി വൈസ് പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനൽ അധികാരമേൽക്കാൻ അരങ്ങൊരുങ്ങിയതോടെ ക്യൂബയെ ജനാധിപത്യത്തോടു ചേർത്തുള്ള വാചകങ്ങൾ വീണ്ടും മാധ്യമങ്ങളിൽ ഇടം നേടിത്തുടങ്ങി. അറുപത് വർഷം നീണ്ട കാസ്ട്രോ കുടുംബത്തിന്റെ ഭരണത്തിന് ക്യൂബ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ജനാധിപത്യത്തെ ക്യൂബയോട് ചേർക്കുന്ന ഈ പദസംഹിതകൾ പ്രത്യക്ഷപ്പെടുന്നത് യാദൃച്ഛികമല്ല താനും.
കമ്യൂണിസത്തിൽ ജനാധിപത്യമുണ്ടോ, കമ്യൂണിസ്റ്റ് പാർട്ടികളിൽ ജനാധിപത്യമുണ്ടോ എന്നീ ചോദ്യങ്ങൾ ഈ രണ്ടു പദങ്ങളും കേൾക്കാൻ തുടങ്ങിയ കാലംമുതൽ തർക്കവിഷയമാണ്. സമ്പൂർണ ജനാധിപത്യമാണു കമ്യൂണിസമെന്നു പാർട്ടിക്കാരും ജനഹിതത്തിന്റെ ശത്രുപക്ഷത്താണു പാർട്ടിയെന്ന് എതിരാളികളും സമർഥിക്കുന്നു.
ലോകവ്യാപകമായി കമ്യൂണിസ്റ്റ് പാർട്ടികൾ പിന്തുടരുന്ന സംഘടനാ രീതി ജനാധിപത്യസങ്കൽപങ്ങൾക്ക് അനുസൃതമല്ല എന്നുതന്നെയാണ് ചരിത്രം പഠിപ്പിക്കുന്നത്. വ്യാവസായികമായി മുന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ സമാധാനപരമായി, പാർലമെന്ററി രീതികളിലൂടെ സോഷ്യലിസത്തിലേക്കു മുന്നേറാൻ കഴിയുമെന്ന കാഴ്ചപ്പാടാണു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനംവരെ യൂറോപ്പിലെ പാർട്ടികൾക്കുണ്ടായിരുന്നത്.
എന്നാൽ ലക്ഷ്യം നേടുന്നതിനു വിപ്ലവം തൊഴിലാക്കിയ പാർട്ടിതന്നെ വേണമെന്നു സൈദ്ധാന്തികമായി സ്ഥാപിച്ചതും അതിന്റെ സംഘടനാരൂപം എന്തായിരിക്കണമെന്നു കണ്ടെത്തിയതും റഷ്യയിൽ ലെനിനാണ്. മുകളിൽ നിന്നു കെട്ടിപ്പടുക്കുന്ന, കേന്ദ്രീകരണത്തിന് ഊന്നൽ നൽകുന്ന ഒരൊറ്റ കമ്യൂണിസ്റ്റ് പാർട്ടിയെന്ന ലെനിനിസ്റ്റ് സംഘടനാരീതി പിന്തുടരുന്ന കാലത്തോളം ഒരു പാർട്ടിക്കും പാർട്ടിക്കുള്ളിലോ, അവർ പ്രവർത്തിക്കുന്ന സമൂഹത്തിലോ ജനാധിപത്യം നിലനിർത്താനാവില്ലെന്നതാണു യാഥാർഥ്യം.
ലോകത്തെ മിക്ക കമ്യൂണിസ്റ്റ് പാർട്ടികളും പല സന്ദർഭങ്ങളിൽ ജനാധിപത്യത്തെ പുൽകിയതായി വീമ്പുപറയാറുണ്ട്. എന്നാൽ അതൊക്കെ വെറുംവാക്കായിരുന്നുവെന്ന ചരിത്രപാഠവും നമുക്കു മുന്നിലുണ്ട്. ക്യൂബയിലെ സ്ഥിതിയും വ്യത്യസ്തമാവില്ല. ഫിദലിനു പകരം റൗൾ വന്നപ്പോഴും ഇപ്പോൾ മിഗ്വേല്‍ ഡയസ് കാനൽ ആ സ്ഥാനത്തെത്തുമ്പോഴും ക്യൂബ ജനാധിപത്യപാതയിൽ മുന്നേറിയെന്നു വിലയിരുത്തുന്നത് അസംബന്ധമാവും. മറ്റൊരു പാർട്ടിയെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത, എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന കമ്യൂണിസ്റ്റ് പാർട്ടിയും അതിനൊപ്പിച്ചുള്ള നിയമസംവിധാനങ്ങളും നിലനിൽക്കുന്ന കാലത്തോളം ക്യൂബ ഏകാധിപത്യരാജ്യമായി തുടരുകതന്നെ ചെയ്യും.