Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധം: പ്രമീള ജയപാൽ അറസ്റ്റിൽ

Pramila Jayapal യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ സമരം ചെയ്ത് അറസ്റ്റ് വരിക്കുന്ന പ്രമീള ജയപാൽ.

വാഷിങ്ടൻ ∙ അനധികൃത കുടിയേറ്റക്കാരോടു കർശന നിലപാടു സ്വീകരിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ ക്യാപ്പിറ്റോൾ ഹില്ലിൽ സ്ത്രീകളുടെ പ്രതിഷേധം. യുഎസ് ജനപ്രതിനിധി സഭാംഗമായ ആദ്യ ഇന്ത്യൻ വംശജയും മലയാളിയുമായ പ്രമീള ജയപാലും (52) 500 സ്ത്രീകളോടൊപ്പം അറസ്റ്റിലായി. ഹാർട്ട് സെനറ്റ് ഓഫിസ് കെട്ടിടത്തിനു മുന്നിൽ നിയമവിരുദ്ധ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് അറസ്റ്റ്. അറസ്റ്റിലായവരെ അൽപനേരത്തിനുശേഷം മോചിപ്പിച്ചു.

ഇന്നു നടക്കുന്ന പ്രതിഷേധപ്രകടനത്തിലും പങ്കെടുക്കുമെന്നു ഡെമോക്രാറ്റിക് പാർട്ടി അംഗമായ പ്രമീള ജയപാൽ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരുടെ രണ്ടായിരത്തോളം കുട്ടികളെ വേർപിരിച്ചു തടവിലാക്കിയ സംഭവത്തിൽ ലോകമെങ്ങും വൻപ്രതിഷേധമുയർന്നിരുന്നു. വേർപിരിക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കളെ തടവിൽ സന്ദർശിച്ച ആദ്യ യുഎസ് കോൺഗ്രസ് അംഗവും പ്രമീളയായിരുന്നു. യുഎസ് ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ അമേരിക്കൻ വനിതയായ പ്രമീള ജയപാൽ ഈ വർഷം ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. വാഷിങ്ടൻ സംസ്ഥാനത്തുനിന്നു 2016ൽ ആണു തിരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് ഈശ്വരമംഗലം മുടവൻകാട് പുത്തൻവീട്ടിൽ എം.പി.ജയപാലിന്റെയും എഴുത്തുകാരി മായ ജയപാലിന്റെയും മകളാണ്.

ഇതിനിടെ, മെക്സിക്കോ അതിർത്തിയിൽ അധികൃതർ നേരത്തേ വേർപിരിച്ച ബ്രസീൽകാരി അമ്മയും ഒൻപതു വയസ്സുള്ള മകനും യുഎസ് കോടതി വിധിയെ തുടർന്ന് ഇന്നലെ ഒന്നിച്ചു. മോചിതരായ കുട്ടിയുടെയും അമ്മയുടെയും ചിത്രങ്ങൾ യുഎസ് ചാനലുകൾ‌ സംപ്രേഷണം ചെയ്തു.