ഗുഹയിലെ കുട്ടികൾക്ക് നീന്തൽ പരിശീലനം

തായ്‌ലൻഡിലെ ഗുഹയ്ക്കുള്ളിൽ കഴിയുന്ന കുട്ടികൾ. റോയൽ തായ് നേവി ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽനിന്നുള്ള ചിത്രം.

ബാങ്കോക്ക് ∙ തായ്‍ലൻഡിലെ ഗുഹയിലകപ്പെട്ട 12 കുട്ടികൾക്കും അവരുടെ ഫുട്ബോൾ കോച്ചിനും നീന്തൽ പരിശീലനം നൽകിത്തുടങ്ങി. ഇവർക്കുള്ള നീന്തൽ വസ്ത്രങ്ങളുമായി 30 നീന്തൽ വിദഗ്ധർ, സൈനികർ, ഗുഹാവിദഗ്ധൻ എന്നിവരടങ്ങിയ സംഘം ഗുഹയ്ക്കുള്ളിലേക്കു പുറപ്പെട്ടിട്ടുണ്ട്.

ഗുഹാമുഖത്തുനിന്നു നാലുകിലോമീറ്റർ ഉള്ളിൽ പാറക്കെട്ടിൽ കഴിയുന്ന 13 പേരെയും രക്ഷിച്ചു പുറത്തുകൊണ്ടുവരണമെങ്കിൽ എല്ലാവരും മുങ്ങാംകുഴിയിടാനും നീന്താനും അറിഞ്ഞിരിക്കണം. ഗുഹയ്ക്കുള്ളിൽ ആഴത്തിൽ വെള്ളവും ചെളിയും നിറ‍ഞ്ഞിരിക്കുകയാണ്. ഗുഹാപാത ഇടുങ്ങിയതും കൊടുംവളവുകൾ നിറഞ്ഞതുമാണ്. നീന്തി പുറത്തെത്താൻ കഴിയുന്നില്ലെങ്കിൽ വെള്ളം താഴുന്നതു വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഇതിന് 3 – 4 മാസം സമയമെടുക്കും.

ഇത്രയും കാലത്തെ കാത്തിരിപ്പിനുള്ള ഭക്ഷണവും മറ്റും കരുതിയിട്ടുണ്ടെങ്കിലും അതിനു മുൻപേ കുട്ടികളെ പുറത്തെത്തിക്കാൻ കഴിയുമെന്നാണ് ഇന്നലെ രക്ഷാപ്രവർത്തകർ നൽകിയ സൂചന. കുട്ടികൾ ആരോഗ്യവാന്മാരായി തുടരുകയും നീന്തൽ പഠിക്കുകയും ചെയ്താൽ ഓരോരുത്തരെയായി പുറത്തെത്തിക്കാനാണു സാധ്യത. ചിലർക്കു നീന്തലറിയാം. അവരെയാകും ആദ്യം കൊണ്ടുവരിക.

ചൊവ്വാഴ്ച വരെ ഗുഹയ്ക്കുള്ളിൽനിന്നു 12 കോടി ലീറ്റർ വെള്ളം മോട്ടോർ ഉപയോഗിച്ചു പമ്പു ചെയ്തു പുറത്തുകളഞ്ഞിരുന്നു. വീണ്ടും മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ വെള്ളം പൂർണമായും പമ്പു ചെയ്തു കളയുക പ്രായോഗികമല്ലെന്നാണു രക്ഷാപ്രവർത്തകരുടെ വിലയിരുത്തൽ. ജൂൺ 23നു ഗുഹയ്ക്കുള്ളിൽ അകപ്പെട്ട കുട്ടികളെയും കോച്ചിനെയും പത്താംദിവസമാണു രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. നീന്തൽ വിദഗ്ധർ, ഡോക്ടർമാർ, മനഃശാസ്ത്ര കൗൺസലർമാർ, തായ് നാവികസേനാംഗങ്ങൾ എന്നിവർ ഇപ്പോൾ കുട്ടികൾക്കൊപ്പം ഗുഹയ്ക്കുള്ളിലുണ്ട്. ഭക്ഷണവും മരുന്നും കുട്ടികൾക്കു നൽകി. 

ഫുട്ബോൾ ജഴ്സിയിൽ ചിരിയോടെ കുട്ടികൾ

കുട്ടികളും കോച്ചും കുടുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് വൈദ്യുതി, ഇന്റർനെറ്റ് സൗകര്യങ്ങൾ എത്തിക്കുന്നതിനായി കേബിളുകൾ സ്ഥാപിക്കുന്നു.

ഗുഹയ്ക്കുള്ളിലെ കുട്ടികളുടെ പുതിയൊരു വിഡിയോയും ഇന്നലെ രക്ഷാപ്രവർത്തകർ പുറത്തേക്ക് അയച്ചു. ഈ വിഡിയോയിൽ കുട്ടികൾ സന്തുഷ്ടരായി കാണപ്പെടുന്നു. ഓരോ കുട്ടിയുടെയും മുഖത്ത് ടോർച്ച് അടിച്ച് അവരെക്കൊണ്ടു സംസാരിപ്പിക്കുന്നുണ്ട്. തായ് ആചാരപ്രകാരം തലകുനിച്ചു ‘വായ്’ (നമസ്കാരം) എന്നു കുട്ടികൾ പറയുന്നു. ഒരു കുട്ടി ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ ചുവന്ന ജഴ്സിയാണു ധരിച്ചിട്ടുള്ളത്. മറ്റൊരാൾ ഇംഗ്ലിഷ് ഫുട്ബോൾ ടീം ചെൽസിയുടെ നീല ജഴ്സിയും. കുട്ടികൾ പരസ്പരം തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്.

ഗുഹയ്ക്കു പുറത്തു കുട്ടികളുടെ കുടുംബാംഗങ്ങളും ആശ്വാസത്തിലാണ്. ഫീരാഫട് സോംപിയങ്ജയ് എന്ന കുട്ടിയുടെ കുടുംബം അവൻ പുറത്തുവന്നശേഷം പിറന്നാൾ ആഘോഷം നടത്താനിരിക്കുകയാണ്. ജൂൺ 23ന് ആയിരുന്നു അവന്റെ പതിനേഴാം പിറന്നാൾ. അന്നുവാങ്ങിയ കെയ്ക്ക് ഫ്രിഡ്ജിൽ ഇരിക്കുകയാണ്!