ന്യൂയോർക്ക്∙ ചൊവ്വയുടെ ദക്ഷിണധ്രുവത്തിലെ ഹിമമേഖലയിൽ തടാകത്തിന്റെ തെളിവുകൾ കണ്ടെത്തിയെന്നു ശാസ്ത്രജ്ഞർ. ഇറ്റാലിയൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ പ്രഫസർ റോബർട്ടോ ഓറോസിയുടെ നേതൃത്വത്തിലുള്ള സംഘമാണു കണ്ടെത്തൽ നടത്തിയത്. ചൊവ്വയുടെ ഉപരിതലത്തിലുള്ള ഹിമമേഖലയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്ന രീതിയിലാണ് 20 കിലോമീറ്റർ ചുറ്റളവുള്ള തടാകം.
ദ്രാവകാവസ്ഥയിലുള്ള ജലം ചൊവ്വയിൽ കണ്ടെത്തുന്നത് ഇതാദ്യമാണ്. ചൊവ്വയിൽ സൂക്ഷ്മജീവികളുടെ രൂപത്തിൽ ജീവനുണ്ടാകാമെന്ന വാദത്തിനു ബലമേറിയിരിക്കുകയാണ് ഇതോടെ. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മാഴ്സ് എക്സ്പ്രസ് സ്പേസ്ക്രാഫ്റ്റ് നടത്തിയ നിരീക്ഷണത്തിലാണു തടാകം പതിഞ്ഞത്. ചൊവ്വയിൽ ദ്രാവകരൂപത്തിൽ ജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളുണ്ടെന്നു വളരെക്കാലമായി അഭ്യൂഹം നിലനിൽക്കുന്നുണ്ട്.