ബ്രദർഹുഡ് നേതാക്കൾ ഉൾപ്പെടെ 75 പേർക്ക് ഈജിപ്തിൽ വധശിക്ഷ

മുഹമ്മദ് ബാദി, മഹ്‌മൂദ് അബു സെയ്‌ദ്

കയ്​റോ ∙ നിരോധിത സംഘടനയായ മുസ്‌ലിം ബ്രദർഹുഡിന്റെ ഉന്നത നേതാക്കൾ അടക്കം 75 പേരെ ഈജിപ്‌ത് കോടതി വധശിക്ഷയ്ക്കു വിധിച്ചു. സംഘടനയുടെ പരമോന്നത നേതാവ് മുഹമ്മദ് ബാദിക്കും മറ്റു 46 പേർക്കും ജീവപര്യന്തം തടവും വിധിച്ചു. 2013ൽ മുഹമ്മദ് മുർസിയെ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കിയതിനെതിരെ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണു ശിക്ഷ. ജൂലൈയിലെ പ്രാഥമിക വിധി ശരിവയ്ക്കുകയാണു കോടതി ചെയ്തത്. 

യുനെസ്‌കോ പുരസ്കാരം നേടിയ പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് മഹ്‌മൂദ് അബു സെയ്‌ദിനെ അഞ്ചുവർഷം തടവിനു ശിക്ഷിച്ചു. സെയ്‌ദി ഇതിനകം അഞ്ചുവർഷം ശിക്ഷ അനുഭവിച്ചതിനാൽ ഉടൻ മോചിതനായേക്കും. പ്രക്ഷോഭത്തിന്റെ ചിത്രങ്ങളെടുത്തതിനാണ് അറസ്റ്റിലായത്. 2012ൽ നടന്ന ആദ്യ സ്വതന്ത്ര പൊതുതിരഞ്ഞെടുപ്പിലൂടെയാണു മുർസി അധികാരത്തിലെത്തിയത്. 

ഒരുവർഷം കഴിഞ്ഞപ്പോൾ ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദ‌ൽ ഫത്താ സിസിയുടെ നേതൃത്വത്തിൽ സൈന്യം അദ്ദേഹത്തെ പുറത്താക്കി. തുടർന്നു തെരുവുപ്രക്ഷോഭകരും സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ 600 പേരെങ്കിലും കൊല്ലപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 739 പേരാണു വിചാരണ നേരിടുന്നത്.