വിൽമിങ്ടൻ (യുഎസ്)∙ ഫ്ലോറൻസ് ചുഴലിക്കാറ്റ് യുഎസ് തീരത്തേക്ക് ഇരച്ചെത്താൻ ഇനി മണിക്കൂറുകൾ മാത്രം. അമേരിക്കൻ സമയം ഇന്നു രാത്രി വൈകി അല്ലെങ്കിൽ നാളെ പുലർച്ചെ (ഇന്ത്യൻ സമയം വെള്ളിയാഴ്ച പകൽ) കാരലൈന തീരത്തെത്തുന്ന ഫ്ലോറൻസിന് നിലവിൽ മണിക്കൂറിൽ 225 കിലോമീറ്റർ വേഗമുണ്ട്. ഇതിനിയും കൂടിയേക്കാം. ഒപ്പം, ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പേമാരിയും പെയ്യാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. യുഎസിന്റെ കിഴക്കൻ തീരപ്രദേശത്തുനിന്ന് 15 ലക്ഷത്തോളം പേർക്ക് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പുകൾക്കും പ്രവചനങ്ങൾക്കും ചെവികൊടുക്കാതെ ഒട്ടേറെപ്പേർ വീടുകളിൽ തന്നെ തുടരുന്നു.
എന്നാൽ, മേഖലയിൽനിന്നു പലായനം ചെയ്യുന്ന ആയിരക്കണക്കിനു വാഹനങ്ങൾകൊണ്ടു റോഡുകൾ നിറഞ്ഞിരിക്കുകയാണ്. ഇതോടെ ഇന്ധനക്ഷാമവുമുണ്ട്. ‘മുൻപു കണ്ടിട്ടില്ലാത്തത്ര ഭീകരമായ കാറ്റും മഴയുമാണ് വരാനിരിക്കുന്നത്. കാത്തുനിൽക്കരുത്, ഒഴിഞ്ഞുപോവുക’ – നോർത്ത് കാരലൈന ഗവർൺ റോയ് കൂപ്പർ പറഞ്ഞു.
ഫ്ലോറൻസിനെ നേരിടാൻ യുഎസ് തയാറാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. നോർത്ത്, സൗത്ത് കാരലൈനകൾ, വിർജീനിയ എന്നീ സംസ്ഥാനങ്ങളിൽ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചുഴലിക്കാറ്റുകളുടെ തീവ്രത കുറിക്കുന്ന ഒന്നു മുതൽ അഞ്ചു വരെയുള്ള പട്ടികയിൽ നാലാം വിഭാഗത്തിലാണ് നിലവിൽ ഫ്ലോറൻസിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. കരയിലെത്തുമ്പോൾ മണിക്കൂറിൽ 253 കിലോമീറ്ററിലേറെ വേഗം കൈവരിച്ച് അഞ്ചാം കാറ്റഗറിയിലേക്കു മാറാം.