ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിൽ വെള്ളിയാഴ്ചയുണ്ടായ സൂനാമിയിൽ 384 മരണം. തെക്കൻ പ്രവിശ്യാ തലസ്ഥാനമായ പാലുവിലാണ് എല്ലാവരും മരിച്ചത്. 29 പേരെ കാണാതായതായാണ് ഔദ്യോഗികവിവരം. അതേസമയം, ബീച്ച് ഫെസ്റ്റിവലിനെത്തിയ നൂറുകണക്കിനുപേരെ കാണാതായതായും മരണസംഖ്യ ഉയർന്നേക്കുമെന്നും സൂചനയുണ്ട്. ഭൂചലനത്തെ തുടർന്നുണ്ടായ സൂനാമിയിൽ ആറടി വരെ ഉയരത്തിലാണു തിരയടിച്ചത്.
540 പേർക്കു പരുക്കേറ്റതായാണു പ്രാഥമിക കണക്ക്. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. പലരെയും ടെന്റുകളിലും തുറസ്സായ സ്ഥലത്തും കിടത്തിയാണു ചികിൽസ. നിരത്തിൽ മൃതദേഹങ്ങൾ നിരത്തിയിട്ടിരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നുമുണ്ട്. വെള്ളിയാഴ്ച രാവിലെ ആദ്യ ഭൂചലനം ഉണ്ടായപ്പോൾ സൂനാമി മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും അര മണിക്കൂറിനു േശഷം ഇതു പിൻവലിച്ചു. പിന്നാലെ സൂനാമി ആഞ്ഞടിക്കുകയും ചെയ്തു. പലരും ഒഴിഞ്ഞുപോകാതെ തീരത്തുതന്നെ തുടർന്നതായി ദുരന്തനിവാരണ ഏജൻസി വക്താവ് പറഞ്ഞു.
3.5 ലക്ഷമാണു പാലുവിലെ ജനസംഖ്യ. 16,700 പേരെ ഒഴിപ്പിച്ചിരുന്നു. ഒട്ടേറെ വീടുകളും കാറുകളും ഒഴുകിപ്പോയി. ഹോട്ടലുകൾ, ഷോപ്പിങ് മാൾ തുടങ്ങിയവ തകർന്നു. റോഡുകളും നഗരത്തിലെ പ്രധാന പാലവും തകർന്നതോടെ ഗതാഗതം നിലച്ചു. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ മുടങ്ങിക്കിടക്കുന്നതു രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമടക്കം എത്തിക്കാൻ കഴിയുന്നില്ല. വെള്ളിയാഴ്ച അടച്ച വിമാനത്താവളത്തിൽ, അവശ്യസാധനങ്ങളെത്തിക്കുന്ന വിമാനങ്ങൾക്കു മാത്രം ഇറങ്ങാൻ അനുമതി നൽകി.
300 കിലോമീറ്ററോളം തീരമേഖലയിൽ നാശനഷ്ടങ്ങളുണ്ട്. 3 ലക്ഷം ജനങ്ങളുള്ള സമീപ നഗരമായ ഡൊങ്കാലയിലെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വെള്ളിയാഴ്ച റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂചലനം ഓഗസ്റ്റിൽ മറ്റൊരു ദ്വീപായ ലോംബോക്കിലുണ്ടായതിനെക്കാൾ ശക്തമായിരുന്നു. അന്നു 387 പേരാണു മരിച്ചതെങ്കിലും ഇക്കുറി ഭൂചലനത്തിൽ ഒരു മരണമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. വെള്ളിയാഴ്ചയും ഇന്നലെയുമായി ഒട്ടേറെ തുടർചലനങ്ങളുമുണ്ടായി. പ്രകൃതിക്ഷോഭസാധ്യത ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്തൊനീഷ്യ.